Connect with us

Eranakulam

ക്ഷേമ പെന്‍ഷന്‍ വിതരണം ബേങ്ക് വഴി: ഗുണഭോക്താക്കളെ ദുരിതത്തിലാക്കും

Published

|

Last Updated

കൊച്ചി: സംസ്ഥാനത്ത് സാമൂഹിക നീതി വകുപ്പ് വഴി നടപ്പാക്കിവരുന്ന ക്ഷേമ പെന്‍ഷനുകളുടെ വിതരണം ബേങ്ക് വഴി മാത്രമാക്കാനുള്ള മന്ത്രിസഭാ തീരുമാനം ഗുണഭോക്താക്കളെ പ്രതിസന്ധിയിലാക്കും.
നേരത്തെ മണിയോര്‍ഡറായി ഗുണഭോക്താക്കള്‍ക്ക് പോസ്റ്റ് മാന്‍ വീടുകളിലെത്തിച്ച് നല്‍കിയിരുന്ന പെന്‍ഷന്‍ ഡയറക്ട് ബെനഫിക്ട് ട്രാന്‍സ്ഫര്‍ സംവിധാനം വഴി (ഡി ബി ടി) യാക്കിയതോടെ ബേങ്ക് വഴിയും പോസ്റ്റ് ഓഫീസ് വഴിയുമാക്കിയിരുന്നു. ഇതനുസരിച്ച് പെന്‍ഷന്‍ ലഭിക്കാന്‍ ഗുണഭോക്താക്കള്‍ക്ക് ഏതെങ്കിലും ദേശസാത്കൃത ബേങ്കിലോ പോസ്റ്റ് ഓഫീസുകളിലോ അക്കൗണ്ടുകള്‍ ഉണ്ടാകണമെന്ന് നിര്‍ബന്ധിക്കുകയും ആധാറും അക്കൗണ്ട് നമ്പറുകളും ഡി ബി ട്ടിയുമായി ലിങ്കുചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ പോസ്റ്റ് ഒഫീസ് വഴിയുള്ള വിതരണം അവതാളത്തിലായി. ഇതോടെയാണ് പെന്‍ഷന്‍ വിതരണം അടുത്തമാസം മുതല്‍ ബേങ്ക് അക്കൗണ്ടുകള്‍ വഴി മാത്രമാക്കി കഴിഞ്ഞ ദിവസം തീരുമാനിച്ചിരിക്കുന്നത്. ഇതനുസരിച്ച് പോസ്റ്റ് ഓഫീസുകളില്‍ അക്കൗണ്ടുകള്‍ ചേര്‍ന്ന് മാസങ്ങളായി പെന്‍ഷനു വേണ്ടി കാത്തിരിക്കുന്ന 18 ലക്ഷത്തില്‍ പരം ഗുണഭോക്താക്കള്‍ക്കാണ് ഈതീരുമാനം തിരിച്ചടിയായിരിക്കുന്നത്.
ആഴ്ചകളോളം സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങിയാണ് വികലാംഗരും വയോധികരും രോഗികളുമുള്‍പ്പെടെയുള്ള ക്ഷേമപെന്‍ഷന്‍ ഉപഭോക്താക്കള്‍ നിലവില്‍ പോസ്റ്റ് ഓഫീസുകളില്‍ അക്കൗണ്ടുകള്‍ തുറന്നത്. എന്നാല്‍ ഇനി അടുത്തമാസം മുതല്‍ പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ പോസ്റ്റ് ഓഫീസ് അക്കൗണ്ടുചേര്‍ന്നവരെല്ലാം സമാന സ്ഥിതിയില്‍ ബേങ്കുകളിലും പഞ്ചായത്തിലുമെല്ലാം കയറിയിറങ്ങി ബേങ്ക് അക്കൗണ്ട ്‌രേഖകള്‍ സമര്‍പ്പിക്കണം. ഇന്നലെ ഉച്ചവരെയുള്ള കണക്കനുസരിച്ച് 9,78,588 പുരുഷന്‍മാരും 22,20,828 സ്ത്രീകളുമുള്‍പ്പെടെ 31,99,416 പേരാണ് സംസ്ഥാനത്ത് വിവിധ ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കളായുള്ളത്. ഇവരില്‍ 12,21,774 പേരും വാര്‍ധക്യ പെന്‍ഷന്‍കാരാണ്്. 10,86,775 പേര്‍ വിധവകളുമാണ്. കര്‍ഷക തൊഴിലാളി പെന്‍ഷന്‍- 502506, മാനസിക വൈകല്യമുള്ളവര്‍- 11872, വൈകല്യമുള്ളവര്‍- 307122, അവിവാഹിതരായ 50 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ 69367 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ കണക്കുകള്‍. ആകെയുള്ള പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 118433 പേര്‍ പട്ടികജാതി വിഭാഗത്തില്‍ പെടുന്നവരും 560668 പേര്‍ പട്ടിക വര്‍ഗത്തില്‍ പെടുന്നവരുമാണ്.
ആകെയുള്ള 31.99 ലക്ഷം പേരില്‍ 18.60 ലക്ഷം പേരും പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളാണ് പെന്‍ഷന്‍ ലഭിക്കാന്‍ സമര്‍പ്പിച്ചിരിക്കുന്നത്. 8.30 ലക്ഷം പേര്‍ മാത്രമാണ് ബേങ്ക് അക്കൗണ്ടുകള്‍ ഡി ബി ട്ടിയുമായി ലിങ്ക് ചെയ്തിരിക്കുന്നത്. വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത രോഗികളുള്‍പ്പെടെ 4,86,031 പേര്‍ക്ക് മണിയോര്‍ഡറായും നല്‍കുന്നു. 22,606 പേര്‍ ഇനിയും ബേങ്ക്- പോസ്റ്റ് ഓഫീസ് അക്കൗണ്ടുകള്‍ സമര്‍പ്പിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ലക്ഷക്കണക്കിന് വരുന്ന അംഗപരിമിതരും വയോധികരും മാനസികവെല്ലുവിളികള്‍ നേരിടുന്നവരുമുള്‍പ്പെടെയുള്ള ഗുണഭോക്താക്കള്‍ ഇനിയും ബേങ്ക് അക്കൗണ്ടുകള്‍ക്കായി അലയേണ്ടി വരുന്നത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.
മാസങ്ങളോളമായി പെന്‍ഷന്‍ കുടിശ്ശിക നിലനില്‍ക്കെ കഴിഞ്ഞ ആഗസ്റ്റിലാണ് ഡി ബി ടി സംവിധാനം വഴി സര്‍ക്കാര്‍ അവസാനമായി പെന്‍ഷന്‍ വിതരണം ചെയ്തത്. നേരത്തെ പല ഉത്സവ സീസണുകളില്‍ പോലും പെന്‍ഷന്‍ വിതരണം കുടിശ്ശികയാക്കിയ സര്‍ക്കാര്‍ കഴിഞ്ഞ ഓണത്തിനായി തുക അനുവദിച്ചെങ്കിലും ഓണം കഴിഞ്ഞും പലര്‍ക്കും പെന്‍ഷന്‍ ലഭിച്ചിരുന്നില്ല.
1575.89 കോടി രൂപ ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ വിതരണം ചെയ്തതായി കഴിഞ്ഞ ദിവസം മന്ത്രിസഭ തീരുമാനത്തിനു ശേഷം അറിയിച്ചിരുന്നു. എന്നാല്‍ 2000 കോടിയോളമാണ് ഇനിയും സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ കുടിശ്ശികയുള്ളത്.
പെന്‍ഷന്‍ വിതരണ പരിഷ്‌ക്കാരത്തിലെ പാകപ്പിഴകള്‍ തന്നെ നേരത്തെ പ്രതിഷേധത്തിനിടയാക്കിയതിനു പുറമെ തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് പോലും ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാന്‍ കഴിയാത്തത് യു ഡി എഫ് സര്‍ക്കാറിന് തലവേദനയായിരിക്കുകയാണ്. ഈ സാഹചര്യത്തിലായിരുന്നു കഴിഞ്ഞ ദിവസത്തെ മന്ത്രിസഭ തീരുമാനത്തിനു ശേഷം പോസ്റ്റ് ഓഫീസ് വഴിയുള്ള വിതരണം അവതാളത്തിലായതാണ് കുടിശ്ശികക്കിടയാക്കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്.
എന്നാല്‍ നേരത്തെ പോസ്റ്റ് ഓഫീസ് അക്കൗണ്ട് ചേര്‍ന്നവര്‍ ഇനി പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ ബേങ്ക് അക്കൗണ്ട് ചേര്‍ന്ന് അക്കൗണ്ട്, ആധാര്‍ രേഖകള്‍ വീണ്ടും സമര്‍പ്പിക്കേണ്ടതുണ്ടെന്ന തീരുമാനം ഫലത്തില്‍ പെന്‍ഷന്‍ ഉപഭോക്താക്കളെ കൂടുതല്‍ ദുരിതത്തിലാക്കിയേക്കും.