Connect with us

Gulf

ഉപദേശം സദ്ദാം ചെവിക്കൊള്ളേണ്ടിയിരുന്നു: ശൈഖ് മുഹമ്മദ്‌

Published

|

Last Updated

ദുബൈ: ഇറാഖ് മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന്‍ തന്റെ ഉപദേശം ചെവികൊള്ളേണ്ടിയിരുന്നുവെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. സ്വന്തം ജനതയെ ദ്രോഹിക്കരുതെന്നും ജനങ്ങള്‍ക്കുമേല്‍ ഭരണകൂട ആധിപത്യം നടത്തരുതെന്നും സദ്ദാമിനെ ഉപദേശിച്ചിരുന്നുവെന്നും ന്യൂസ് വീക്കിന്റെ മിഡില്‍ ഈസ്റ്റ് എഡിഷന്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് അനുവദിച്ച അഭിമുഖത്തില്‍ ശൈഖ് മുഹമ്മദ് വ്യക്തമാക്കി. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉള്‍പെടെയുള്ളവ നിഷേധിച്ചതും സദ്ദാമിന് വിനയായി. യു എ ഇ സര്‍ക്കാര്‍ അത്തരം നടപടികള്‍ സ്വീകരിക്കാറില്ലെന്നും മധ്യപൗരസ്ത്യ ദേശത്തെ സംഭവ വികാസങ്ങളെ പരാമര്‍ശിച്ച് ശൈഖ് മുഹമ്മദ് വിശദീകരിച്ചു.
വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളുടെയും ജനതയുടെയും സങ്കര ഭൂമിയാണ് യു എ ഇ. സാമ്പത്തിക രംഗത്ത് നടപ്പാക്കുന്ന വൈവിധ്യവത്കരണം ഉള്‍പെടെയുള്ളവ യു എ ഇയെ മാത്രം ലക്ഷ്യം വെച്ചല്ല, മേഖലയുടെ മുഴുവന്‍ ഉന്നമനത്തിനുവേണ്ടിയാണ്. മേഖലയിലെ രാജ്യങ്ങള്‍ക്ക് കൂടുതല്‍ സ്ഥിരതയുള്ള സമ്പദ്‌വ്യവസ്ഥയും സമാധാനവും സന്തോഷവുമുള്ള അന്തരീക്ഷവും സൃഷ്ടിക്കാനാണ് യു എ ഇ പരിശ്രമിക്കുന്നത്. ഏത് രാജ്യത്തിനായാലും പുരോഗതിയിലേക്ക് മുന്നേറാന്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസവും നവീനമായ ആശയങ്ങളും എല്ലാവര്‍ക്കും തുല്യനീതിയും സമത്വവും കൂടിയേതീരൂ. എല്ലാറ്റിനും അടിസ്ഥാനമായി വേണ്ടത് സഹിഷ്ണുതയാണെന്നും ശൈഖ് മുഹമ്മദ് ഓര്‍മിപ്പിച്ചു. ഗള്‍ഫ് മേഖല ഭീതിതമായ നാശത്തിന്റെ വക്കിലാണ് നിലകൊള്ളുന്നത്.
സദ്ദാമിന്റെ കാലഘട്ടത്തില്‍ മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കാനാണ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്. പ്രശ്‌നത്തിന് സാധ്യമാവുന്ന ഒരു പരിഹാരമായിരുന്നു ആഗ്രഹിച്ചത്. ഞാന്‍ ബാഗ്ദാദില്‍ പോയത് ഇറാഖിനെയും ജനങ്ങളെയും സ്‌നേഹിക്കുന്ന ഒരാളെന്ന നിലയിലായിരുന്നു. ആ രാജ്യത്തിന്റെ ഭാവിയും സ്ഥിരതയും മൂല്യങ്ങളും നിലനില്‍ക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഞാന്‍ സദ്ദാമിനൊപ്പം അഞ്ച് മണിക്കൂറോളം ചെലവഴിച്ചു. വളരെ സൗഹൃദപൂര്‍ണമായതും സുതാര്യവുമായ അന്തരീക്ഷത്തിലായിരുന്നു ഞങ്ങള്‍ കൂടിക്കാഴ്ച നടത്തിയതും വിവിധ വിഷയങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തതും. ഇതിനിടെ നാലുതവണ സദ്ദാം പുറത്തേക്കുപോയി ഇറാഖി ചായയുമായി തിരിച്ചെത്തി. ഞങ്ങള്‍ സംഭാഷണം തുടര്‍ന്നു. അദ്ദേഹം എന്റെ ഉപദേശം സ്വീകരിച്ചിരുന്നെങ്കിലെന്ന് ഞാനിപ്പോള്‍ ആഗ്രഹിച്ചുപോവുന്നു. സദ്ദാം മേഖലയെ അറ്റമില്ലാത്ത ദുരന്തങ്ങളിലേക്കാണ് കൊണ്ടെത്തിച്ചത്. സദ്ദാം സ്വന്തം ശബ്ദം മാത്രം കേള്‍ക്കുന്ന ഒരാളായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ പല അറബ് നേതാക്കന്മാരുടെയും സ്വഭാവത്തിന്റെ ഭാഗം കൂടിയാണിതെന്നും ശൈഖ് മുഹമ്മദ് ഓര്‍മിപ്പിച്ചു.
ഒരു സര്‍ക്കാരിന്റെ പ്രഥമ കര്‍തവ്യം മികച്ച അന്തരീക്ഷം സൃഷ്ടിക്കുകയെന്നതാണ്. അത് ആളുകളെ നിയന്ത്രണങ്ങളില്‍ കുരുക്കിയാവരുത്.
മികച്ച പശ്ചാത്തല സൗകര്യങ്ങള്‍ ഉണ്ടാക്കണം. നിയമവും സര്‍ക്കാരുമെല്ലാം ജനങ്ങളെ ശാക്തീകരിക്കാനുള്ളതാവണം. ഒരിക്കലും അത് ജനങ്ങള്‍ക്കെതിരാവരുതെന്നും സദ്ദാം ഹുസൈന്റെ വിധിയെ സ്മരിച്ചു കൊണ്ട് ശൈഖ് മുഹമ്മദ് പറഞ്ഞു. കാലത്തിനൊത്ത് മാറ്റങ്ങളുള്‍കൊണ്ട് മുന്നേറാത്ത സര്‍ക്കാരുകള്‍ ആധുനിക കാലത്തെ സംസ്‌കാരത്തിന്റെ മത്സരയോട്ടത്തില്‍ പിന്നാക്കം പോവും. സഹിഷ്ണുതയെന്നത് വിദ്യാഭ്യാസത്തിലൂടെയും അറിവിലൂടെയും വായനയിലൂടെയും നേടിയെടുക്കേണ്ട ഒന്നാണ്. അതിന് വിദ്യയഭ്യസിക്കുക അത്യാന്താപേക്ഷിതമാണ്. അതിനാലാണ് ഭാവിയെന്നത് വിദ്യാലയങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞുവരേണ്ടതാണെന്ന് ഞാന്‍ ഓര്‍മിപ്പിക്കുന്നത്. നിയമത്തിന് മുമ്പില്‍ എല്ലാവരും സമന്മാരാകുന്ന സംവിധാനമാണ് യു എ ഇ മുന്നോട്ടുവെക്കുന്നത്. ഇത്തരം കാര്യങ്ങളെല്ലാമാണ് രാജ്യത്ത് മികച്ചതും മത്സരോന്മുഖവുമായ സമ്പദ്‌വ്യവസ്ഥ പടുത്തുയര്‍ത്താന്‍ രാജ്യത്തിന് സഹായകമായത്. ഈ മേഖല എന്റെ മേഖലയാണ്. ഇവിടുത്തെ ജനങ്ങളെല്ലാം എന്റെ സഹോദരീ സഹോദരന്മാരാണ്. ഈ മേഖലയുടെ ചരിത്രമെന്നത് എന്റെ വ്യക്തിത്വത്തിന്റെ അടിസ്ഥാനശിലയാണ്. അതിനാല്‍ ഇതെന്റെ അജണ്ട തന്നെയാണ്.
ചൊവ്വയിലേക്ക് പര്യവേക്ഷണ വാഹനം അയക്കാനുള്ള യു എ ഇയുടെ പദ്ധതി രാജ്യത്തിന്റെ മറ്റൊരു ഈടുവെപ്പാണ്. അത് നമ്മുടെ ജനങ്ങള്‍ക്കുള്ളതാണ്. ഈ പദ്ധതിയുടെ ഭാഗമാവാന്‍ നൂറുകണക്കിന് എഞ്ചിനീയര്‍മാരെയും ശാസ്ത്രജ്ഞരെയും ഗവേഷകരെയുമാണ് പ്രത്യേക പരിശീലനം നല്‍കി ഉണ്ടാക്കിയെടുക്കുക. സ്‌പേസ് സയന്‍സിലും അത്യാധുനിക സാങ്കേതിക വിദ്യയിലും ഏറ്റവും മികച്ച പരിശീലനമാകും ഇവര്‍ക്കായി ഒരുക്കുകയെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.

Latest