Connect with us

Articles

തിരഞ്ഞെടുപ്പും ചേളാരി സമസ്തയും

Published

|

Last Updated

“മുസ്‌ലിം സമുദായത്തിന്റെ അവകാശാധികാരങ്ങള്‍ സംരക്ഷിക്കാന്‍ മഹാന്മാരായ പൂര്‍വകാല നേതാക്കള്‍ രൂപം കൊടുത്ത മുസ്‌ലിം ലീഗില്‍ വിഭാഗീയതകള്‍ക്കതീതമായി എല്ലാ വിഭാഗം മുസ്‌ലിംകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും എല്ലാ വിഭാഗം ആളുകള്‍ക്കും അര്‍ഹിക്കുന്ന പ്രാതിനിധ്യം മുസ്‌ലിം ലീഗ് നല്‍കിവരുന്നുണ്ടെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ്പ്രസിഡന്റ് എം ടി അബ്ദുല്ല മുസ്‌ലിയാരും സെക്രട്ടറി കോട്ടുമല ബാപ്പു മുസ്‌ലിയാരും പ്രസ്താവനയില്‍ പറഞ്ഞു…”
ചേളാരിപ്പത്രത്തിന്റെ മുഖപ്പേജില്‍ കൊടുത്ത ഈ വാര്‍ത്ത തിരിച്ചും മറിച്ചും നോക്കി. ഇല്ല, തെറ്റിയിട്ടില്ല. ലീഗ് പ്രസിഡന്റിന്റേതോ ജനറല്‍ സെക്രട്ടറിയുടേതോ അല്ല പ്രസ്താവന. സാക്ഷാല്‍ ചേളാരി സമസ്തയുടേതു തന്നെ. ആ പത്രവും മറ്റു പത്രങ്ങളും അരിച്ചുപെറുക്കി നോക്കി, തങ്ങളുടെ നയം വ്യക്തമാക്കാന്‍ ലീഗ് നേതൃത്വം ആരെയും ചുമതലപ്പെടുത്തിയതായി വാര്‍ത്തയില്ല. പാര്‍ട്ടി നയം വ്യക്തമാക്കാന്‍ പുതിയ വക്താക്കളെ നിയോഗിച്ചതായും കാണുന്നില്ല. ലീഗിനു വല്ലതും പറയാനുണ്ടെങ്കില്‍ അതിന്റെ പ്രസിഡന്റോ സെക്രട്ടറിയോ ആണല്ലോ അതു പറയുക. ഇതിപ്പോള്‍ വക്കാലത്തും ഫീസുമില്ലാതെ രണ്ടു വക്കീലന്മാര്‍! അല്ല; സ്വന്തം സംഘടന ഒരു പ്രസ്താവനയിറക്കാന്‍ പോലും വകയില്ലാത്തതായോ?
ചേളാരി സമസ്ത എന്തിനാണു രണ്ട് സ്റ്റെപ്പിനികളെ ഇറക്കിയതെന്നും മനസ്സിലാകുന്നില്ല. ഇത്ര മഹത്തായ പ്രസ്താവനയിറക്കാന്‍ പ്രസിഡന്റോ ജനറല്‍ സെക്രട്ടറിയോ ആകാമായിരുന്നില്ലേ? പറഞ്ഞിട്ടു കാര്യമില്ല. ജന. സെക്രട്ടറിക്ക് ചെറിയൊരു ക്ഷീണമുണ്ട്. ഇയാള്‍ സമസ്തയുടെ ജന. സെക്രട്ടറിയല്ലെന്നു കോടതി വിധിയുണ്ട്. ഇപ്പോള്‍ ഒരു സ്റ്റേയുടെ താങ്ങിലാണ് ജന. സെക്രട്ടറിയുടെ നില്‍പ്പ്. ഇത്ര കടുപ്പപ്പെട്ട പ്രസ്താവനയിറക്കാന്‍ സ്റ്റേ ബലം പോരാ. പ്രസിഡന്റാണെങ്കില്‍ താന്‍ പ്രസിഡന്റാണെന്ന കഥ പോലും ഓര്‍ത്തിരിക്കാനിടയില്ല. പഴയ സതീര്‍ഥ്യനു സുഖമില്ലെന്നു കേട്ടപ്പോള്‍ ഒന്നു കണ്ടുകളയാമെന്ന് കാന്തപുരം വിചാരിച്ചു. ലോകത്തോളം വളര്‍ന്ന പഴയ സഹപാഠിയെ കാണണമെന്നു കോയക്കുട്ടി മുസ്‌ലിയാര്‍ക്കും പൂതിയുണ്ടായിരുന്നു. പഴയ കൂട്ടുകാര്‍ കണ്ടു; ദുആ ചെയ്തു പിരിഞ്ഞു. ചേളാരിക്കാര്‍ ആപത്ത് മണത്തു. വന്നു, കോയക്കുട്ടി മുസ്‌ലിയാര്‍ക്ക് പ്രസിഡന്റു പദവി! (അടുത്ത പ്രസിഡന്റ് മോഹികള്‍ ഇപ്പോഴേ പനിച്ചു പുതച്ചു കിടപ്പ് തുടങ്ങിയത്രേ). അല്ലെങ്കിലും കുറച്ചായി കാന്തപുരം പേടി എന്ന വിഭ്രമാവസ്ഥ ചേളാരിക്കമ്പനിയെ പിടികൂടിയിട്ടുണ്ട്. കാന്തപുരത്തിന്റെ നിഴല്‍ കണ്ടാല്‍ പനിക്കും. രണ്ടരക്കോടി വിലയിട്ട വരക്കല്‍ തറവാട്, കാന്തപുരം വെറുതെ സൗഹൃദത്തിന് ആ തറവാട്ടില്‍ ഒന്ന് കയറിയിറങ്ങിയപ്പോള്‍ അഞ്ചരക്കോടിക്ക് നിന്നനില്‍പ്പില്‍ കച്ചവടമാക്കി- പുകഞ്ഞത് മൂന്നു കോടി! ഈ ഇലക്ഷന്‍ കാലത്ത് അതിര്‍ത്തിക്കപ്പുറം കടന്നുകയറി മറ്റൊരു സംഘടനയുടെ നയം പ്രസ്താവിക്കുന്ന ഭ്രമാവസ്ഥക്കും കാരണം ഇതു തന്നെയാകണം.
സത്യത്തില്‍ ചേളാരിക്കാര്‍ക്കെന്നല്ല, കാര്യങ്ങളുടെ കിടപ്പുവശം നോക്കിയാല്‍ ആര്‍ക്കായാലും വട്ടായിപ്പോകും. മുട്ടനാടിന് പിന്നാലെ ഇപ്പം വീഴും ഇപ്പം വീഴും എന്നു കരുതി ആശിച്ചു നടന്ന ശ്വാനന്റെ കഥ കേട്ടിട്ടില്ലേ, അതുപോലെ പത്തു മുപ്പത്തഞ്ചു കൊല്ലമായില്ലേ ഒരാളിന്റെ പിന്നാലെ അലച്ചയെടുത്തു പായുന്നു. സ്വന്തമായി ഒരു സംഘടന ഉണ്ടായപ്പോള്‍ അതിന്റെ മുഖ്യ അജന്‍ഡ തന്നെ കാന്തപുരം വിരോധമാക്കി. ഈ സംഘടന കാല്‍ നൂറ്റാണ്ടായി മടുപ്പും മുശിപ്പുമില്ലാതെ കണക്കില്ലാത്തത്ര ദുരിതങ്ങള്‍ സഹിച്ച് പണം ചെലവിട്ടു കാന്തപുരത്തെ വീഴ്ത്താന്‍ നടക്കുകയാണ്. എന്നിട്ടെന്തായി? പറഞ്ഞാല്‍ മനസ്സിലാവില്ല; അനുഭവിക്കണം. ഇതാ ഈ തിരഞ്ഞെടുപ്പു കാലത്തും നാട്ടുകാരേ നിങ്ങള്‍ കാണുന്നില്ലേ? പാര്‍ട്ടിയായ പാര്‍ട്ടികളൊക്കെ കാന്തപുരത്തിനു പിന്നാലെ. ചാനലായ ചാനലുകളൊക്കെ കാന്തപുരത്തെ ചുറ്റിപ്പറ്റി. പത്രത്താളുകളില്‍ നിറഞ്ഞുനില്‍ക്കുന്നതും ഈയൊരാള്‍, അതിശയമതൊന്നുമല്ല, സ്വന്തം പത്രത്തിന്റെ തലക്കെട്ടുകളും പിടിച്ചെടുക്കുന്നത് കാന്തപുരം! വട്ടായിപ്പോയില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടൂ.
