Connect with us

Gulf

ഷാര്‍ജയിലും റാസല്‍ ഖൈമയിലും കനത്ത മഴ; ഗതാഗതം സ്തംഭിച്ചു

Published

|

Last Updated

ഷാര്‍ജ: ഷാര്‍ജയിലും റാസല്‍ ഖൈമയിലുമുണ്ടായ കനത്ത മഴയില്‍ ഗതാഗത സ്തംഭനമുണ്ടായി. ഇരു എമിറേറ്റുകളിലെയും വിവിധ ഭാഗങ്ങളിലാണ് ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടത്. വാദി അല്‍ ഹിലോയിലാണ് മഴയെത്തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചക്ക് ശേഷം ഗതാഗതം തടസപ്പെട്ടത്. വാദികള്‍ നിറഞ്ഞൊഴുകിയതാണ് വെള്ളപ്പൊക്കത്തിനും ഗതാഗതം തടസ്സപ്പെടാനും ഇടയാക്കിയതെന്ന് ഷാര്‍ജ നഗരസഭാധികൃതര്‍ വ്യക്തമാക്കി.
വാഹനം മഴവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. ഷാര്‍ജ പോലീസ് പട്രോള്‍സിന്റെ കണ്‍മുമ്പിലായിരുന്നു കനത്ത മഴവെള്ളപ്പാച്ചിലില്‍ വാഹനം ഒഴുകിപ്പോയത്. ടാങ്കറുകള്‍ ഉപയോഗിച്ചാണ് റോഡുകളിലെയും തെരുവുകളിലെയും വെള്ളം നീക്കിയതെന്നും അധികൃതര്‍ വിശദീകരിച്ചു. ഷൗക്ക, റഹ്ബ, അല്‍ ഗെയില്‍, അല്‍ സിജി തുടങ്ങിയ റാസല്‍ ഖൈമയിലെ പ്രദേശങ്ങളിലും കനത്ത മഴയാണ് ഉണ്ടായത്. അല്‍ ശുഹദാഅ മേഖലയിലെ അല്‍ തൗഈന്‍ സ്ട്രീറ്റില്‍ വന്‍തോതില്‍ വെള്ളം പൊങ്ങി. വാദി ശൗക്കയിലേക്കുള്ള പ്രധാന റോഡ് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിടേണ്ടി വന്നു. ഫുജൈറയുടെ വിവിധ ഭാഗങ്ങളിലും കനത്ത തോതിലും മിതമായ തോതിലും മഴയുണ്ടായി. ഈ മേഖലയില്‍ ശക്തമായ ഇടിമിന്നല്‍ ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. മഴ പെയ്ത പശ്ചാത്തലത്തില്‍ രാജ്യത്ത് പൊതുവില്‍ താപനിലയില്‍ വലിയ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest