Connect with us

Articles

പശുവും വര്‍ഗീയ ഭ്രാന്തും കാഴ്ചയെ മറയ്ക്കുമ്പോള്‍

Published

|

Last Updated

മന്‍മോഹന്‍ സിംഗ് സര്‍ക്കാറും പശുവിന്റെ പേരിലുള്ള വര്‍ഗീയ രാഷ്ട്രീയവും ചേര്‍ന്നാല്‍ കേന്ദ്ര നരേന്ദ്രമോദി സര്‍ക്കാറായിയെന്ന് പറഞ്ഞ അരുണ്‍ ഷൂരിയുടെ വാക്കുകള്‍ സത്യത്തെ പ്രതിഫലിപ്പിക്കുന്നു. വാജ്പയ് ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന നാളുകളില്‍ ഡിസ്ഇന്‍വെസ്റ്റ്‌മെന്റ് മന്ത്രിയായിരുന്ന അരുണ്‍ ഷൂരിയാണ് പുതിയ ബി ജെ പി സര്‍ക്കാറിനെതിരെ രംഗത്തു വന്നതെന്ന കാര്യം വളരെ ശ്രദ്ധേയമാണ്. പശുവിന്റെ പേരില്‍ ഭ്രാന്ത് സൃഷ്ടിക്കാന്‍ ആസൂത്രിതമായ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍, മന്‍മോഹന്‍ സിംഗിന്റെ സാമ്പത്തിക ആക്രമണ സിദ്ധാന്തങ്ങള്‍ തന്നെയാണ് നരേന്ദ്ര മോദി അനുവര്‍ത്തിക്കുന്നതെന്ന കാര്യം മറച്ചുവെയ്ക്കപ്പെടുകയാണ് എന്ന കാര്യമാണ് അരുണ്‍ ഷൂരി വെളിപ്പെടുത്തുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇല്ലാതാക്കുകയും തൊഴില്‍ സാധ്യതകള്‍ കുറയ്ക്കുകയും വന്‍കിട കുത്തകകള്‍ക്ക് ഇളവുകള്‍ അനുവദിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് നയങ്ങള്‍ അപ്പടി നടപ്പാക്കി കൊണ്ടിരിക്കുകയാണ് കേന്ദ്ര ബി ജെ പി സര്‍ക്കാര്‍. പൊതുമേഖലകളിലെ ഡിസ്ഇന്‍വെസ്റ്റ്‌മെന്റ് പ്രോത്സാഹിപ്പിക്കുന്ന നയമായിരുന്നു ഒരു കാലത്ത് മന്ത്രിയായിരുന്ന അരുണ്‍ഷൂരി പിന്തുടര്‍ന്നത്. പക്ഷേ, സമ്പൂര്‍ണമായ പുതിയ കുത്തകസേവ കണ്ടിട്ട് അദ്ദേഹത്തിനു പോലും സഹിക്കുന്നില്ല. എല്ലാ രംഗത്തും വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന ബി ജെ പി സര്‍ക്കാര്‍ സബ്‌സിഡികള്‍ ഓരോന്നായി നിര്‍ത്തലാക്കുകയും ചെയ്യുന്നു. വര്‍ഗ്ഗീയ ഭ്രാന്ത് വ്യാപിക്കുന്നതിനാല്‍ അതൊന്നും ചര്‍ച്ചാ വിഷയമാകുന്നില്ലായെന്നു മാത്രം.
ഭക്ഷ്യരംഗത്തും ഇന്ധന രംഗത്തും സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്നത് നാമമാത്രമായ സബ്‌സിഡികളാണ്. അതേസമയം, അതിനേക്കാള്‍ അഞ്ചിരട്ടി ഇളവുകളാണ് മോദി സര്‍ക്കാര്‍ കുത്തക കമ്പനികള്‍ക്ക് നല്‍കുന്നത്. 2014-2015 വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ 2, 51,397 കോടി രൂപ മാത്രമാണ് കേന്ദ്രം 125 കോടി ജനങ്ങള്‍ക്ക് നല്‍കിയ ആകെ സബ്‌സിഡി. എന്നാല്‍ ഇതേ കാലയളവില്‍, 5,90,000 കോടി രൂപയാണ് “വികസന”ത്തിന് വേണ്ടി കുത്തകകള്‍ക്ക് നല്‍കിയത്.
