Connect with us

Gulf

ഗതകാല സ്മരണയുണര്‍ത്തി സ്‌കൂള്‍ പ്രദര്‍ശനം

Published

|

Last Updated

ഷാര്‍ജ: ജീവിതത്തിലിതേവരെ ഓലപീപ്പിയും ഓലപ്പാമ്പും, ഓലക്കണ്ണടയും, ഓല വാച്ചും, ഓല പമ്പരവും കാണാത്ത കുട്ടികള്‍ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ ബോയ്‌സ് വിംഗില്‍ ഒരുക്കിയ പ്രദര്‍ശനത്തില്‍ ഇവയൊക്കെ ആദ്യമായി കണ്ടവര്‍ക്ക് തികഞ്ഞ കൗതുകം.
തെങ്ങോല കൊണ്ടുള്ള ഈ കളിപ്പാട്ടങ്ങള്‍ മാത്രമല്ല ഓലയില്‍ നിര്‍മിച്ച മുറം, വല്ലം, മീന്‍കുട്ട, മണ്‍കുട്ട, മെടഞ്ഞ ഓല എന്നിവയും പ്രദര്‍ശനത്തില്‍ ഒരുക്കിയിരുന്നു. ഗതകാലസ്മരണക്ക് പ്രാധാന്യം നല്‍കിയാണ് സ്‌കൂളിലെ ആര്‍ട്, ഹെറിട്ടേജ്, മീഡിയ, ഹോപ്, ലിറ്റററി, സയന്‍സ് തുടങ്ങിയ വിദ്യാര്‍ഥികളുടെ ഒമ്പതോളം ക്ലബുകള്‍ സംയുക്തമായി അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ പ്രദര്‍ശനം സംഘടിപ്പിച്ചത്. സയന്‍സ് വിഭാഗത്തില്‍ വിവിധയിനം ഹൈഡ്രോളിക് ഉപകരണങ്ങളുടെ മാതൃകയാണ് ശ്രദ്ധേയമായത്. മണ്‍മറഞ്ഞ മഹാന്‍മാരായ കവികളുടെയും എഴുത്തുകാരുടെയും രാഷ്ട്രനേതാക്കന്‍മാരുടെയും ചിത്രങ്ങളും ലഘു ജീവിതക്കുറിപ്പും പ്രദര്‍ശിപ്പിച്ച് ലിറ്റററി ക്ലബും, കുട്ടികള്‍ പകര്‍ത്തിയ മനോഹരങ്ങളായ ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ച് മീഡിയാ ക്ലബും ശ്രദ്ധേയമായ സാന്നിധ്യമറിയിച്ചു. സഹോദരങ്ങളായ ഗൗതം അശോകും, സിദ്ധാര്‍ഥ് അശോകും ചേര്‍ന്നൊരുക്കിയ ഫിലാറ്റലിക് പ്രദര്‍ശനം ഏറെ ശ്രദ്ധേയമായി. അറുപതിലേറെ രാജ്യങ്ങളുടെ വിവിധ കാലഘട്ടങ്ങളിലിറങ്ങിയ കറന്‍സിയും നാണയങ്ങളും സ്റ്റാമ്പുകളുമാണ് ഇവര്‍ പ്രദര്‍ശിപ്പിച്ചത്.1804 ല്‍ ഇറക്കിയ നാണയങ്ങള്‍ വരെ ശേഖരത്തിലുണ്ട്. ജപ്പാനില്‍ മുമ്പ് നിലവിലുണ്ടായിരുന്ന റുപ്പീസും ഗ്രീസിന്റെ ലോക്കറ്റ് രൂപത്തിലുള്ള പുരാതന നാണയവും പ്ലാസ്റ്റിക് കറന്‍സിയുമെല്ലാം ഗൗതം അശോകിന്റെ ശേഖരത്തിലെ കൗതുകങ്ങളായി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ എ റഹീം എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ബിജു സോമന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ ആര്‍ രാധാകൃഷ്ണന്‍ നായര്‍, വൈസ് പ്രിന്‍സിപ്പല്‍ മുഹമ്മദ് അമീന്‍, ഹെഡ്മാസ്റ്റര്‍ ജോര്‍ജ് വര്‍ഗീസ്, അഡ്മിനിസ്‌ട്രേറ്റര്‍ അഡ്വ. അബ്ദുല്‍ കരീം എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

---- facebook comment plugin here -----

Latest