Connect with us

Gulf

ആര്‍ എസ് സി ദുബൈ സോണ്‍ സാഹിത്യോത്സവ് സമാപിച്ചു

Published

|

Last Updated

ദുബൈ: മാപ്പിള കലകളുടെ തനിമയും പ്രസക്തിയും വിളിച്ചറിയിക്കുന്ന മികവാര്‍ന്ന മത്സരങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച് ദുബൈ സോണ്‍ സാഹിത്യോത്സവിന് പ്രൗഢമായ സമാപനം. മുഹൈസിന ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ നടന്ന സാഹിത്യോത്സവില്‍ ഏഴ് സെക്ടര്‍ ടീമുകള്‍ തമ്മില്‍ 49 ഇനങ്ങളില്‍ അഞ്ച് വേദികളിലായി നടന്ന മത്സരത്തില്‍ 188 പോയിന്റ് നേടി ദേര സെക്ടര്‍ ചാമ്പ്യന്‍മാരായി. 185 പോയിന്റ് നേടി ബര്‍ദുബൈ, 155 പോയിന്റ് നേടി മുറഖബാത് സെക്ടറുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
സമാപന സംഗമം ഗള്‍ഫ് മോഡല്‍ സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. നജീത്ത് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ മുസ്തഫ ദാരിമി വിളയൂര്‍ അധ്യക്ഷത വഹിച്ചു. ഡോ. കരീം വെങ്കിടങ്ങ്, ഒ എം എ ബക്കര്‍, ഇസ്മാഈല്‍ ഏറാമല, അമ്മാര്‍ കീഴ്പറമ്പ്, കുഞ്ഞിമുഹമ്മദ് സംസാരിച്ചു. ആര്‍ എസ് സി നാഷനല്‍ കണ്‍വീനര്‍ അഹ്മദ് ഷെറിന്‍ “കല; സാഹിത്യോത്സവുകള്‍ സാധ്യമാക്കുന്നത്” എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.
സാഹിത്യോത്സവ് മത്സരങ്ങള്‍ ആസ്വദിക്കുന്നതിനും ആശംസയര്‍പ്പിക്കുന്നതിനും ജേതാക്കള്‍ക്ക് അവാര്‍ഡ് നല്‍കുന്നതിനും സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, മത രംഗത്തുള്ള പ്രമുഖര്‍ സംബന്ധിച്ചു. ചാമ്പ്യന്‍മാര്‍ക്ക് അബൂബക്കര്‍ അസ്ഹരി, അബ്ദുല്‍ ഹകീം, സി എം എ ചെറൂര്‍, മുഹമ്മദ് പുല്ലാളൂര്‍ എന്നിവര്‍ ട്രോഫി സമ്മാനിച്ചു. സോണ്‍ കലാലയം കണ്‍വീനര്‍ കെ എ അസീസ് സ്വാഗതവും പി ടി ശമീര്‍ നന്ദിയും പറഞ്ഞു.