Connect with us

Gulf

ജനറല്‍ ശൈഖ് മുഹമ്മദ് ടോണി ബ്ലെയറിനെ സ്വീകരിച്ചു

Published

|

Last Updated

അബുദാബി: അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിനെയും പ്രമുഖ ധനകാര്യ സ്ഥാപനമായ ജെ പി മോര്‍ഗന്‍ ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ജാമ്മീ ഡിമോണിനെയും സ്വീകരിച്ചു.
ഇരുവരും ജെ പി മോര്‍ഗന്റെ വാര്‍ഷിക ബോര്‍ഡ് യോഗത്തിനായാണ് അബുദാബിയിലെത്തിയത്. ഇവര്‍ക്കൊപ്പം ഉന്നത പ്രതിനിധി സംഘവും അബുദാബിയില്‍ എത്തിയിട്ടുണ്ട്. ജെ പി മോര്‍ഗന്റെ ബോര്‍ഡ് മീറ്റിംഗ് അബുദാബിയില്‍ നടത്താന്‍ തീരുമാനിച്ചതിനെ ജനറല്‍ ശൈഖ് മുഹമ്മദ് സ്വാഗതം ചെയ്തു. ഇരുവരുമായി ജനറല്‍ ശൈഖ് മുഹമ്മദ് സാമ്പത്തിക രംഗത്തെ അവസരങ്ങളെ കുറിച്ചും സഹകരണത്തെ കുറിച്ചും ചര്‍ച്ച നടത്തി. യു എ ഇയിലെ ബിസിനസ് സെക്ടറുമായി സഹകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് നടന്നത്.
രാജ്യത്തിന്റെ രാജ്യാന്തര രംഗത്തെ യശസ്സാണ് ലോകത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ ജെ പി മോര്‍ഗന്റെ ബോര്‍ഡ് മീറ്റിംഗ് ചേരാന്‍ അബുദാബിയെ തിരഞ്ഞെടുക്കുന്നതിലേക്ക് നയിച്ചതെന്ന് ജനറല്‍ ശൈഖ് മുഹമ്മദ് പറഞ്ഞു. രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപകരെത്താനും ഇത്തരം സംഭവങ്ങള്‍ കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 30 അംഗങ്ങളും 18 മുന്‍ രാഷ്ട്ര തലവന്മാരും ഉന്നത ഉദ്യോഗസ്ഥരും സംഘത്തില്‍ ഉള്‍പെട്ടിട്ടുണ്ട്. അബുദാബി എക്‌സിക്യൂട്ടീവ് അഫയേഴ്‌സ് അതോറിറ്റി ചെയര്‍മാന്‍ ഖല്‍ദൂന്‍ ഖലീഫ അല്‍ മുബാറക്, അബുദാബി ക്രൗണ്‍ പ്രിന്‍സസ് കോര്‍ട്ട് അണ്ടര്‍ സെക്രട്ടറി മുബാറക് അല്‍ മസ്‌റൂഈ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.