Connect with us

Articles

വിടാതെ പിന്തുടരുന്ന ബാര്‍ ഭൂതം

Published

|

Last Updated

ഒരിടവേളക്ക് ശേഷം, അതും ഒരു തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാഷ്ട്രീയ തീന്‍മേശകളിലെ ചര്‍ച്ചകള്‍ക്ക് വീര്യം കൂട്ടി “ബാര്‍ കോഴ” എത്തുകയാണ്. ഒരു വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ ഒരു നാള്‍ കഴിഞ്ഞാല്‍ വരുന്ന ഒക്‌ടോബര്‍ 31നാണ് യു ഡി എഫ് രാഷ്ട്രീയത്തിന്റെ അടിക്കല്ല് ഇളക്കി ബിജു രമേശ് തുറന്ന് വിട്ട ഭൂതം കെ എം മാണിയെയും മുന്നണിയെയും വിടാതെ പിന്തുടരുമെന്നതിന്റെ കൃത്യമായ സൂചനകളാണ് വിജിലന്‍സ് കോടതി ഉത്തരവ് നല്‍കുന്നത്.
ധനമന്ത്രി കെ എം മാണി പ്രതിയായ ബാര്‍കോഴ കേസില്‍ തുടരന്വേഷണം വേണമെന്നാണ് മൂന്ന് മാസം നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ വിജിലന്‍സ് കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്ന തീര്‍പ്പ്. മാണി കോഴ വാങ്ങിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നാണ് കോടതി വിധി. അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്‍കി വിന്‍സന്‍ എം പോള്‍ എന്ന വിജിലന്‍സ് ഡയറക്ടര്‍ കൈയൊപ്പ് ചാര്‍ത്തിയ അന്വേഷണ റിപ്പോര്‍ട്ടിന് ചവറ്റ് കൊട്ടയിലാണ് സ്ഥാനമെന്ന് ജഡ്ജി തീര്‍പ്പ് കല്‍പ്പിച്ചിരിക്കുന്നു. നിയമം നിയമത്തിന്റെ വഴിക്ക് പോകുന്നത് വാക്കുകളില്‍ മാത്രമല്ല, പ്രയോഗത്തിലും ചിലപ്പോഴെങ്കിലും സംഭവിക്കുമെന്നതിന്റെ നേര്‍സാക്ഷ്യമായി ഈ വിധി വായിച്ച് ആശ്വസിക്കാം. നിയമവൃത്തങ്ങളിലും രാഷ്ട്രീയ രംഗത്തും കേരളത്തിലെ പൊതുമണ്ഡലത്തിലും ഈ കോടതി ഉത്തരവുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെന്തെന്ന ചര്‍ച്ചകള്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്ന് തുടങ്ങിയിരിക്കുന്നു. ഇനി സംഭവിക്കാനിരിക്കുന്നതില്‍ അത്ഭുതങ്ങളൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. രാജിവെക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്ന് കെ എം മാണി തന്നെ വ്യക്തമാക്കി കഴിഞ്ഞു. മുഖ്യമന്ത്രിയും മാണിയെ പിന്തുണച്ച് കഴിഞ്ഞു. വിജിലന്‍സ് കോടതി ഉത്തരവില്‍ പുതുമയൊന്നും ഇല്ലെന്നാണ് യു ഡി എഫ് ക്യാമ്പ് വിശദീകരിക്കുന്നത്.
തിരഞ്ഞെടുപ്പ് കാലമായതിനാല്‍ ഹരജി ജനകീയ കോടതിക്ക് കൈമാറാന്‍ ലഭിച്ച സുവര്‍ണാവസരം കൂടിയാണ്. കാരായിമാരെ മത്സരിപ്പിക്കാന്‍ സി പി എം പറഞ്ഞ അതേ വാദം യു ഡി എഫിനും ഇക്കാര്യത്തില്‍ ഉയര്‍ത്താം. ഇനി ജനകീയ കോടതി തീരുമാനിക്കട്ടെ, അരുവിക്കരയില്‍ സംഭവിച്ചത് പോലെ തദ്ദേശ തിരഞ്ഞെടുപ്പിലും യു ഡി എഫിന് മേല്‍ക്കൈ ലഭിക്കുന്ന ഒരു ഫലം വന്നാല്‍ മാണിയുടെ “വിശ്വാസ്യ”തയെയും “സത്യസന്ധത”യെയും കുറിച്ച് കൂടുതല്‍ വാചാലമായി സംസാരിക്കാന്‍ യു ഡി എഫ് നേതാക്കള്‍ക്ക് അവസരം ലഭിക്കുകയും