Connect with us

Kerala

ബാര്‍കോഴക്കേസില്‍ തുടരന്വേഷണമാകാമെന്ന് വിജിലന്‍സ് കോടതി

Published

|

Last Updated

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ ധനമന്ത്രി കെ എം മാണിയെ കുറ്റവിമുക്തനാക്കുന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി. മാണി കോഴ വാങ്ങിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് വ്യക്തമാക്കിയ വിജിലന്‍സ് കോടതി, എസ് പി സുകേശന്റെ നേതൃത്വത്തില്‍ തുടരന്വേഷണം നടത്തണമെന്നും ഉത്തരവിട്ടു. മാണിയെ രക്ഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ വഴിവിട്ട ഇടപെടലുകള്‍ നടത്തിയെന്നും അന്വേഷണ ഉദ്യോഗസ്ഥനെ മറികടക്കാന്‍ ഡയറക്ടര്‍ക്ക് അധികാരമില്ലെന്നും കോടതി നിരീക്ഷിച്ചു. കേസ് അന്വേഷണത്തിനും തെളിവുകള്‍ ശേഖരിക്കാനും റിപ്പോര്‍ട്ട് തയ്യാറാക്കാനും എസ് പി സുകേശന്‍ ആത്മാര്‍ഥമായ ശ്രമം നടത്തിയെന്നും വിജിലന്‍സ് ജഡ്ജി ജോണ്‍ കെ ഇല്ലിക്കാടന്‍ വ്യക്തമാക്കി. എസ് പി സുകേശന്‍ നടത്തിയ അന്വേഷണം അടിസ്ഥാനമാക്കിയുള്ള വസ്തുതാവിവര റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പൂര്‍ണമായി ശരിവെക്കുന്നതാണ് കോടതി വിധി.
മാണിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, വി എസ് സുനില്‍കുമാര്‍ എം എല്‍ എ, ബിജു രമേശ് തുടങ്ങി പതിനൊന്ന് പേരുടെ ഹരജിയില്‍ വിശദമായ വാദം കേട്ട ശേഷമാണ് കോടതി ഉത്തരവ്.
അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടും സാക്ഷിമൊഴികളും പരിശോധിക്കുമ്പോള്‍ മാര്‍ച്ച് 22, ഏപ്രില്‍ രണ്ട് ദിവസങ്ങളില്‍ മാണിക്ക് പണം നല്‍കിയെന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് കോടതി വ്യക്തമാക്കി. അതിനാല്‍ മാണിക്കെതിരായ അരോപണത്തില്‍ പ്രഥമദൃഷ്ട്യാ കേസ് എടുക്കാമെന്നും കോടതി നിരീക്ഷിച്ചു. പല കാര്യങ്ങളിലും തുടരന്വേഷണത്തിന്റെ ആവശ്യമുണ്ട്. ഈ സാഹചര്യത്തില്‍ വിജിലന്‍സ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് തള്ളുകയാണ്. സ്വതന്ത്രമായ തുടരന്വേഷണം നടത്തി മാണിയെ വിചാരണ ചെയ്യാന്‍ തക്കവിധമുള്ള കേസ് ഉണ്ടോയെന്ന് കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി.
കേസ് രജിസ്റ്റര്‍ ചെയ്യാന്‍ മതിയായ തെളിവുകളില്ലെന്ന വിജിലന്‍സ് നിയമോപദേശകന്റെ നിലപാടിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ന്യായാധിപന്റെ ജോലി ചെയ്യാനുള്ള അവകാശമോ തെളിവുകളുടെ ശരിതെറ്റുകള്‍ പരിശോധിക്കേണ്ട അവകാശമോ അന്വേഷണ ഏജന്‍സിക്കില്ല. പ്രഥമദൃഷ്ട്യാ തെളിവുണ്ടെങ്കില്‍ കുറ്റപത്രം ഫയല്‍ ചെയ്യുക എന്നത് മാത്രമാണ് അന്വേഷണ ഏജന്‍സിയുടെ ഉത്തരവാദിത്വം. മാണി പണം ആവശ്യപ്പെട്ടതിനും സ്വീകരിച്ചതിനും നേരിട്ടുള്ള തെളിവുകളില്ലെന്ന വിജിലന്‍സിന്റെ വാദത്തെയും കോടതി ഖണ്ഡിക്കുന്നു. ഇതിന് സാഹചര്യത്തെളിവുകള്‍ മാത്രം മതി. 