Connect with us

Editors Pick

അസഹിഷ്ണുത: കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ബി ജെ പിയുടെ രാഷ്ട്രീയ പിന്തുണയോടെ സംഘ്പരിവാറിന്റെ നേതൃത്വത്തില്‍ രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുത മോദി സര്‍ക്കാറിന് തിരിച്ചടിയാകുന്നു. രാജ്യത്ത് നിക്ഷേപമിറക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്ന കോര്‍പറേറ്റ് കമ്പനികളുള്‍പ്പെടെ ആശങ്ക അറിയിച്ചതോടെ കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തിലായി. അനുദിനം വളര്‍ച്ച കൈവരിക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും പ്രതിച്ഛായയില്‍ വന്ന മങ്ങല്‍ അന്താരാഷ്ട്രതലത്തില്‍ രാജ്യത്തിന്റെ സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്ന യാഥാര്‍ഥ്യമാണ് കേന്ദ്ര സര്‍ക്കാറിനെ ആശങ്കയിലാക്കുന്നത്. രാജ്യത്തെ മോശമാക്കി ചിത്രീകരിച്ച് വളര്‍ച്ച തടയാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം പ്രചാരണങ്ങളെന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രസ്താവന ഈ ആശങ്കയുടെ പ്രതിഫലനമാണ്.
എഴുത്തുകാരും കലാസാംസ്‌കാരിക പ്രവര്‍ത്തകരും ശാസ്ത്രജ്ഞരും ആര്‍ ബി ഐ ഗവര്‍ണറും പരസ്യമായി രംഗത്തുവന്നതോടെ പ്രശ്‌നം അന്തര്‍ദേശീയതലത്തിലേക്ക് വളര്‍ന്നിരുന്നു. ഇതോടൊപ്പം പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസും ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണമൂര്‍ത്തിയും നല്‍കിയ മുന്നറിയിപ്പിലൂടെ നിലവിലെ സാഹചര്യത്തി ല്‍ കോര്‍പറേറ്റ് ലോകത്തിന്റെ അസ്വസ്ഥതയാണ് പുറത്തുവന്നിരിക്കുന്നത്.
ഓരോ രാജ്യത്തിലെയും സാമൂഹിക സാമ്പത്തിക സാഹചര്യങ്ങള്‍ വിലയിരുത്തി ക്രെഡിറ്റ് റേറ്റിംഗ് നടത്തുന്ന മൂഡീസ് അനലിറ്റിക്‌സിന്റെ ഉപദേശം രാജ്യാന്തര തലത്തില്‍ ബേങ്കുകളും കോര്‍പറേറ്റ് കുത്തകകളും ഏറെ വിലമതിക്കുന്നുവെന്നതാണ് കേന്ദ്ര സര്‍ക്കാറിനെ അസ്വസ്ഥമാക്കുന്നത്.
രാജ്യത്ത് ശക്തിപ്പപ്പെട്ട വര്‍ഗീയധ്രുവീകരണവും അതിക്രമങ്ങളും നിക്ഷേപത്തിന് തീര്‍ത്തും പ്രതികൂലമായ സാഹചര്യം സൃഷ്ടിച്ചുവെന്നായിരുന്നു മൂഡീസിന്റെ വിലയിരുത്തല്‍. ബി ജെ പിയും സഖ്യകക്ഷികളും പോഷകസംഘടനകളും സ്വയം തിരുത്തിയില്ലെങ്കില്‍ ആഭ്യന്തര, അന്താരാഷ്ട്രതലങ്ങളില്‍ ഇന്ത്യയുടെ വളര്‍ച്ചയെയും പ്രതിച്ഛായയെയും പ്രതികൂലമായി ബാധിക്കുമെന്നും ഇതുവഴി രാജ്യത്തിന്റെ നിക്ഷേപ സൗഹൃദാന്തരീക്ഷത്തില്‍ ഇടിവുണ്ടാകുമെന്നുമുള്ള ഉപദേശമാണ് പ്രധാനമന്ത്രിക്ക് മൂഡീസ് നല്‍കിയിരുന്നത്. ആഗോള മരുന്ന് കമ്പനിയായ ബയോകോണ്‍ ലിമിറ്റഡ് ചെയര്‍പേഴ്‌സണ്‍ കിരണ്‍ മജുംദാര്‍ ഷായും നിലവിലെ സാഹചര്യങ്ങളെ കുറിച്ച് പ്രതികരിച്ചിരുന്നു. സമാധാനവും സാഹോദര്യവും നഷ്ടപ്പെട്ട രാജ്യത്തിന് സാമ്പത്തികപുരോഗതി കൈവരിക്കാനാകില്ലെന്നും വര്‍ഗീയശക്തികളുടെ അഴിഞ്ഞാട്ടം തടഞ്ഞില്ലെങ്കില്‍ ഇന്ത്യക്കും പാക്കിസ്ഥാന്റെ അവസ്ഥ വരുമെന്നുമായിരുന്നു അവരുടെ അഭിപ്രായം.
