Connect with us

International

രക്തച്ചൊരിച്ചില്‍ ജനാധിപത്യവുമായി ഒത്തുപോകില്ല: ഉര്‍ദുഗാന്‍

Published

|

Last Updated

ഇസ്താംബൂള്‍: തുര്‍ക്കി പാര്‍ലിമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ ജസ്റ്റീസ് ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടി ഭൂരിപക്ഷം നേടി വീണ്ടും അധികാരം ഉറപ്പിച്ചു. മുഴുവന്‍ വോട്ടും എണ്ണിക്കഴിഞ്ഞപ്പോള്‍ 550 സീറ്റുകളില്‍ 316 സീറ്റും അക് പാര്‍ട്ടി നേടി. മൊത്തം 49.4 ശതമാനം വോട്ടോടെയാണ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ തന്റെ അധികാരമുറപ്പിച്ചിരിക്കുന്നത്. ഭൂരിപക്ഷം നേടിയതോടെ അക് പാര്‍ട്ടിക്ക് ഇനി ആരുടെയും പിന്തുണ ഇല്ലാതെ തന്നെ സര്‍ക്കാര്‍ രൂപവത്കരിക്കാനാകും. അഞ്ച് മാസം മുമ്പ് നടന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാര്‍ട്ടിക്കും ഭൂരിപക്ഷം നേടാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് അഞ്ച് മാസത്തിനിടെ രണ്ടാമത്തെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് നടത്തിയത്.
സുസ്ഥിരമായ ഭരണത്തില്‍ വിശ്വാസമര്‍പ്പിച്ച ജനങ്ങളാണ് വിജയം സമ്മാനിച്ചതെന്ന് ഉര്‍ദുഗാന്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം പ്രതികരിച്ചു. നവംബര്‍ ഒന്നിന് നടന്ന തിരഞ്ഞെടുപ്പില്‍ നമ്മുടെ ജനത പുരോഗതിയെ ഇഷ്ടപ്പെടുകയും അതനുസരിച്ച് വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. അടിച്ചമര്‍ത്തലും രക്തച്ചൊരിച്ചിലും ജനാധിപത്യവുമായി ഒത്തുപോകുകയില്ല. ഇത് പി കെ കെക്കുള്ള വലിയ സന്ദേശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ജൂണില്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ അക് പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു. പതിമൂന്ന് വര്‍ഷമായി അധികാരത്തിലിരിക്കുന്ന അക് പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിയായാണ് ഇതിനെ വിലയിരുത്തപ്പെട്ടിരുന്നത്. അതിന് പുറമെ കുര്‍ദുകളുടെ കുര്‍ദ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി(എച്ച് ഡി പി)ആദ്യമായി അവരുടെ അംഗത്തെ പാര്‍ലിമെന്റിലെത്തിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലം അപ്രസക്തമാക്കിയാണ് അക് പാര്‍ട്ടി വീണ്ടും അധികാരം ഉറപ്പിച്ചത്.
ഉര്‍ദുഗാന്‍ വിജയം ഉറപ്പിച്ചെങ്കിലും അയല്‍ രാജ്യമായ സിറിയയില്‍ നിന്നുള്ള ഭീഷണിയും കുര്‍ദുകളുമായി തുടരുന്ന അസ്വസ്ഥയും അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ട്.
പ്രധാനമന്ത്രി അഹ്മദ് ദാവൂദോഗ്‌ലു വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ചു. രാജ്യത്ത് ചിലര്‍ കളിച്ച തരംതാണ കളികള്‍ നമ്മള്‍ കണ്ടെന്നും എന്നാല്‍ ജനങ്ങള്‍ ഇതിനെതിരെ വിധിയെഴുതിയെന്നും അദ്ദേഹം പറഞ്ഞു.
കുര്‍ദ് പാര്‍ട്ടികളെ പിന്തുണച്ചവര്‍, അവരുടെ രക്തരൂക്ഷിത പ്രവര്‍ത്തനങ്ങളില്‍ മനംമടുത്ത് വീണ്ടും അക് പാര്‍ട്ടിക്ക് വോട്ട് രേഖപ്പെടുത്തുകയായിരുന്നുവെന്നും ഇതാണ് വീണ്ടും ഉര്‍ദുഗാനെ അധികാരത്തിലേറ്റിയതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.