എണ്ണവില വര്‍ധിപ്പിക്കുന്നതിന് വേണ്ടിയുള്ള കള്ളക്കളികളില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെപ്പോലെ തന്നെയാണ് ബി ജെ പി സര്‍ക്കാറും സഞ്ചരിക്കുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയിലിന് വില കൂടുന്നുവെന്ന പേരില്‍ ഇന്ത്യയില്‍ എണ്ണ വില കൂട്ടുന്ന പതിവു പരിപാടികള്‍ക്ക് മാറ്റമില്ല. ക്രൂഡോയിലിന് അന്താരാഷ്ട്ര വിപണിയില്‍ വില ബാരലിന് 147 ഡോളര്‍ ആയിരുന്നപ്പോള്‍ ഇന്ത്യയില്‍ ലിറ്ററിന് 75 രൂപ വെച്ച് കമ്പനികള്‍ ഈടാക്കിയിരുന്നു. എന്നാല്‍ ഇപ്പോളത് ബാരലിന് 42 ഡോളര്‍ മാത്രമായി കുറഞ്ഞിട്ടും ആനുപാതികമായി വില കുറയ്ക്കാന്‍ കമ്പനികള്‍ തയ്യാറല്ല. ജനങ്ങളെ കൊള്ളയടിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നത് മൂലമാണിത്. ക്രൂഡോയില്‍ വിലയില്‍ 367 ശതമാനം കുറവുണ്ടായപ്പോള്‍ 68 രൂപ മാത്രമായി കുറയ്ക്കാനാണ് തീരുമാനം. ഏറ്റവും കുറഞ്ഞത് ലിറ്ററിന് 40 രൂപയില്‍ താഴെയാക്കാന്‍ കഴിയുമെന്ന സ്ഥിതിയുള്ളപ്പോഴാണിത്. നേട്ടം മുഴുവന്‍ കുത്തകകള്‍ക്ക്. അതേസമയം, ജനങ്ങളുടെ സാമ്പത്തികസ്ഥിതി ദയനീയമായി തുടരേണ്ടിവരുന്നു.
വികസനമന്ത്രങ്ങള്‍ മുഴക്കി പ്രധാനമന്ത്രി ലോകം മുഴുവന്‍ കറങ്ങി നടക്കുമ്പോഴാണ് ഇന്ത്യയിലെ ജനങ്ങള്‍ സര്‍വനാശത്തിലേക്ക് തള്ളിവിടപ്പെടുന്നത്. സാമ്പത്തിക വളര്‍ച്ചയുടെ വര്‍ണാഭമായ കണക്കുകള്‍ അടിക്കടി പുറത്തുവിടുന്ന സാമ്പത്തിക വിദഗ്ധര്‍ ഉത്തരം പറയേണ്ട മറ്റൊരു ചോദ്യവുമുണ്ട്. വികസനത്തിന് ആനുപാതികമായി തൊഴില്‍ വളര്‍ച്ച രാജ്യത്തുണ്ടാകുന്നുണ്ടോ? നമ്മുടെ രാജ്യത്തെ ആകെ തൊഴില്‍ ശക്തിയുടെ 27 ശതമാനത്തിന് മാത്രമാണ് സേവന വ്യവസായങ്ങളില്‍ തൊഴില്‍ ലഭ്യമായിട്ടുള്ളത്. അതില്‍ ഭൂരിപക്ഷവും കരാര്‍ തൊഴിലാണു താനും. മഹാഭൂരിപക്ഷത്തിനും തൊഴിലുറപ്പ് നല്‍കാന്‍ രാജ്യത്തിന് കഴിയുന്നില്ല. കരാര്‍ തൊഴില്‍രംഗം തന്നെ ചൂഷണത്തിന്റെ ഞെട്ടിക്കുന്ന മേഖലയാണ്. അസ്ഥിരതയും അല്‍പ്പം മാത്രം കൂലിയും എന്ന സ്ഥിതിയിലാണ് കരാര്‍വല്‍ക്കരണം പുരോഗമിക്കുന്നത്.
തൊഴില്‍ലംഘനവും അവകാശനിഷേധവും വിലക്കയറ്റവും ചൂഷണവും മൂലം ജനസാമാന്യത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു കൊണ്ടിരിക്കുമ്പോള്‍ ദേശീയ ശ്രദ്ധയില്‍ അതൊന്നും വരുന്നില്ല. കേരളത്തിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പോലും മോദി സര്‍ക്കാറിന്റെ സാമ്പത്തികാതിക്രമങ്ങള്‍ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാതെ പോയി. സര്‍വ്വശ്രദ്ധയും പശുവിറച്ചിയില്‍ കേന്ദ്രീകരിക്കേണ്ടി വന്നു. പശുവിന്റെ പേരില്‍ മനുഷ്യനെ കൊല്ലുന്ന ഹീനകൃത്യം ഫാസിസ്റ്റുകള്‍ക്കു മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യമാണ്. അടുക്കളയിലേക്കു തള്ളിക്കയറുന്ന സംഘപരിവാര്‍ ശക്തികളെ തടഞ്ഞുനിര്‍ത്താന്‍ നടപടികള്‍ വേണം. ഡല്‍ഹിയിലെ കേരളാ ഹൗസിലേക്കു പോലീസ് നടത്തിയ ഗോമാംസവേട്ട വരാനിരിക്കുന്ന അശുഭദിനങ്ങളുടെ സൂചനയുമാണ്.
പക്ഷേ, അവയെല്ലാം സമഗ്രമായ ആസൂത്രണങ്ങളോടെയാണ് അവര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. മനുഷ്യവിഭജനം എന്ന ഹീനലക്ഷ്യം തന്നെയാണ് സര്‍ക്കാറിനുള്ളത്. കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തെ തീറെഴുതുമ്പോള്‍ അതിനെ ചോദ്യം ചെയ്യാന്‍ ഇന്ത്യന്‍ പൗരന്മാര്‍ ഉണ്ടാകരുതെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. അവര്‍ ഹിന്ദു-മുസ്‌ലിം വിഭജന കലാപങ്ങളില്‍ കുരുങ്ങി അഭയാര്‍ഥികളാകുക. അതാണ് രാജ്യത്തെ കൊള്ളയടിക്കാന്‍ കുത്തകകള്‍ക്കു അവസരം ഉറപ്പാക്കികൊടുക്കുന്നത്. അതിന് പശുവിനെയും ഒരായുധമാക്കുന്നു സംഘ്പരിവാര്‍ ശക്തികള്‍.
കേരളത്തിലെ പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ ഈ രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടുന്നുവെന്നുള്ളത് പ്രധാനപ്പെട്ട കാര്യം തന്നെയാണ്. പക്ഷേ, അതിനുമപ്പുറം രാജ്യം നേരിടാന്‍ പോകുന്ന വലിയ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചും സാമൂഹികാരക്ഷിതാവസ്ഥയെക്കുറിച്ചും സാംസ്‌കാരിക തകര്‍ച്ചയെക്കുറിച്ചും മറ്റുമൊക്കെ കൂടി ചര്‍ച്ച ചെയ്യണം. ഫാസിസം ഏതെങ്കിലും ഒരു പ്രത്യേക വാതിലിലൂടെ മാത്രമല്ല കടന്നുവരുന്നത്. മനുഷ്യമനസ്സിനെ മലീമസമാക്കാന്‍ നൂറായിരം വഴികള്‍ അത് തേടും. അതിലൊന്നു മാത്രമാണ് ഗോമാംസം എന്ന രാഷ്ട്രീയ ആഹാരം. അതിനെ തടയാന്‍ ബീഫ് ഫെസ്റ്റുകള്‍ മാത്രം പോര. ആശയതലത്തില്‍, യുക്തിയുടെയും ബുദ്ധിയുടെയും മണ്ഡലങ്ങളില്‍ ഉയര്‍ന്ന ചിന്തകള്‍ക്ക് അവസരം തുറന്നുകൊടുക്കണം. ചരിത്രം നന്നായി വായിക്കാനും പഠിക്കാനും പുതുതലമുറക്കു പ്രേരണ നല്‍കണം. ജനാധിപത്യരാഷ്ട്രീയത്തെ ശക്തിപ്പെടുത്തണം. അതിലൂടെയുണ്ടാകുന്ന ജനപ്രബുദ്ധതക്കു മാത്രമേ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ കിരാതമായ ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാനാകൂ.