Connect with us

Gulf

ലാവയുടെ പുതിയ സ്മാര്‍ട് ഫോണ്‍ വിപണിയില്‍

Published

|

Last Updated

ദുബൈ: പ്രമുഖ മൊബൈല്‍ നിര്‍മാതാക്കളായ ലാവ ഇന്റര്‍നാഷണലിന്റെ പുതിയ സ്മാര്‍ട് ഫോണ്‍ ദുബൈ വിപണിയിലെത്തി. ജി സി സി മേഖലയില്‍ ആദ്യമായാണ് ലാവയുടെ പുതിയ സ്മാര്‍ട്‌ഫോണായ ഐറിസ് എക്‌സ് 8 എസ് റിലീസ് ചെയ്യുന്നതെന്ന് മധ്യപൗരസ്ത്യ ദേശത്തിനായുള്ള കണ്‍ട്രി മാനേജര്‍ ബില്ലി ല്യുവോ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കമ്പനി വി 2 പ്ലസ് എന്ന പേരില്‍ ക്യാമറയോടുകൂടിയ സ്മാര്‍ട്‌ഫോണ്‍ 2005ന്റെ തുടക്കത്തില്‍ വിപണിയിലിറക്കിയിരുന്നു.
ഐറിസ് എക്‌സ് 8എസ് ലുലുവിന്റെ ജി സി സി മേഖലയിലെ ഔട്ട്‌ലെറ്റുകളിലൂടെ മാത്രമായിരിക്കും വില്‍പന. രണ്ട് സിമ്മുകള്‍ ഉപയോഗിക്കാവുന്ന മൊബൈലില്‍ എട്ട് ജി ബി റോമും ഒരു ജി ബി റാമുമുണ്ട്. ക്യാമറയും ജി പി എസും ഇല്ലെന്നതാണ് ഈ മോഡലിന്റെ പ്രത്യേകതയെന്നും അതീവ സുരക്ഷയുള്ള സൈനിക കേന്ദ്രങ്ങള്‍, എണ്ണക്കമ്പനികള്‍ തുടങ്ങിയ മേഖലകളില്‍ ഉപയോഗത്തിനായാണ് ഈ ഫോണ്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. 399 ദിര്‍ഹത്തിനാണ് ഫോണിന്റെ ചില്ലറ വില്‍പന. യു എ ഇയില്‍ മൊബൈല്‍ വില്‍പന രംഗത്ത് അഞ്ചാം സ്ഥാനത്തുള്ള കമ്പനിയാണ് ലാവ ഇന്റര്‍നാഷണല്‍. ഏഴ് മാസങ്ങള്‍ക്കിടയില്‍ മികച്ച പ്രതികരണമാണ് വി2 പ്ലസിന് ലഭിച്ചത്. അടുത്ത മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ യു എ ഇയിലെ ഏറ്റവും മികച്ച മൂന്ന് ബ്രാന്റുകളിലൊന്നായി മാറാനാണ് കമ്പനി ലക്ഷ്യം വെക്കുന്നത്. ഉത്പന്നത്തെ ജി സി സി മേഖലയില്‍ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി റോഡ് ഷോ സംഘടിപ്പിക്കും.
ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍, സഊദി അറേബ്യ എന്നിവിടങ്ങളിലായാണ് റോഡ്‌ഷോ നടക്കുക. ദുബൈയില്‍ ഇന്നു മുതല്‍ 31 വരെയും അബുദാബിയില്‍ നവംബര്‍ അഞ്ചു മുതല്‍ ഏഴുവരെയും മറ്റു മേഖലകളില്‍ നവംബര്‍ 12 മുതല്‍ 14 വരെയുമാണ് റോഡ് ഷോ സംഘടിപ്പിക്കുക. 16 ജി ബി റോമും 2 ജി ബി റാമും അഞ്ച് മെഗാ പിക്‌സല്‍ ഫ്രണ്ട് ക്യാമറയും 13 മെഗാ പിക്‌സല്‍ ബാക്ക് ക്യാമറയുമുള്ള സ്മാര്‍ട് ഫോണ്‍ വിപണിയിലുള്ള ഏത് മോഡലിനോടും മത്സരിക്കാന്‍ പറ്റുന്നതാണെന്നും ബില്ലി വ്യക്തമാക്കി.
2009ലാണ് ലാവ ഇന്റര്‍നാഷണല്‍ കമ്പനി സ്ഥാപിതമായത്. 2012ല്‍ ലോകത്തിലെ ആദ്യത്തെ ഇന്റല്‍ചിപ്പ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണ്‍ കമ്പനി വിപണിയിലെത്തിച്ചിരുന്നു. തെക്കന്‍ ഏഷ്യയിലെയും തെക്കു-കിഴക്കന്‍ ഏഷ്യയിലെയും കമ്പോളത്തിലെ പ്രധാനപ്പെട്ട സ്മാര്‍ട്‌ഫോണുകളിലുള്‍പെട്ടതാണ് ലാവയുടെ സ്മാര്‍ട് ഫോണുകള്‍. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 100 കോടി യു എസ് ഡോളര്‍ കടന്നതായും ബില്ലി ല്യുവോ വ്യക്തമാക്കി. കിസാര്‍ ഖാന്‍, സലീം, ജോണ്‍ ജോസഫ് പങ്കെടുത്തു.

---- facebook comment plugin here -----

Latest