ചെയ്യും. വിജിലന്‍സ് കേസുകള്‍ പുതുമയുള്ളതല്ല. പ്രത്യേകിച്ച് പൊതുപ്രവര്‍ത്തകര്‍ക്ക്. സംസ്ഥാന മന്ത്രിസഭയിലും പ്രതിപക്ഷത്തുമെല്ലാം സമാന അന്വേഷണം നേരിടുന്നവരും നേരിട്ടവരുമുണ്ട്. അവരൊന്നും രാജിവെച്ചിട്ടില്ലല്ലോ. പാമോലിന്‍ കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ താന്‍ രാജിവെച്ചില്ലല്ലോയെന്നാണ് മാണിയെ പിന്തുണച്ച് ഉമ്മന്‍ ചാണ്ടി നടത്തിയ പ്രതികരണം. എന്നാല്‍ പാമോലിനുമായി ഇതിനെ താരതമ്യപ്പെടുത്തുന്നതില്‍ ഒട്ടും യുക്തിയില്ല. രണ്ടും രണ്ട് നിലയിലുള്ള കേസാണ്. കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് പാമോലിന്‍ കേസില്‍ വിജിലന്‍സ് കോടതി തുടരന്വേഷണം പ്രഖ്യാപിച്ചത്. അന്ന് ധാര്‍മികതയുടെ പ്രശ്‌നമാണ് ഉമ്മന്‍ചാണ്ടിയുടെ രാജിക്ക് വേണ്ടി മുറവിളി കൂട്ടിയവര്‍ ഉയര്‍ത്തിയത്. മാണിയുടെ കാര്യത്തില്‍ ധാര്‍മികതയുടെ മാത്രം പ്രശ്‌നമല്ല ഉദിക്കുന്നത്. ആദ്യം ആരോപണമായി വരികയും പിന്നീട് മാണിയെ പ്രതി ചേര്‍ക്കപ്പെടുകയും ചെയ്ത കേസാണ് ബാര്‍ കോഴ.
മന്ത്രിസഭയിലെ മറ്റുള്ളവര്‍ക്കും മാണിക്കുമെതിരായ കേസുകള്‍ താരതമ്യപ്പെടുത്താനാകില്ല. കോടതിയില്‍ സമര്‍പ്പിക്കപ്പെടുന്ന സ്വകാര്യ അന്യായങ്ങളില്‍ നിര്‍ദേശിക്കപ്പെടുന്ന അന്വേഷണങ്ങളാണ് അതില്‍ ചിലത്. മന്ത്രിയായിരിക്കെ നടപ്പാക്കിയ പദ്ധതികള്‍ വഴി സര്‍ക്കാര്‍ ഖജനാവിന് നഷ്ടം സംഭവിച്ചെന്ന് പിന്നീട് വരുന്ന സര്‍ക്കാറുകള്‍ കണ്ടെത്തി പ്രഖ്യാപിക്കുന്ന അന്വേഷണങ്ങളാണ് മറ്റു ചിലത്. ഈ രണ്ട് ഗണത്തിലും വരുന്നതല്ല മാണിക്കെതിരായ കേസ്. കൈക്കൂലി വാങ്ങിയതിനാണ് കെ എം മാണി പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്നത്. ബാര്‍ ഹോട്ടല്‍ ഉടമകളോട് മാണി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടെന്നും അതില്‍ ഒരു കോടി രൂപ അസോസിയേഷന്‍ ഭാരവാഹികളില്‍ നിന്നു കൈപ്പറ്റിയെന്നും കോടതിയില്‍ സമര്‍പ്പിച്ച എഫ് ഐ ആറില്‍ വിജിലന്‍സ് കൃത്യമായി പറയുന്നുണ്ട്. 42 ദിവസം നീണ്ട ക്വിക്ക് വെരിഫിക്കേഷന് ഒടുവിലാണ് ഇങ്ങിനെയൊരു നിഗമനത്തിലേക്ക് വിജിലന്‍സ് എത്തുന്നതും എഫ് ഐ ആര്‍ സമര്‍പ്പിക്കുന്നതും.
മാണിക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്ന കുറ്റം ദുര്‍ബലമല്ല. അഴിമതി നിരോധന നിയമത്തിലെ ഏഴ്, 13(1)(ഡി) വകുപ്പുകള്‍ പ്രകാരമാണ് കേസ്. പൊതു പ്രവര്‍ത്തകന്‍ പണം ചോദിച്ചുവാങ്ങുക, ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തി ദുഷ്പ്രവൃത്തി ചെയ്യുക എന്നീ കുറ്റങ്ങളാണ് ഈ വകുപ്പില്‍. ഒന്നു മുതല്‍ ഏഴ് വരെ വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പ്രാഥമികമായി ചുമതപ്പെട്ട എഫ് ഐ ആറിലും പ്രശ്‌നം അവസാനിക്കുന്നില്ലെന്നാണ് കോടതി വിധി വ്യക്തമാക്കുന്നത്. എസ് പി