Connect with us

Articles

ഫ്‌ളക്‌സിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Published

|

Last Updated

ദാമോദരേട്ടന്‍ കടലാസെടുത്ത് വായിച്ചു തുടങ്ങി:
രാവിലെ എട്ടിന് മീന്‍കാരന്റെ ഹോണടി.ഗേറ്റിന് പുറത്ത് കാത്തു നില്‍ക്കുക. അയാള്‍ പോയാല്‍ പിന്നെ ടൗണില്‍ പോയാലേ മീന്‍ കിട്ടൂ. ഒമ്പത് മണിക്ക് തുണിയെടുത്ത് വാഷിംഗ് മെഷീനിലിട്ടേക്കണം. വൈദ്യുതി മുടങ്ങിയാല്‍ സംഗതി കുഴയും. പിന്നെ കൈകൊണ്ട് അടിച്ചു പരത്തി എടുക്കാനുള്ള പാട് ഓര്‍ക്കണം. പത്ത് മണിക്കെങ്കിലും ഉച്ചഭക്ഷണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയാലേ ഒരു മണിക്ക് എല്ലാം ഒരുങ്ങിക്കിട്ടൂ.
ഇതിനിടയില്‍ മോട്ടോര്‍ അടിക്കാന്‍ മറക്കരുത്. ഉപ്പേരി, അവിയല്‍, പച്ചടി എന്നിവ നിര്‍ബന്ധമാണ്. ചിലപ്പോള്‍ രണ്ട് മൂന്ന് പേര്‍ കൂടുതലുണ്ടാകാം. മീന്‍ വറുത്തതും മുളകിട്ടതും വേണം. അല്ലെങ്കില്‍ കുറച്ചിലാണ്. എരിവ് കൂടിയാലും കുഴപ്പമില്ല. ഉണങ്ങാനിട്ട തുണികള്‍ മൂന്ന് മണിക്ക് തന്നെ എടുത്ത് വെക്കണേ. മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥക്കാര്യം.
വൈകുന്നേരത്തെ ചായക്ക് പിള്ളേരിങ്ങെത്തും. പരിപ്പ് വടയോ പഴംപൊരിയോ മതി. ചേട്ടാ ഒന്നും മറക്കല്ലേ. എന്തെങ്കിലും സംശയമുണ്ടേല്‍ വാട്‌സ് ആപ്പിലയച്ചാല്‍ മതി.
ഒരു കാര്യം മറന്നു. മിസ്ഡ് കോളിന്റെ കാലമല്ലേ, സമയാസമയം ഞാന്‍ മിസ്ഡ് കോളിടാം. തിരക്കാണെങ്കിലും നമ്മുടെയെല്ലാം നല്ല കാര്യത്തിനല്ലേ..
ദാമോദരേട്ടന് ഭാര്യയും പത്താം വാര്‍ഡിലെ സ്ഥാനാര്‍ഥിയുമായ സുശീല രാവിലെ എഴുതി വെച്ച നിര്‍ദേശങ്ങളാണ്. ഏഴ് മണിക്ക് സ്ഥാനാര്‍ഥി പോയി. എട്ടുമണിക്ക് കുട്ടികളും പോയി. വീട്ടില്‍ ഒരു വോട്ടര്‍ മാത്രം.
*******

മുഖത്ത് നാല് വെട്ട്. ഇടത് കവിളിന് താഴെ അര ഇഞ്ച് ആഴത്തില്‍ നാല് സെന്റീ മീറ്ററില്‍ രണ്ടെണ്ണം. വലത് കണ്ണിന് തൊട്ടുതാഴെ ഒരിഞ്ച് ആഴത്തിലും മൂന്നര സെന്റീമീറ്റര്‍ നീളത്തിലും ഒരെണ്ണം. വലത് ചെവിയോട് ചേര്‍ന്ന് രണ്ടേകാല്‍ ഇഞ്ച് ആഴത്തിലാണ് നാലാമത്തെ മുറിവ്. കത്തിയോ കൊടുവാളോ ഉപയോഗിച്ചാണ് അക്രമം. താടിയെല്ല് തകര്‍ന്നിട്ടുണ്ട്. നെഞ്ചില്‍ കല്ലേറില്‍ പരിക്ക്. ആറ് മുറിവുകളാണുള്ളത്. കരിങ്കല്ലാണ് ഉപയോഗിച്ചിരിക്കുന്നത്. നെറ്റി മുതല്‍ തലയുടെ ഭാഗം കാണാനില്ല. വെട്ടിമാറ്റിയിരിക്കുകയാണ്. ഇടത് കാലിനേറ്റ മുറിവ് സാരമുള്ളതല്ല. വലതു കാല്‍ കാണാനേയില്ല. മുറിച്ചുമാറ്റിയ നിലയിലാണ്…
തിങ്കളാഴ്ച മുക്കിലങ്ങാടിയില്‍ സ്ഥാപിച്ച സുശീല ചേച്ചിയുടെ ഫഌക്‌സ് ബോര്‍ഡിന്റെ പിറ്റേദിവസത്തെ സ്ഥിതിയാണിത്. ഫഌക്‌സിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്!
******
രാവിലെ സുശീല വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ദാമോദരേട്ടന്‍ പറഞ്ഞു.
ഇന്നെങ്കിലും നീ നേരത്തെ വരണേ. എല്ലാം കുഴഞ്ഞുമറിഞ്ഞിരിക്കുകയാ.
ചേട്ടാ ഇനി ഒരാഴ്ചത്തെ കാര്യമല്ലേയുള്ളൂ. അത് കഴിഞ്ഞാല്‍ വോട്ടായി, എണ്ണലായി, നാട് നീളെ സ്വീകരണമായി.
മകള് പത്താം ക്ലാസിലാണെന്ന കാര്യം മറക്കല്ലേ, ഭക്ഷണം ശരിയായിട്ട് കിട്ടാത്തതിനാല്‍ ഇളയവന്‍ ഈയിടെയായി നല്ല മൂഡിലല്ല.
അതൊക്കെ വേഗത്തില്‍ ശരിയാകും. ഏഴിന് വോട്ടെണ്ണുന്നതോടെ കഴിഞ്ഞു, എന്റെ ഓട്ടവും ചാട്ടവും.
നീ എന്താ യീ പറയുന്നത്? ജയിച്ചാല്‍ പിന്നെ വാര്‍ഡില്‍ നൂറുകൂട്ടം പണി കാണില്ലേ. ശ്വാസം കഴിക്കാന്‍ പോലും സമയം കാണില്ല.
ജയിച്ചാല്‍ പിന്നെ ഇടക്കൊന്ന് വാര്‍ഡില്‍ പോയാലായി. അത്ര തന്നെ. ഇനി അഞ്ച് വര്‍ഷം കഴിഞ്ഞേ ഈ തിരക്കുണ്ടാകൂ.
അപ്പോള്‍ ശരിക്കും അഞ്ച് വര്‍ഷം ഗ്യാരണ്ടി! മകള്‍ മൊബൈലില്‍ നിന്ന് മുഖമുയര്‍ത്തി പറഞ്ഞു.

Latest