ഓരോ തിരഞ്ഞെടുപ്പു കാലവും ചേളാരി സമസ്തക്കാര്‍ക്കു സങ്കടകാലമാണ്. തിരഞ്ഞെടുപ്പ് വിജയത്തിനു വേണ്ടി പാര്‍ട്ടികളും മുന്നണികളും നാനാവിധ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കും. പരമാവധി വോട്ടും വിജയവുമാണു ലക്ഷ്യം. കിട്ടാവുന്നത്ര കക്ഷികളെ കൂടെ നിറുത്തും. സഖ്യത്തിനുവേണ്ടിയും സഹായത്തിനു വേണ്ടിയുമുള്ള പരക്കം പാച്ചില്‍ രാഷ്ട്രീയക്കളം വിട്ട് മത-സാമുദായിക സംഘടനകളിലേക്കു വരെ നീളും. നാലാള്‍ ബലമില്ലാത്ത ഈര്‍ക്കിള്‍ പാര്‍ട്ടികള്‍ക്കും തിരഞ്ഞെടുപ്പു കാലത്തു സ്വര്‍ണത്തിന്റെ മൂല്യമാണ്. എന്തു ചെയ്യാം; ഈ ഉത്സവക്കാലത്തും ഇമ്മിണിബല്യ ഒരു സംഘടന ആരാലും ശ്രദ്ധിക്കപ്പെടാതെ ആരും തിരിഞ്ഞുനോക്കാനില്ലാതെ, ആരും തേടിവരാതെ, അരവരി ഉച്ചപ്പത്ര വാര്‍ത്ത പോലുമാകാതെ തുരുമ്പായി ആക്രിക്കടയുടെ മൂലയില്‍ കിടക്കുകയാണ്. ഈ സംഘടന ആ സംഘടനയുടെ നയം വ്യക്തമാക്കി പ്രസ്താവനയിറക്കുന്ന സ്ഥലജലഭ്രമം തീര്‍ത്തും സ്വാഭാവികം. “പെറ്റുകിടക്കുന്നോള്‍ നെയ്യുണ്ണുന്നതു കണ്ട് മച്ചി കലമുടച്ചിട്ടെന്ത്” എന്നൊന്നും ചോദിക്കരുത്. ഇതു കണ്‍ട്രോള്‍ പോയ കേസാണ്.
വെറുതെ ഒരു വിഭാഗത്തെ പഴി പറയുകയല്ല. ചേളാരി വാര്‍ത്ത തുടര്‍ന്നു വായിച്ചുനോക്കുക: “”മുസ്‌ലിം രാഷ്ട്രീയ രംഗത്ത് ഓരോ സംഘടനയും തങ്ങളുടെ ആളുകളെ മാത്രം വിജയിപ്പിക്കുകയും പ്രതിയോഗികളെ പരാജയപ്പെടുത്തുകയും ചെയ്യുന്ന അപകടകരമായ പ്രവണതക്കു തുടക്കം കുറിച്ചാല്‍ കാന്തപുരം ഗ്രൂപ്പിന്റെ ഒരനുഭാവിപോലും വരുന്ന തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുക്കപ്പെടുകയില്ല…!”” ഇതാണ് ചേളാരി പ്രസ്താവനയുടെ മര്‍മവും തലവാചകവും. ഈ വരികള്‍ ഒന്നു ശ്രദ്ധിച്ചു വായിക്കണേ. മുസ്‌ലിം രാഷ്ട്രീയ രംഗത്ത് ലീഗും നാഷനല്‍ ലീഗും എന്‍ ഡി എഫും ജമാഅത്തെ ഇസ്‌ലാമിയുമാണിപ്പോള്‍ സജീവമായുള്ളത്. ഈ പാര്‍ട്ടികള്‍ സ്വന്തക്കാരെ മാത്രം ജയിപ്പിക്കാനും പ്രതിയോഗികളെ പരാജയപ്പെടുത്താനും ശ്രമിച്ചാല്‍ സുന്നീ അനുഭാവികളാരും തിരഞ്ഞെടുക്കപ്പെടില്ലത്രേ. അര മിനുട്ടിന്റെ കുറവുള്ള പോലെ തോന്നുന്നില്ലേ?
മുസ്‌ലിം പാര്‍ട്ടികള്‍ പരസ്പരം സഹകരിച്ച് അന്യോന്യം വോട്ട് ചെയ്ത് എല്ലാവരെയും വിജയിപ്പിക്കണമെന്നാണോ പ്രസ്താവനക്കാര്‍ ഉദ്ദേശിക്കുന്നത്? ഇങ്ങനെ ചെയ്യുന്നില്ലെങ്കില്‍ കേരളത്തില്‍ ഒരിടത്തും ഒരു സ്ഥാനാര്‍ഥിയെപ്പോലും നിറുത്തിയിട്ടില്ലാത്ത സുന്നീ വിഭാഗം എങ്ങനെയാണ് തോല്‍ക്കുക? ആകെ കണ്‍ഫ്യൂഷന്‍! ആരും ഒന്നും വിചാരിക്കരുത്, പ്രസ്താവനയിറക്കി പഠിക്കുകയാണ്.
നുണ പറയാനേ വാ തുറക്കൂ എന്നൊരു വിഭാഗം ശഠിച്ചാല്‍ അതിനു ചികിത്സയില്ല. നുണയില്‍ പടുത്ത പ്രസ്ഥാനമാണത്. കള്ളം പറയുന്നതു മതപരമായി പാപമാണ്. ഒരു ജനതയെ നന്മയിലേക്കു നയിക്കേണ്ട പണ്ഡിതന്മാര്‍ പറഞ്ഞാല്‍, അതു മഹാപാപമാകും. ചേളാരി സമസ്ത നേതാക്കള്‍ പറയുന്നതു വ്യാജമാണ്. ലീഗിനെ തോല്‍പ്പിക്കണമെന്നോ ചേളാരിക്കാരെ സഹായിക്കുന്ന ലീഗുകാരെ തോല്‍പ്പിക്കുമെന്നോ കാന്തപുരം പറഞ്ഞിട്ടില്ല. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അവമതിച്ചുവെന്നതും തെറ്റായ പ്രസ്താവനയാണ്. മൂന്നു പ്രമുഖ ചാനലുകളില്‍ അര മണിക്കൂര്‍ വീതമാണ് കാന്തപുരത്തിന്റെ അഭിമുഖങ്ങള്‍ വന്നിട്ടുള്ളത്. അതിപ്പോഴും ഓണ്‍ലൈനില്‍ ലഭ്യമാണ്, ആര്‍ക്കും പരിശോധിക്കാം. ലീഗിനും ഇങ്ങനെ ഒരു പരാതിയില്ല. അടുപ്പത്തു വെച്ചതല്ല, ഇടയടുപ്പില്‍ വെച്ചതാണു തിളയ്ക്കുന്നത്. ലീഗിന്റെ സേവ പിടിക്കാനാണ് ഈ പ്രസ്താവനയെങ്കില്‍ അതിനു വേറെ വഴി നോക്കണം, നുണ പ്രചരിപ്പിക്കരുത്.
സമസ്തയെയും അതിന്റെ നേതാക്കളെയും സ്ഥാപനങ്ങളെയും തകര്‍ക്കാനും നശിപ്പിക്കാനും ശ്രമിക്കുന്നവരെയും അത്തരക്കാരെ സഹായിക്കുന്നവരെയും തോല്‍പ്പിക്കാന്‍ ശ്രമിക്കുമെന്നാണു കാന്തപുരം പറഞ്ഞത്. ചേളാരി സമസ്തക്കാരെയാണു കാന്തപുരം ഉദ്ദേശിച്ചത്. ലീഗിനെ പ്രതിക്കൂട്ടില്‍ കയറ്റി നിറുത്തി പിന്നാമ്പുറത്തുകൂടെ രക്ഷപ്പെടാനുള്ള ശ്രമമാണു ചേളാരി സമസ്തയുടേത്. ഇങ്ങനെ പറഞ്ഞതിലെന്താണു തെറ്റ്? അദ്ദേഹം പറഞ്ഞതു സമസ്തയുടെ എക്കാലത്തെയും പ്രഖ്യാപിത നയമാണ്. ചേളാരിക്കാര്‍ക്ക് കൂടി ബാധകമാകുന്ന അവിഭക്ത സമസ്തയുടെ ഏകകണ്ഠമായ തീരുമാനം. “സമസ്തയും കീഴ്ഘടകങ്ങളും രാഷ്ട്രീയമായി സംഘടിക്കേണ്ടതില്ലെന്നും സുന്നത്ത് ജമാഅത്തിനും അതിന്റെ സ്ഥാപനങ്ങള്‍ക്കും എതിരായി പ്രവര്‍ത്തിക്കുന്ന ഏതു രാഷ്ട്രീയക്കാരനെയും എതിര്‍ത്തു തോല്‍പ്പിക്കുമെന്നും” തീരുമാനിച്ചത് കണ്ണിയത്ത് ഉസ്താദ് പ്രസിഡന്റും ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ ജനറല്‍ സെക്രട്ടറിയുമായ സമസ്തയാണ്. 1979ല്‍ കൈക്കൊണ്ട ഈ തീരുമാനം ഈ രണ്ടു നേതാക്കളും മരണം വരെ തിരുത്തിയിട്ടില്ല. ഇവരുടെ പേരില്‍ സ്വന്തമായി സമസ്തയുണ്ടാക്കിയ ചേളാരിക്കാരും തിരുത്തിയതായി കണ്ടിട്ടില്ല. ഫലത്തില്‍ സമസ്ത എന്ന പേരില്‍ നിലനില്‍ക്കുന്നവര്‍ക്കെല്ലാം ഈ തീരുമാനം ഇപ്പോഴും ബാധകമാണ്. സമസ്തയുടെ ഈ പാരമ്പര്യ നിലപാടാണു കാന്തപുരം പറഞ്ഞത്. ഒരു കോടതി സ്റ്റേ നീക്കിക്കിട്ടാന്‍വേണ്ടി മിനുട്‌സ് തിരുത്തുകയും വ്യാജ രേഖ ചമയ്ക്കുകയും ചെയ്തപ്പോള്‍ അപ്പാടെ തിരുത്തിയിട്ടില്ലെങ്കില്‍ മിനുട്‌സ് ഒന്നു മറിച്ചുനോക്കണം.
കള്ളക്കേസുകള്‍ ജയിപ്പിച്ചെടുക്കാന്‍ എല്ലാ അടിയാധാരങ്ങളും തിരുത്തിപ്പോയിട്ടുണ്ടെങ്കില്‍ തിരുത്താന്‍ കഴിയാത്ത ചിലത് ചരിത്രമായി ഇപ്പോഴും ബാക്കി നില്‍ക്കുന്നുണ്ട്. അതിലൊന്നാണ് അവിഭക്ത സമസ്ത നടത്തിയ അറുപതാം വാര്‍ഷിക സമ്മേളന സുവനീര്‍. കണ്ണിയത്ത് ഉസ്താദിന്റെയും ശംസുല്‍ഉലമയുടെയും സാക്ഷാല്‍ കോട്ടുമല ഉസ്താദിന്റെയും (ഇപ്പോഴത്തെ ബാപ്പു മുസ്‌ലിയാരല്ല) കൈയൊപ്പോടെ പ്രസിദ്ധീകരിച്ച സുവനീറിന്റെ 65-ാം പേജില്‍ സമസ്തയുടെ നിലപാട് കാണാം. ഈ നിലപാട് അന്നുതന്നെ പ്രസ്താവനയായി പത്രങ്ങള്‍ക്കു നല്‍കിയതുമാണ്. ചരിത്രവും പാരമ്പര്യവും മറന്നുപോയ ചേളാരി നേതാക്കള്‍ക്കു വേണ്ടിയല്ല; കഥയറിയാതെ അവരുടെ പിന്നില്‍ നില്‍ക്കുന്ന പാവങ്ങള്‍ക്കുവേണ്ടി അന്നത്തെ നേതാക്കള്‍ മാതൃഭൂമി പത്രത്തിനു നല്‍കിയ പ്രസ്താവന താഴെ ചേര്‍ക്കാം:
“”സ്റ്റാഫ് ലേഖകന്‍, കോഴിക്കോട്: ഡിസംബര്‍ 28. സുന്നത്ത് ജമാഅത്തിനും അതിന്റെ സ്ഥാപനങ്ങള്‍ക്കും എതിരായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയക്കാരെ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുയാണ് സമസ്ത മുശാവറയുടെ തീരുമാനമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ഉലമ ജനറല്‍ സെക്രട്ടറി ഇ കെ അബൂബക്കര്‍ മുസ്‌ലിയാരും ജോയന്റ് സെക്രട്ടറി കെ വി മുഹമ്മദ് മുസ്‌ലിയാരും സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് വാണിയമ്പലം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരും തിങ്കളാഴ്ച വ്യക്തമാക്കി.
“”സമസ്ത കേരള ജംഇയ്യത്തുല്‍ഉലമയും അതിന്റെ കീഴ്ഘടകങ്ങളും രാഷ്ട്രീയമായി സംഘടിക്കേണ്ടതില്ലെന്നും സുന്നത്ത് ജമാഅത്തിനും അതിന്റെ സ്ഥാപനങ്ങള്‍ക്കും എതിരായി പ്രവര്‍ത്തിക്കുന്ന ഏത് രാഷ്ട്രീയക്കാരനെയും ഏതിര്‍ത്ത് പരാജയപ്പെടുത്താന്‍ യുക്തമായ നടപടികള്‍ അതാതു സന്ദര്‍ഭങ്ങളില്‍ സ്വീകരിക്കണമെന്നുമാണ് മുശാവറ ഏകകണ്ഠമായെടുത്ത തീരുമാനം.””
ഈ വാര്‍ത്ത വന്നത് സിറാജിലല്ല; മാതൃഭൂമിയിലാണ്. സമസ്തയുടെ രാഷ്ട്രീയ തീരുമാനം വെറും കടലാസു സൃഷ്ടിയായിരുന്നില്ല. അത് നടപ്പാക്കാനുള്ള ഉറച്ച കാല്‍വെപ്പുകളും അന്ന് നടത്തുകയുണ്ടായി. അടുത്ത തിരഞ്ഞെടുപ്പില്‍ മുസ്‌ലിംകളില്‍ നിന്ന് സുന്നികളെ മാത്രമേ മത്സരിപ്പിക്കാവൂ എന്ന് നിര്‍ദേശിക്കാന്‍വേണ്ടി ലീഗ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ നേരില്‍ കാണാന്‍ 1979 ഒക്‌ടോബറില്‍ ഒരു ദൗത്യസംഘത്തെ നിയോഗിച്ചതായും സമസ്തയുടെ രേഖകളില്‍ കാണാം. പില്‍ക്കാലത്ത് ചേളാരി സമസ്തയുടെ നേതാവായി നടന്ന കൊയ്യോട് മൊയ്തീന്‍ കുട്ടി മുസ്‌ലിയാരായിരുന്നു ദൗത്യസംഘത്തെ നയിച്ചത്. ഇനിയും സംശയിക്കുന്നവരുണ്ടോ? അവര്‍ക്ക് സമസ്തയുടെ നയം ശംസുല്‍ ഉലമയുടെ ശബ്ദത്തില്‍ കേള്‍ക്കാന്‍ ഇപ്പോഴും സൗകര്യമുണ്ട്. 1979ല്‍ പുളിക്കല്‍ വെച്ച് നടന്ന സുന്നീ മഹാസമ്മേളനത്തില്‍ ശംസുല്‍ഉലമ നടത്തിയ പ്രഖ്യാപനമാണ് തൊട്ടുടനെ സമസ്തയുടെ രാഷ്ട്രീയ നയമായി പുറത്തു വന്നത്.
ശംസുല്‍ഉലമയുടെ പുളിക്കല്‍ പ്രസംഗം ഒരു സിംഹ ഗര്‍ജനം തന്നെയായിരുന്നു. “വഹാബിക്കെതിരെ ഒരു ഹിന്ദു മത്സരിച്ചാല്‍ ഹിന്ദുവിനെ ജയിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ദീനില്ലാത്ത ലീഗ് എന്ത് മുസ്‌ലിം ലീഗാണെടാ…. എന്നാക്രോശിച്ചു. രാഷ്ട്രീയക്കാരെ പാഠം പഠിപ്പിക്കുമെന്ന് താക്കീത് ചെയ്തു. പതിനായിരങ്ങളുടെ ആര്‍ത്തലച്ച തക്ബീറുകള്‍ക്കിടയില്‍ പ്രഖ്യാപനങ്ങള്‍ മുങ്ങിപ്പോയി. ചരിത്രപ്രസിദ്ധമായ ആ പ്രസംഗത്തിന്റെ ഓഡിയോ ഇപ്പോഴും മാര്‍ക്കറ്റില്‍ ലഭ്യമാണ്. ശംസുല്‍ഉലമയുടെ പേരില്‍ രാഷ്ട്രീയക്കാര്‍ക്കും ബിദ്അത്തുകാര്‍ക്കും ഓശാന പാടുന്നവര്‍ ഒന്നു കേട്ടുനോക്കണം. സമസ്തയുടെയും ശംസുല്‍ഉലമയുടെയും ഈ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ടാണ് സുന്നി വിരുദ്ധരെ തോല്‍പ്പിക്കണമെന്ന് കാന്തപുരം പറയുന്നത്. സമസ്തയുടെ നയത്തില്‍ നിന്നു ശംസുല്‍ഉലമക്ക് ഇടര്‍ച്ചയുണ്ടായിട്ടും ഒരു മാറ്റവുമുണ്ടായില്ല എന്നതാണ് കാന്തപുരത്തിന്റെ മഹത്വം. നോളജ് സിറ്റി ഉള്‍പ്പെടെയുള്ള സുന്നീ പദ്ധതികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേതാക്കള്‍ക്കുമെതിരെ കേസുകളും അക്രമവും കൊലവിളിയും നടത്തുന്നത് ആരാണെന്ന് എല്ലാവര്‍ക്കുമറിയാം. ബിദ്അത്തിനെതിരെ പോരാടാന്‍ വേണ്ടിയാണു പൂര്‍വസൂരികള്‍ സമസ്ത രൂപവത്കരിച്ചത്. അതേ ബിദ്അത്തുകാരുമായി ചങ്ങാത്തം കൂടി നടക്കുന്നത് ആരാണെന്നും എല്ലാവര്‍ക്കും അറിയാം. ചേളാരി നേതാക്കള്‍ക്കിപ്പോള്‍ ലീഗിന്റെ പൂര്‍വകാല നേതാക്കളെക്കുറിച്ചാണ് ആശങ്ക; സമസ്തയുടെ പൂര്‍വകാല സൂരികളെക്കുറിച്ചല്ല. വരക്കല്‍ മുല്ലക്കോയ തങ്ങള്‍ മുതല്‍ മുഴുവന്‍ മഹാന്മാരുടെയും കുരുത്തക്കേടാണിത്. കാലം എല്ലാ വ്യാജന്മാരെയും തൂത്തെറിയുക തന്നെ ചെയ്യും. (അവസാനിച്ചില്ല).
+91 9400501168

Latest