2014 ഏപ്രില്‍ രണ്ടിന് രാജ്കുമാര്‍ ഉണ്ണി കെ എം മാണിക്ക് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ ചെന്ന് പണം കൈമാറിയെന്ന് അന്വേഷണ ഉദ്യോഗസ്ഥന് ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളി മൊഴി നല്‍കിയിട്ടുമുണ്ട്. അമ്പിളി, ബിജു രമേശിന്റെ ഡ്രൈവര്‍ ആയതിനാല്‍ അദ്ദേഹത്തിന്റെ മൊഴി കാര്യമാക്കേണ്ട എന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ശക്തമായി വാദിച്ചത്.
എന്നാല്‍, സാക്ഷിയുടെ വിശ്വാസ്യത ഈ ഘട്ടത്തില്‍ വിലയിരുത്തേണ്ട ആവശ്യമില്ല. പ്രഥമദൃഷ്ട്യാ കേസ് ഉണ്ടോ എന്ന കാര്യം മാത്രം പരിശോധിച്ചാല്‍ മതി. നുണപരിശോധനാ ഫലം വിചാരണവേളയില്‍ കോടതിക്ക് തെളിവായി പരിഗണിക്കാന്‍ കഴിയില്ലെങ്കിലും മൊഴിയുടെ സത്യസന്ധത പരിശോധിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് നുണപരിശോധനയെ ആശ്രയിക്കാം. അമ്പിളിയുടെ നുണപരിശോധനയില്‍ മാണി 2014 ഏപ്രില്‍ രണ്ടിന് പത്ത് ലക്ഷം രൂപ രാജ്കുമാര്‍ ഉണ്ണിയില്‍ നിന്ന് വാങ്ങിയതായി വ്യക്തമാക്കുന്നുണ്ട്. അതിനാല്‍ ഇതു വിശ്വസിക്കാമെന്നാണ് കോടതിയുടെ അഭിപ്രായം.
2014 മാര്‍ച്ച് 22ന് പാലായിലെ വസതിയില്‍ വെച്ച് മാണിക്ക് ജോണ്‍ കല്ലാട്ട് പതിനഞ്ച് ലക്ഷം രൂപ കൈമാറിയെന്ന് ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ട്രഷറര്‍ ജേക്കബ് കുര്യന്റെ മൊഴിയും വ്യക്തമാക്കുന്നു. മാര്‍ച്ച് 31ന് മാണിക്ക് പണം നല്‍കിയെന്ന ആരോപണം തെളിയിക്കാന്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് വസ്തുതാ വിവര റിപ്പോര്‍ട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നുണ്ട്.
ബിജു രമേശിന്റെ ശബ്ദപരിശോധനാ റിപ്പോര്‍ട്ട് തയ്യാറാക്കിയത് വിദഗ്ധരെ കൊണ്ടല്ല. അതിനാല്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം വേണം. കേരള ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റികള്‍ ലീഗല്‍ ഫണ്ടെന്ന പേരില്‍ 2014 മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ ലക്ഷക്കണക്കിന് രൂപ പിരിച്ചതായി പറയുന്നുണ്ടെങ്കിലും ഇതിന്റെയൊന്നും രേഖകള്‍ കൃത്യമായി സൂക്ഷിച്ചിട്ടില്ല.
അതിനാല്‍ ലീഗല്‍ ഫണ്ടെന്ന നിലയില്‍ അസോസിയേഷന്‍ എത്ര തുക പിരിച്ചു എന്നത് സംബന്ധിച്ചു വിശദമായ അന്വേഷണം വേണം. ഈ പണം ബേങ്കില്‍ നിക്ഷേപിച്ചിട്ടില്ല. എത്ര തുക പിരിച്ചു എന്ന് കണ്ടെത്താതെ മാര്‍ച്ച് 31ന് മാണിക്ക് അമ്പത് ലക്ഷം രൂപ കൈമാറിയോ എന്നു കണ്ടെത്താനാകില്ലെന്നും കോടതി വ്യക്തമാക്കി.

Latest