Connect with us

National

അഖിലേഷ് യാദവ് എട്ട് മന്ത്രിമാരെ പുറത്താക്കി

Published

|

Last Updated

ലക്‌നോ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ഇന്നലെ എട്ട് മന്ത്രിമാരെ പുറത്താക്കി. ഒന്‍പത് മന്ത്രിമാരുടെ വകുപ്പുകള്‍ മാറ്റിയിട്ടുമുണ്ട്.
ക്യാബിനറ്റ് റാങ്കുള്ള അഞ്ചും സഹമന്ത്രിമാരായ മൂന്നും പേരെയാണ് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയതെന്ന് സമാജ് വാദി പാര്‍ട്ടി വക്താവ് അറിയിച്ചു. മന്ത്രിസഭാ വികസനം സംബന്ധിച്ച് ഗവര്‍ണര്‍ റാം നായിക്കുമായി ഇന്നലെ മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിട്ടുണ്ട്. 43 മാസം പ്രായമായ മന്ത്രിസഭയില്‍ നിന്നും ശിവ കുമാര്‍ ബേരിയ, ഭഗവത് ശരണ്‍ ഗാംങ്‌വാര്‍, അംബിക ചൗധരി, അരിദാമന്‍ സിംഗ്, അലോക് കുമാര്‍ സഖ്യ, ലോകേഷ് പ്രതാപ് സിംഗ്, ശിവകാന്ത് ഓജ, നരാദ് റായ് എന്നിവരെയാണ് മുഖ്യമന്ത്രി അഖിലേഷ് യാദവ് പുറത്താക്കിയത്.
പരാശ് നാഥ് യാദവ്, രാം ഗോവിന്ദ് ചൗധരി, ദുര്‍ഗ പ്രസാദ് യാദവ്, ബ്രഹ്മ ശങ്കര്‍ ത്രിപാഠി, ഇഖ്ബാല്‍ മസൂദ്, മെഹബൂബ് അലി എന്നിവരുടെ വകുപ്പുകളാണ് മുഖ്യമന്ത്രി മാറ്റിയത്.
രാജ്ഭവനില്‍ നിന്നുള്ള പത്രക്കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. അടുത്ത മാസം അവസാനം ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷമായിരിക്കും ഉത്തര്‍ പ്രദേശ് മന്ത്രിസഭാ പുനഃസംഘടന. ഉത്തര്‍പ്രദേശ് നിയമസഭയുടെ അംഗബലമനുസരിച്ച് സംസ്ഥാനത്തിന് 60 അംഗ മന്ത്രിസഭക്ക് അവകാശമുണ്ട്.
2017ലാണ് യു പി നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. അതിന് ഒരുങ്ങുന്നതിന് മുമ്പ് മന്ത്രിസഭയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനുള്ള നീക്കങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നത്. മികച്ച പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് മാത്രമേ അടുത്ത മന്ത്രിസഭയില്‍ സ്ഥാനം ലഭിക്കൂ എന്ന മുന്നറിയിപ്പാണ് അഖിലേഷ് ഇപ്പോള്‍ നല്‍കുന്നത്.

Latest