Connect with us

Articles

പട്ടിയുണ്ട്; സൂക്ഷിക്കണം

Published

|

Last Updated

പട്ടി നന്ദിയുള്ള മൃഗം തന്നെ. സമ്മതിക്കുന്നു. പക്ഷേ, അതിനേക്കാള്‍ ആദരണീയമാണതിന്റെ സുരക്ഷയിന്മേലുള്ള ജാഗ്രത.
മനുഷ്യനായ കാവല്‍ക്കാരന്‍ ഉറങ്ങിയാലും അതീവ ജാഗ്രതയുടെ തുറന്നുപിടിച്ച കണ്ണുകളുമായി പട്ടികള്‍ രാത്രികളിലെ അതിന്റെ നിയോഗം നിറവേറ്റും.
എന്നിട്ട് രാത്രിയിലെ ഉറക്കത്തെ പകല്‍ അനുഭവിക്കും. വലിയ വീടുകളിലെ പട്ടികളാണ് രാത്രിയേയും പകലിനേയും ഉങ്ങനെ പ്രയോജനപ്പെടുത്തിക്കണ്ടിട്ടുള്ളത്.
പട്ടിയെപ്പോലെ ഈ ലേഖകന് പേടിയുള്ള മറ്റൊരു ജീവിയില്ല. എത്ര കുറിയാണെന്നോ പട്ടിയില്‍ നിന്ന് കടിയേല്‍ക്കാതെ രക്ഷപ്പെട്ടിട്ടുള്ളത്?
കൂട്ടിലടച്ച് വളര്‍ത്തുന്ന പട്ടികള്‍ക്ക് ക്രൗര്യം ഏറുമെന്നും സ്വതന്ത്രമായി വളരുന്ന പട്ടികള്‍ക്ക് ക്രൗര്യമുണ്ടാകില്ലെന്നും പറയുന്നത് കേട്ടിട്ടുണ്ട്. എന്നിട്ടും നിരത്തില്‍ നിയന്ത്രണമില്ലാതെ വളരുന്ന പട്ടികളാണ് സ്‌കൂളിലേക്ക് പോകുന്ന കുട്ടികളേയും വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയേയും പ്രായമായവരെയുമൊക്കെ കടിക്കുന്നത്.
പട്ടികടി കൊണ്ടവരൊക്കെ ജീവനൊഴിഞ്ഞു പോകുകയാണ്. പൊതുജനാരോഗ്യത്തെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ നടത്തുന്ന ആശുപത്രികളില്‍ പട്ടി കടിച്ചാല്‍ നല്‍കേണ്ട വാക്‌സിനില്ല. വാക്‌സിന്‍ ലഭിക്കാത്തത് കൊണ്ട് മരിച്ചവരുണ്ട്.
കാലവര്‍ഷം വരുമ്പോള്‍ മാത്രം കാലവര്‍ഷ കെടുതികളെക്കുറിച്ച് ചിന്തിക്കും പോലെയല്ല മനുഷ്യ ജീവനുകള്‍കൊണ്ടുള്ള ഈ കളി…
എത്രയോ പേര്‍ക്കാണ് മക്കളെ നഷ്ടപ്പെട്ടത്, അച്ഛനെ നഷ്ടപ്പെട്ടത്, അമ്മയെ നഷ്ടപ്പെട്ടത്? മനുഷ്യത്വം മരവിച്ച ഭരണകര്‍ത്താക്കള്‍ക്ക് ഇത്തരമൊരു നഷ്ടബോധത്തിന്റെ ആഴമൊന്നും വെളിപ്പെടില്ല. ദൈവത്തിന്റെ സ്വന്തം നാടെന്നതിന് പകരം പട്ടികളുടെ സ്വന്തം നാടെന്നാണ് കേരളത്തെ ഇപ്പോള്‍ വിശേഷിപ്പിക്കേണ്ടത്. കാരണം പട്ടികളെയാണ് നാടിന്റെ മുക്കിലും മൂലയിലും മനുഷ്യരെക്കാള്‍ കൂടുതലായി കാണുന്നത്.
മൃഗസ്‌നേഹത്തിനും മൃഗങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളെ അപലപിക്കാനുമൊക്കെ ഈ രാജ്യത്ത് സ്വാതന്ത്ര്യമുണ്ട്. പക്ഷേ, പരിസ്ഥിതി പ്രവര്‍ത്തനമാകട്ടെ, മൃഗസ്‌നേഹമാകട്ടെ, പൊങ്ങച്ചം മാത്രമാണെന്നറിയാന്‍ ഇത്തരം ആളുകളുമായി ബന്ധപ്പെട്ടാല്‍ മതി. മനുഷ്യ ജീവന് ഭീഷണിയാകുന്നതിനെ ഇല്ലായ്മ ചെയ്യേണ്ടത് ഭരണകൂട ഉത്തരവാദിത്വമാണ്.
എന്തിനും ഏതിനും സമരവും നിരാഹാരവുമൊക്കെ സംഘടിപ്പിക്കുന്നവരൊക്കെ ഈ പ്രശ്‌നത്തിന്മേല്‍ പുലര്‍ത്തുന്ന മൗനം കുറ്റകരമാണ്. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെ പോലൊരാള്‍ ഈ പ്രശ്‌നത്തിന്മേല്‍ ഇടപെട്ട് കൊണ്ട് നടത്തുന്ന ഒറ്റയാള്‍ സമരത്തെ കണ്ടില്ലെന്ന് നടിക്കാനാകില്ല.
മേനകാ ഗാന്ധിക്ക് എതിരെ കേസ് കൊടുക്കുമെന്നാണ് കൊച്ചൗസേപ്പ് പറയുന്നത്. ഡല്‍ഹിയിലെ തെരുവുകളില്‍ അലഞ്ഞു തിരിയുന്ന പട്ടികളെ വിദഗ്ദ പരിശീലനം നല്‍കി പോലീസ് വകുപ്പില്‍ എടുക്കാന്‍ ആലോചിക്കുന്നതായി പത്രങ്ങളില്‍ വായിച്ചിരുന്നു. കേരളത്തിലുമിത് സാധ്യമാണെങ്കില്‍ വൈകാതെ പ്രാവര്‍ത്തികമാക്കുകയാണ് വേണ്ടത്.

Latest