Connect with us

Malappuram

പ്രതീക്ഷകള്‍ തകിടം മറിഞ്ഞപ്പോള്‍ തട്ടകംമാറി ബലപരീക്ഷണം

Published

|

Last Updated

തിരൂരങ്ങാടി: ത്രിതല പഞ്ചായത്തുകളുടെ വാര്‍ഡ് ക്രമീകരണത്തില്‍ പലരുടേയും പ്രതീക്ഷകള്‍ തകിടം മറിച്ച് വനിതാസംവരണവും പട്ടികജാതി സംവരണവുമായതോടെ കളംമാറ്റി മത്സരിക്കുന്നത് വ്യാപകമാണ്.
ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിച്ചവര്‍ താഴേകിടയിലേക്കും മറിച്ചും മത്സരിക്കുന്നത് കാണാം. നിലവിലെ ജില്ലാപഞ്ചായത്ത് അംഗം മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍പ്രസിഡന്റുമായ വി കെ സുബൈദ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലേക്ക് ലീഗ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. അതേ സമയം തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റും മൂന്നിയൂര്‍ പഞ്ചായത്ത് മുന്‍ അംഗവുമായ എന്‍ എം അന്‍വര്‍ സാദാത്ത് മൂന്നിയൂര്‍ പഞ്ചായത്തിലേക്ക് ഒമ്പതാം വാര്‍ഡിലേക്ക് മത്സരിക്കുന്നുണ്ട്. മൂന്നിയൂര്‍ പഞ്ചായത്തില്‍ നിന്നുള്ള ബ്ലോക്ക് ഡിവിഷനുകള്‍ മുഴുവനും വനിതാ സംവരണമായതാണ് അന്‍വര്‍ സാദാത്തിന് വിനയായത്. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ ഏക സ്വതന്ത്ര അംഗം കടവത്ത് മൊയ്തീന്‍കുട്ടി മൂന്നിയൂര്‍ പഞ്ചായത്തിലേക്ക് ഇടത് സ്വതന്ത്രയും ജനവിധി തേടുന്നു. എന്നാല്‍ മൂന്നിയൂര്‍ പഞ്ചായത്ത് അംഗവും മുന്‍പ്രസിഡന്റും വൈസ്പ്രസിഡന്റും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ ബക്കര്‍ ചെര്‍ന്നൂര്‍ ജില്ലാ പഞ്ചായത്തിലേക്ക് വെളിമുക്ക് ഡിവിഷനില്‍ നിന്ന് യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് അംഗവും തെന്നല പഞ്ചായത്ത് മുന്‍ പ്രസിന്റുമായ എം പി കുഞ്ഞിമൊയ്തീന്‍ എന്ന ആപ്പ തെന്നല പഞ്ചായത്തിലേക്ക് വീണ്ടും ലീഗ് സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നുണ്ട്. ഇദ്ദേഹത്തിന്റെ ബ്ലോക്ക് ഡിവിഷനും വനിതാസംവരണമായതാണ് കാരണം.
തെന്നല പഞ്ചായത്ത് പ്രസിഡന്റ് എം നഫീസയും വേങ്ങര ബ്ലോക്ക് പഞ്ചായത്തിലേക്ക് ലീഗ് സ്ഥാനാര്‍ഥിയായും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ടി പ്രീതാറാണി തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലേക്ക് കടലുണ്ടി നഗരത്തില്‍ നിന്ന് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായും മത്സരിക്കുന്നു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും ലീഗ് നേതാവുമായിരുന്ന യാക്കൂബ് കെ ആലുങ്ങല്‍ പരപ്പനങ്ങാടി നഗരസഭയിലേക്ക് ജനകീയ മുന്നണി സ്ഥാനാര്‍ഥിയായും തിരൂരങ്ങാടി ബ്ലോക്കിലെ നിലവിലെ പ്രസിഡന്റ് വി വി ജമീല പരപ്പനങ്ങാടി നഗരസഭയിലേക്ക് യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. തിരൂരങ്ങാടി ബ്ലോക്ക് മുന്‍പ്രസിഡന്റും ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ഉള്ളാട്ട് റസിയ തിരൂരങ്ങാടി നഗരസഭയിലേക്ക് യു ഡി എഫ് ടിക്കറ്റില്‍ മത്സരിക്കുന്നുണ്ട്.
വള്ളിക്കുന്ന് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ടി പ്രഭാകരന്‍ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലേക്ക് അരിയല്ലൂര്‍ ഡിവിഷനില്‍ നിന്ന് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ട്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ഥിയായിരുന്ന അഡ്വ. എന്‍ അരവിന്ദന്‍ തേഞ്ഞിപ്പലം പഞ്ചായത്ത് ഒന്നാംവാര്‍ഡില്‍ ബി ജെ പി സ്ഥാനാര്‍ഥിയാണ്. പൊന്നാനി ലോകസഭാ മണ്ഡലത്തില്‍ എന്‍ എച്ച് ആക്ഷന്‍ കൗണ്‍സില്‍ സ്ഥാനാര്‍ഥിയായിരുന്ന അബുല്ലൈസ് തേഞ്ഞിപ്പലം ജില്ലാപഞ്ചായത്തിലേക്ക് വെളിമുക്ക് ഡിവിഷനില്‍ നിന്ന് എല്‍ ഡി എഫ് ഐ എന്‍ എല്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ട്. നിലവിലെ ജില്ലാപഞ്ചായത്ത് അംഗം സി പി ജമീല ഈ തവണ ജില്ലാ പഞ്ചായത്തിലേക്ക് എടരിക്കോട് ഡിവിഷനില്‍ നിന്നാണ് യു ഡി എഫ് സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നത്. ഇവരുടെ സ്വദേശമായ നന്നമ്പ്ര ഈ തവണ പട്ടികജാതി സംവരണമായതിനാലാണ് തട്ടകം മാറിയത്.
നന്നമ്പ്രയില്‍ ദളിത് ലീഗ് നേതാവ് എ പി ഉണ്ണികൃഷ്ണനാണ് ലീഗ് സ്ഥാനാര്‍ഥി. തിരൂരങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് എം അബ്ദുറഹ്മാന്‍കുട്ടി പരപ്പനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലി ബാപ്പു എന്നിവര്‍ അവരവരുടെ നഗരസഭയിലേക്ക് മത്സരിക്കുമ്പോള്‍ ഏ ആര്‍ നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ മൊയ്തീന്‍കുട്ടി, മൂന്നിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, വി പി സൈതലവി, നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് കെ ടി സഫിയ എന്നിവര്‍ ഈ തവണ മത്സരരംഗത്തില്ല. തേഞ്ഞിപ്പലം പഞ്ചായത്ത് മുന്‍ അംഗവും വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റുമായിരുന്ന പി എം മുഹമ്മദലി ബാബു തേഞ്ഞിപ്പലത്ത് നിന്ന് ജില്ലാപഞ്ചായത്തിലേക്ക് ഡി സി സി സെക്രട്ടറി എ കെ അബ്ദുര്‍ഹ്മാനെതിരെ ലീഗ് റിബലായി മത്സരിക്കുന്നുണ്ട്.

Latest