Connect with us

Kerala

മഴ ചോര്‍ത്താത്ത ആവേശത്തില്‍ നേതാക്കള്‍ വോട്ട് ചെയ്തു

Published

|

Last Updated

തിരുവനന്തപുരം: മഴയില്‍ തണുത്ത പോളിംഗിനിടയിലും ആവേശം കൈവിടാതെ നേതാക്കള്‍. പ്രചാരണ ദിവസങ്ങളില്‍ ജ്വലിച്ചുനിന്ന ആകാശം വിധിയെഴുത്ത് ദിനത്തില്‍ കറുത്തെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും തികഞ്ഞ പ്രതീക്ഷയിലാണ്.
തലസ്ഥാനത്ത് നേതാക്കളെല്ലാം മഴയെ അവഗണിച്ച് രാവിലെ തന്നെ വോട്ട് ചെയ്യാനെത്തി. കോണ്‍ഗ്രസിന് മികച്ച വിജയം സാധ്യമാകുമെന്ന് കുന്നുകുഴി ഗവ. എല്‍ പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ പ്രതികരിച്ചു. ഭാര്യ ലതക്കൊപ്പം എത്തിയാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിച്ചത്. കെ പി സി സി പ്രസിഡന്റിനൊപ്പം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി, കെ പി സി സി വൈസ് പ്രസിഡന്റ് എം എം ഹസന്‍, കെ മുരളീധരന്‍ എം എല്‍ എ എന്നിവരും വിജയപ്രതീക്ഷ പങ്കുവെച്ചു.
ജഗതി ഹൈസ്‌കൂളിലാണ് എ കെ ആന്റണിയും ഭാര്യ എലിസബത്തും എം എം ഹസനും വോട്ട് രേഖപ്പെടുത്തിയത്. സി പി എം പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയും എം എ ബേബിയും തലസ്ഥാനത്ത് വോട്ട് രേഖപ്പെടുത്തി. എസ് രാമചന്ദ്രന്‍ പിള്ള ബാര്‍ട്ടണ്‍ഹില്‍ എന്‍ജിനീയറിംഗ് കോളജിലും എം എ ബേബി സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമാണ് വോട്ട് ചെയ്തത്. ഇരുവരും വിജയപ്രതീക്ഷ പങ്കുവെച്ചു.
അരുവിക്കര എം എല്‍ എ. കെ എസ് ശബരീനാഥന്‍, സഹോദരന്‍ അനന്തപദ്മനാഭന്‍, അമ്മ സുലേഖ എന്നിവര്‍ ശാസ്തമംഗലം എന്‍ എസ് എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി.
ബി ജെ പി മികച്ച വിജയം കൈവരിക്കുമെന്ന് പറഞ്ഞ ചലച്ചിത്രതാരം സുരേഷ് ഗോപി താന്‍ ഇപ്പോഴും ബി ജെ പിക്കൊപ്പമാണെന്ന് തുറന്നടിച്ചു. മുതിര്‍ന്ന ബി ജെ പി നേതാവ് ഒ രാജഗോപാല്‍ ജവഹര്‍ നഗര്‍ സ്‌കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. ബി ജെ പിയുടെ വിജയത്തില്‍ അദ്ദേഹം തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
തിരുവനന്തപുരം കോര്‍പറേഷനില്‍ നിലവിലുള്ള എല്‍ ഡി എഫിന്റെ 51 സീറ്റില്‍ 70 സീറ്റിലെങ്കിലും ജയിക്കുമെന്നാണ് ഇടതുമുന്നണിയുടെ വാദം. യു ഡി എഫിന്റെ 42 സീറ്റ് 80 സീറ്റായി ഉയര്‍ത്തുമെന്ന് അവരും അവകാശപ്പെടുന്നു. കഴിഞ്ഞ തവണ ആറ് സീറ്റുകളിലാണ് കോര്‍പറേഷനില്‍ ബി ജെ പി സ്ഥാനമുറപ്പിച്ചത്. ഇത് ആറില്‍ നിന്ന് അറുപതിലെത്തിക്കുകയെന്നതാണ് ബി ജെ പി ലക്ഷ്യമിട്ടത്. കഴിഞ്ഞ തവണ യു ഡി എഫ് പിടിച്ചെടുത്ത ജില്ലാ പഞ്ചായത്ത് ഭരണം ഇക്കുറി ഇരു മുന്നണികളുടെയും അഭിമാന പോരാട്ടമാണ്.