Connect with us

Palakkad

അണക്കെട്ടുകളില്‍ നിന്ന് വെള്ളം ജനുവരി വരെ മാത്രം

Published

|

Last Updated

പാലക്കാട്: ജില്ലയില്‍ കൃഷിക്കാവശ്യമായ വെള്ളം അണക്കെട്ടുകളില്‍നിന്ന് ജനവരി അവസാനംവരെ തുറന്നുവിടും. കൃഷിവകുപ്പ് വിളിച്ചുചേര്‍ത്ത ജില്ലാതല വിളനിര്‍ണയ സമിതിയുടെ യോഗത്തിലാണ് തീരുമാനം.ഇടവിട്ടാണ് വെള്ളം തുറന്നുവിടുക. മലമ്പുഴ ഇടതുകനാല്‍ നവംബര്‍ നാലിനും വലതുകനാല്‍ 10നും തുറക്കാന്‍ തീരുമാനിച്ചിരുന്നു. ഈ വെള്ളമാണ് ജനവരി അവസാനംവരെ കിട്ടുക. പോത്തുണ്ടി അണക്കെട്ടില്‍നിന്നുള്ള വെള്ളവും ജനവരി അവസാനംവരെ കിട്ടും. 15നാണ് അണക്കെട്ട് തുറക്കുക.ചിറ്റൂരില്‍ കൊയ്ത്ത് നടക്കുന്നതിനാല്‍ അണക്കെട്ട് തുറക്കാന്‍ സാധിക്കില്ല. കാഞ്ഞിരപ്പുഴയിലും ചുള്ളിയാറിലും സ്ഥിതി ശോചനീയമാണ്. കുറച്ചുദിവസംകൂടി നല്‍കാനുള്ള വെള്ളം മാത്രമേയുള്ളൂവെന്ന് യോഗത്തെ അറിയിച്ചു. ഇക്കാരണത്താല്‍ മൂപ്പുകുറഞ്ഞ വിത്തിനങ്ങളായ കാഞ്ചന, ജ്യോതി മുതലായവ കൃഷിചെയ്യാന്‍ ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ നിര്‍ദേശിച്ചു.ഇത്തവണ പതിവുസമയത്ത് ഒന്നാംവിളയുടെ പണികളുള്‍പ്പെടെ തുടങ്ങാനായിരുന്നില്ല. നവംബറാവുമ്പോഴേക്കും തീരേണ്ട രണ്ടാംവിളയിറക്കലും എങ്ങുമെത്തിയില്ല. കനാല്‍ വൃത്തിയാക്കാത്തതാണ് വെള്ളം തുറന്നുവിടാന്‍ സാധിക്കാത്തതിന്റെ പ്രധാന പ്രശ്‌നമെന്ന് പരാതിയുയര്‍ന്നു. തൊഴിലുറപ്പുകാരെ ഏര്‍പ്പെടുത്തി അടുത്തയാഴ്ചതന്നെ കനാലുകള്‍ വൃത്തിയാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.മലമ്പുഴ അണക്കെട്ടില്‍ കൃഷിയാവശ്യത്തിനായി 44ദിവസം തുറന്നുവിടാനുള്ള വെള്ളം മാത്രമാണ് നിലവിലുള്ളത്. മംഗലം അണക്കെട്ട് വ്യാഴാഴ്ച തുറന്നു. ഇവിടെ 78 ദിവസത്തേക്കുള്ള വെള്ളമുണ്ട്.