Connect with us

Wayanad

ജില്ലയില്‍ 5,73,513 വോട്ടര്‍മാര്‍ ഇന്ന് ബൂത്തിലേക്ക്; ജനവിധി തേടുന്നത് 1883 സ്ഥാനാര്‍ഥികള്‍

Published

|

Last Updated

കല്‍പ്പറ്റ: ജില്ല ഇന്ന് മനസ് തുറക്കും. രണ്ടാഴ്ചയിലേറെ നീണ്ട പ്രചാരണത്തിന് ഒടുവില്‍ ഇനി വോട്ടര്‍മരെല്ലാം ബൂത്തിലെത്തിയെന്ന് ഉറപ്പാക്കുകയാണ് മുന്നണികളുടെ ദൗത്യം.
ത്രിതല പഞ്ചായത്തിലേക്കും നഗരസഭകളിലേക്കുമുള്ള വോട്ടെടുപ്പ് രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ച് വരെ സമ്മതിദാനാവകാശം വിനിയോഗിക്കാം. ജില്ലയില്‍ 291312 സ്ത്രീ വോട്ടര്‍മാരും 282201 പുരുഷ വോട്ടര്‍മാരുമടക്കം ആകെ 5,73,513 പേരാണ് ജില്ലയിലുള്ളത്. നഗരസഭകളില്‍ 99 പോളിങ് ബൂത്തുകളും ഗ്രാമ പഞ്ചായത്തുകളില്‍ 748 ബൂത്തുകളും അടക്കം ആകെ 847 ബൂത്തുകളാണുള്ളത്. ജില്ലയില്‍ ആകെ 1883 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 16 അംഗ ജില്ലാ പഞ്ചായത്തിലേക്ക് -56, നാല് ബ്ലോക്ക് പഞ്ചായത്തുകളിലെ 54 ഡിവിഷനിലേക്കായി-172, 23 ഗ്രാമപഞ്ചായത്തിലെ 413 വാര്‍ഡുകളിലേക്കായി -1331, മൂന്ന് നഗരസഭകളിലെ 99 ഡിവിഷനുകളിലേക്കായി-324 എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികളുടെ എണ്ണം.
സംസ്ഥാനത്ത് ഏറ്റവും കുറവ് വാര്‍ഡുകള്‍ വയനാട്ടിലാണ്. 31 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 582 വാര്‍ഡുകളാണ് ആകെയുള്ളത്. 31 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങിലായി 560 വാര്‍ഡുകളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നത്. വയനാട്ടില്‍ ഉണ്ടായിരുന്നത്.2010ലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 4,34,912 പേരാണ് സമ്മതിദാനം വിനിയോഗിച്ചത്. 79.78 ശതമാനമായിരുന്നു പോളിംഗ്.
ഇതില്‍ യു ഡി എഫ് 49.56 ശതമാനവും എല്‍ ഡി എഫ് 40.25 ശതമാനവും ബി ജെ പി 5.54 ശതമാനവും വോട്ട് നേടി. ഇത്തവണ ചിത്രം ഇതാവില്ലെന്നതാണ് നിഷ്പക്ഷമതികളുടെ വിലയിരുത്തല്‍.
മൂന്ന് മുന്നണികള്‍ക്കും ലഭിക്കുന്ന വോട്ടിംഗ് ശതമാനത്തില്‍ കാര്യമായ ഏറ്റക്കുറച്ചില്‍ ഉണ്ടാവാമെന്നാണ് കണക്കാക്കുന്നത്. വോട്ടിങ് യന്ത്രങ്ങളും മറ്റ് പോളിങ് സാമഗ്രികളും കല്‍പറ്റ, ബത്തേരി, പനമരം, മാനന്തവാടി എന്നിവിടങ്ങളിലെ വിതരണ കേന്ദ്രങ്ങളില്‍ നിന്ന് ഏറ്റുവാങ്ങി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നലെ ഉച്ചയോടെ തന്നെ പോളിങ് ബൂത്തുകളിലെത്തി. വോട്ടിങ് കഴിഞ്ഞ് ഇന്ന് വൈകുന്നേരം തന്നെ വോട്ടിങ് യന്ത്രങ്ങള്‍ തിരികെയത്തിച്ച് സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിക്കും.
നവംബര്‍ ഏഴിനാണ് വോട്ടെണ്ണല്‍. ജില്ലയിലെ എല്ലാ പബ്ലിക് ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കു സ്ഥാപനങ്ങള്‍ക്കും ഇന്ന് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ജില്ലയിലെ വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരുള്ള, ജില്ലക്ക് പുറത്ത് ജോലി നോക്കുന്ന സംസ്ഥാനത്തെ ഫാക്ടറി/പ്ലാന്‍േറഷന്‍/മറ്റ് ഇതര വിഭാഗം ജീവനക്കാര്‍ക്കും കാഷ്വല്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവനക്കാര്‍ക്കും വോട്ടെടുപ്പ് ദിവസം വേതനത്തോടെയുള്ള അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

Latest