സുകേശന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളാണ് പ്രധാനം. മാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ തക്കതെളിവുകളുണ്ടെന്നായിരുന്നു എസ് പി സുകേശന്റെ കണ്ടെത്തല്‍. വിജിലന്‍സ് കോടതി വിധി ന്യായത്തില്‍ ഇത് സംബന്ധിച്ച് കൃത്യമായ നിരീക്ഷണം നടത്തുന്നുണ്ട്. മാണി കോഴ വാങ്ങിയതിന് തെളിവുണ്ടെന്ന എസ് പി സുകേശന്റെ റിപ്പോര്‍ട്ട് പൂര്‍ണമായി ശരിവെക്കുന്നതാണ് കോടതി വിധി. മൊബൈല്‍ ടവര്‍ പരിശോധനയും ബിജുരമേശിന്റെ ഡ്രൈവറുടെ നുണപരിശോധനയുമെല്ലാം നടത്തി ശാസ്ത്രീയമായി ശേഖരിച്ച തെളിവുകള്‍ അടിസ്ഥാനമാക്കി സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടാണ് കോടതി ശരിവെച്ചത്. കോടതി ഇപ്പോള്‍ ശരിയെന്ന് പറഞ്ഞ എസ് പി സുകേശന്റെ വസ്തുതാവിവര റിപ്പോര്‍ട്ടിന് വിജിലന്‍സില്‍ സംഭവിച്ചത് എന്തായിരുന്നുവെന്ന് കൂടി പരിശോധിക്കപ്പെടേണ്ടതുണ്ട്.
അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന എ ഡി ജി പി ജേക്കബ് തോമസിന് പ്രമോഷന്‍ ബഹുമതി നല്‍കി ഫയര്‍ഫോഴ്‌സിലേക്ക് സ്ഥാനചലനം നല്‍കുകയായിരുന്നു ആദ്യം. (അവിടെയും അനഭിമിതനായപ്പോള്‍ പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എം ഡിയായി മാറ്റി). ഇതിലൂടെ അന്വേഷണ മേല്‍നോട്ടം എ ഡി ജി പി ഷേക്ക് ദര്‍വേശ് സാഹിബിന്റെ മേല്‍നോട്ടത്തിലായി. അദ്ദേഹത്തിന് ലഭിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ഡയറക്ടര്‍ നിയമോപദേശം തേടി തിരുത്തിയെഴുതാന്‍ സുകേശന് തന്നെ മടക്കി നല്‍കുകയായിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണ ഉദ്യോഗസ്ഥന് മേല്‍ സമ്മര്‍ദം ചെലുത്തിയെന്ന് കോടതി ഉത്തരവിലും വ്യക്തമാക്കുന്നു.
വിധി വന്നതിന് പിന്നാലെ വിജിലന്‍സ് ഡയറക്ടര്‍ പദവി ഒഴിയാന്‍ വിന്‍സന്‍ എം പോളിനെ പ്രേരിപ്പിച്ച ഘടകവും ഇത് തന്നെയാണ്. വരും നാളുകളിലെ വിലയിരുത്തല്‍ മാണിക്ക് വേണ്ടി ഒരുപക്ഷേ വിന്‍സന്‍ എം പോള്‍ ബലിയാടായെന്നതിനെക്കുറിച്ചായിരിക്കും. വിധി പകര്‍പ്പിലെ നിരീക്ഷണങ്ങളെല്ലാം ഇക്കാര്യത്തില്‍ മാണിയുടെ കുരുക്ക് കൂടുതല്‍ മുറുകുന്നതാണ്. കോടതി തന്നെ കുറ്റക്കാരനെന്ന് നിരീക്ഷിക്കുന്ന വ്യക്തി മന്ത്രി പദത്തില്‍ തുടര്‍ന്ന് നടത്തുന്ന അന്വേഷണത്തിന് എത്രമാത്രം വിശ്വാസ്യതയുണ്ടെന്ന ചോദ്യമാണ് ഉയരുന്നത്. കേരളാകോണ്‍ഗ്രസിലെ ഒന്നാമന്‍. മന്ത്രിസഭയിലെ മൂന്നാമന്‍. ധനം പോലെ പ്രധാനവകുപ്പ് കൈകാര്യം ചെയ്യുന്നൊരു മന്ത്രി. ഇങ്ങിനെയൊരാള്‍ ആ പദവിയില്‍ തുടരുമ്പോള്‍ നീതി പൂര്‍വ്വകമായൊരു തുടരന്വേഷണം സാധ്യമാകുമോയെന്ന വലിയ ചോദ്യത്തിന് യു ഡി എഫ് ഉത്തരം നല്‍കേണ്ടതുണ്ട്. ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തിയെന്ന കുറ്റം ചുമത്തപ്പെട്ട വ്യക്തി ഇനി ഇതിന്മേല്‍ നടക്കുന്ന അന്വേഷണത്തില്‍ ഈ പദവി ദുരുപയോഗപ്പെടുത്തില്ലെന്ന് ആര്‍ക്ക് സാക്ഷ്യം പറയാന്‍ കഴിയും.

Latest