ലോക്‌സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയില്‍ മതിയായ പ്രാതിനിധ്യമില്ലാത്ത സര്‍ക്കാറിന് നിര്‍ണായകമായ പല ബില്ലും പാസാക്കിയെടുക്കാന്‍ കഴിയാത്തതും നിക്ഷേപകര്‍ക്കും കോര്‍പറേറ്റുകള്‍ക്കും കേന്ദ്ര സര്‍ക്കാറിലുള്ള മതിപ്പ് കുറച്ചിട്ടുണ്ട്. അതിനിടെയാണ് ദാദ്രി സംഭവവും എഴുത്തുകാരുടെയും സാമൂഹികപ്രവര്‍ത്തകരുടെയും കൊലപാതകങ്ങളും ദളിതര്‍ക്കും ന്യൂനപക്ഷത്തിനും എതിരായ അതിക്രമങ്ങളും അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയായത്. ഇതിന് പരിഹാരം കാണേണ്ടവര്‍ സംഭവങ്ങളെ ന്യായീകരിക്കുകയും ഉത്തരവാദപ്പെട്ടവര്‍ മൗനം പാലിച്ചതുമെല്ലാം രാജ്യത്തിന്റെ നിലവിലെ അവസ്ഥ അന്താരാഷ്ട്രതലത്തില്‍ പ്രതിഫലിക്കാന്‍ മതിയായ കാരണങ്ങളായിരുന്നു.
സഹിഷ്ണുതക്കും ഐക്യത്തിനും വേണ്ടി രാഷ്ട്രപതിയുടെ തുടര്‍ച്ചയായ ആഹ്വാനവും പ്രശ്‌നത്തിന് അന്താരാഷ്ട്ര ശ്രദ്ധ നേടിക്കൊടുത്തു. സഹിഷ്ണുതയും പരസ്പര ബഹുമാനവും സംരക്ഷിച്ച് രാജ്യത്തെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ട ഉത്തരവാദിത്വം സര്‍ക്കാറിനുണ്ടെന്ന റിസര്‍വ് ബേങ്ക് ഗവര്‍ണറുടെ താക്കീത് സര്‍ക്കാറിന് കൂനിന്മേല്‍ കുരുവായി. ക്രൂരനായ ഹിറ്റ്‌ലര്‍ക്ക് കീഴിലെ ജര്‍മനിയോടാണ് ആര്‍ ബി ഐ ഗവര്‍ണര്‍ ഇന്ത്യയെ ഉപമിച്ചത്. ഹിറ്റ്‌ലറുടെത് ശക്തമായ സര്‍ക്കാറായിരുന്നെങ്കിലും നിയമവും ജനാധിപത്യവും മറികടന്നുള്ള പ്രവൃത്തികള്‍ കാലക്രമേണ ജര്‍മനിയെ സര്‍വനാശത്തിലേക്ക് നയിച്ചുവെന്നാണ് ആര്‍ ബി ഐ ഗവര്‍ണര്‍ രഘുറാം രാജന്‍ സര്‍ക്കാറിനെ ഓര്‍മിപ്പിച്ചത്.
രാജ്യത്തെ ന്യൂനപക്ഷത്തിന്റെ സ്വാതന്ത്ര്യത്തിന് മേല്‍ ഭൂരിപക്ഷം കൈകടത്തുമ്പോള്‍ പുരോഗതി എങ്ങനെ സാധ്യമാകുമെന്നായിരുന്നു ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണമൂര്‍ത്തിയുടെ പക്ഷം. അസ്വസ്ഥതയും ഭീതിയും പടരുന്ന ഒരു രാജ്യം പുരോഗതിയും വികസനവും കൈവരിക്കുന്നുവെന്ന അവകാശവാദം അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഈ സാഹചര്യത്തില്‍ പ്രശ്‌നം പരിഹരിക്കാനുള്ള നീക്കങ്ങള്‍ക്ക് വേഗം കൂട്ടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചിട്ടുണ്ട്. പ്രതിരോധത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി മൗനം പാലിക്കുന്നത്. അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം മുതിര്‍ന്ന നേതാക്കളും കേന്ദ്രമന്ത്രിമാരുമായ രാജ്‌നാഥ് സിംഗ്, അരുണ്‍ ജയ്റ്റ്‌ലി തുടങ്ങിയവര്‍ സമവായ ശ്രമങ്ങളുമായി മുന്നോട്ടുവന്നിട്ടുണ്ട്.
പുരസ്‌കാരങ്ങള്‍ തിരികെ നല്‍കിയുള്ള എഴുത്തുകാരുടെയും കലാസാംസ്‌കാരിക പ്രവര്‍ത്തകരുടെയും ശാസ്ത്രജ്ഞരുടെയും പ്രതിഷേധത്തെ കടലാസ് വിപ്ലവമെന്ന് പരിഹസിച്ച സര്‍ക്കാര്‍ ഇപ്പോള്‍ ഇവരുമായി ചര്‍ച്ചക്ക് തയ്യാറായിരിക്കുകയാണ്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest