Connect with us

Kozhikode

ജില്ലയില്‍ 77.64 ശതമാനം പോളിംഗ്

Published

|

Last Updated

കോഴിക്കോട്: പ്രചരണങ്ങള്‍ക്കൊടുവില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ കനത്ത പോളിംഗ്. ഇന്നലെ വൈകീട്ട് 7.30വരെയുള്ള കണക്ക് പ്രകാരം ജില്ലയില്‍ 77.64 ശതമാനമാണ് പോളിംഗ്. ശക്തമായ രാഷ്ട്രീയ പ്രചാരണങ്ങള്‍ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ഒറ്റപ്പെട്ട ചില സംഘര്‍ഷങ്ങള്‍ ഒഴിവാക്കിയാല്‍ സമാധാനപരമായിരുന്നു. ജില്ലയില്‍ ഏറെ സംഘര്‍ഷ സാധ്യതകള്‍ വിലയിരുത്തപ്പെട്ട വടകര, നാദാപുരം മേഖലയില്‍ വോട്ടെടുപ്പിനിടെ കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. യന്ത്രത്തിന്റെ തകരാറുകളും സാങ്കേതിക പ്രശ്‌നങ്ങളും ചിലയിടത്ത് വോട്ടിംഗ് തടസ്സപ്പെടുത്തി. എന്നാല്‍ അധികൃതര്‍ ഇടപെട്ട് സാങ്കേതിക പ്രശ്‌നങ്ങള്‍ പെട്ടെന്ന് പരിഹരിച്ചു. സംഘര്‍ഷ ഭീഷണിയുള്ള സ്ഥലങ്ങളിലെല്ലാം കനത്ത സുരക്ഷയായിരുന്നു പോലീസ് ഒരുക്കിയിരുന്നത്. വാണിമേലിലെ വെളളിയോട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ ആള്‍ വോട്ടര്‍ പട്ടിക തട്ടി പറിക്കാന്‍ ശ്രമിച്ചത് ബഹളത്തിനിടയാക്കി. ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ബൂത്തിനുളളില്‍ വീഡിയോ കവറേജ് നടത്താന്‍ പാടില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥി പരാതിപ്പെട്ടത് വാക് തര്‍ക്കത്തിനിടയായി.
കോര്‍പറേഷനില്‍ 74.93 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. മുനിസിപ്പാലിറ്റികളില്‍ 76 ശതമാന ( കൊയിലാണ്ടി- 82.16, വടകര – 79, പയ്യോളി – 82.1, കൊടുവള്ളി – 86, മുക്കം – 84.75, രാമനാട്ടുകര- 82.71, ഫറോക്ക്- 81.13 ) വും ബ്ലോക്ക് പഞ്ചായത്തില്‍ 81. 1 ശതമാനവും പേര്‍ വോട്ട് രേഖപ്പെടുത്തി. ഗ്രാമപഞ്ചായത്തിലെയും ജില്ലാ പഞ്ചായത്തിലെയും അന്തിമ കണക്ക് വ്യക്തമായിട്ടില്ല. ഇവിടങ്ങളിലും മികച്ച പോളിംഗാണ് നടന്നത്. രാവിലെ 6.45ന് മുമ്പ്തന്നെ ജില്ലയിലെ മിക്കവാറും പോളിംഗ് ബൂത്തുകള്‍ക്ക് മുമ്പിലും ക്യൂ പ്രത്യക്ഷപ്പെട്ടിരുന്നു. ഏഴരയോടെ തന്നെ പോളിംഗ് 4.2 ശതമായി. സംസ്ഥാനത്ത് രാവിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് കോഴിക്കോട്ടാണുണ്ടായത്. ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എട്ട് ശതമാനമായും പത്ത് മണിയായപ്പോള്‍ 22 ശതമാനമായും വര്‍ധിച്ചു. ജില്ലയില്‍ മഴയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ രാവിലെ തന്നെ തങ്ങളുടെ ഉറച്ച വോട്ടുകളെ ബൂത്തുകളിലെത്തിക്കാനുള്ള ശ്രമമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയത്.
ഓപ്പണ്‍വോട്ട് ചെയ്യുന്നത് സംബന്ധിച്ച തര്‍ക്കവും വാഹനങ്ങളിലും മറ്റും പ്രവര്‍ത്തകരെ ബൂത്തിലെത്തിക്കുന്നതിനെക്കുറിച്ചുണ്ടായ വാക്ക്‌പോരും പോലീസിന്റെ ചില നടപടിയുമെല്ലാമാണ് ചിലയിടങ്ങളില്‍ നേരിയ സംഘര്‍ഷത്തനിടയാക്കിയത്. നടക്കാവില്‍ വനിതാ പ്രവര്‍ത്തകയെ പോലീസ് മര്‍ദിച്ചെന്നാരോപിച്ച് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. അഞ്ചിന് വോട്ടിംഗ് അവസാനിച്ചതിന് ശേഷം മൂഴിക്കല്‍ എ യു പി സ്‌കൂളില്‍ ചെറിയ സംഘര്‍ഷാവസ്ഥയുണ്ടായി. രാവിലെ മുതല്‍ തന്നെ മൂഴിക്കലിലെ ബൂത്ത് അഞ്ചില്‍ വോട്ടെടുപ്പ് മന്ദഗതിയിലായിരുന്നു. വോട്ടിംഗ് സമയം അവസാനിക്കായപ്പോഴേക്കും വലിയ ക്യൂ രൂപപ്പെട്ടു. അഞ്ച് മണിക്ക് ശേഷം വരിയിലുള്ളവര്‍ക്ക് ടോക്കണ്‍ നല്‍കി. അതിനിടെ ചിലര്‍ ക്യൂവില്‍ നില്‍ക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്കു കാരണം. അഞ്ചിന് ശേഷം ക്യൂവില്‍ നില്‍ക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ചേവായൂര്‍ സി ഐ സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി. 6.10 ഓടെയാണ് പോളിംഗ് അവസാനിച്ചത്. തോപ്പയില്‍ അഞ്ചാം ബൂത്തിലും വോട്ടിംഗ് സമയം കഴിഞ്ഞതിന് ശേഷവും നീണ്ട ക്യൂവായിരുന്നുള്ളത്. 150 ഓളം പേര്‍ വോട്ടുചെയ്യാനുണ്ടായിരുന്നു. തുടര്‍ന്നു പോളിംഗ് ഉദ്യോഗസ്ഥര്‍ അഞ്ച് വരെ ക്യൂവിലുള്ളവര്‍ക്കു ടോക്കണ്‍ നല്‍കി.
കാരപ്പറമ്പിലെ പോളിംഗ് ബൂത്തില്‍ എജന്റുമാരും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. രാവിലെ 11.45 ഓടെയായിരുന്നു സംഭവം. പോളിംഗ് ബൂത്തിലെത്തുന്ന വോട്ടര്‍മാരെ ബൂത്ത് എജന്റുമാര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ബൂത്ത് ഏജന്റുമാര്‍ ബൂത്തില്‍ വെച്ച് വോട്ട് ചോദിക്കുന്നത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ആദ്യം വിലക്കിയിരുന്നു. എന്നാല്‍ വീണ്ടും ബൂത്ത് എജന്റുമാര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പോലീസിനെ വിളിക്കുകയായിരുന്നു. പിന്നീട് പോലീസെത്തി ബൂത്ത് എജന്റുമാരെ ഇവിടെ നിന്ന് മാറ്റി.
മുക്കം മുന്‍സിപ്പാലിറ്റിയിലെ കരിയത്താംപോയിലില്‍ സ്ലിപ്പ് കൗണ്ടറിനെച്ചൊല്ലി തര്‍ക്കമുണ്ടായി. ബൂത്തിന് നൂറ് മീറ്ററുള്ളില്‍ കൗണ്ടര്‍ കെട്ടിയ സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ ബി ജെ പി പ്രവര്‍ത്തകര്‍ പരാതി ഉന്നയിച്ചു. വാക്കേറ്റം മൂത്ത് കയ്യാങ്കളിയുടെ വക്കോളമെത്തുമെന്ന് കണ്ടതോടെ പോലീസെത്തി സ്ലിപ്പ് കൗണ്ടര്‍ മാറ്റുകയായിരുന്നു. മുക്കം അഗസ്ത്യമൂഴി എ യു പി സ്‌കൂള്‍, വെസ്റ്റ് ചേന്ദമംഗലൂര്‍ മദ്‌റസ, കൊടിയത്തൂര്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡ് പോളിംഗ് സ്റ്റേഷനായ ചെറുവാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പയ്യോളി അയനിക്കാട് ഹോളി വെല്‍ഫെയര്‍ സ്‌കൂള്‍, പുറമേരി, ആയഞ്ചേരി, കൊടുവള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായതിനെത്തുടര്‍ന്ന് വോട്ടിംഗ് തടസ്സപ്പെട്ടു. കായക്കൊടിയില്‍ കള്ളവോട്ട് തടയാനും സംഘര്‍ഷമൊഴിവാക്കാനും നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ ആവശ്യം സി പി എം പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചു.
വാക്കേറ്റം മൂത്തതോടെ പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. പയ്യോളി ഐ പി സി സ്‌കൂളിലെ ബൂത്തില്‍ അമ്മയുടെ വോട്ട് ഓപ്പണ്‍വോട്ടായി രേഖപ്പെടുത്താന്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ പെട്ട രണ്ട് മക്കള്‍ രംഗത്തെത്തിയത് സംഘര്‍ഷത്തിനിടയാക്കി. ചാലിയം ഇമ്പിച്ചി ഹാജി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തുകളില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വോട്ടെടുപ്പ് പൂര്‍ത്തീകരിച്ചത് കനത്ത പോലീസ് കാവലിലാണ്. മടവൂര്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് ഒമ്പത് മടവൂര്‍ മുക്കില്‍ ബൂത്തില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ചെറിയ തോതില്‍ വാക്കേറ്റമുണ്ടായി. പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. കിഴക്കോത്ത് കത്തറമ്മല്‍ വാര്‍ഡില്‍ ഒരു ബൂത്തില്‍ എല്‍ ഡി എഫ് – യു ഡി എഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിച്ചു. വോട്ടെടുപ്പ് സമാപിച്ച ശേഷം പേരാമ്പ്ര മേഖലയിലെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷമുണ്ടായി. ചങ്ങരോത്ത് പാലേരി, നൊച്ചാട് ചാത്തോത്ത്താഴ എന്നിവിടങ്ങളിലാണ് സംഘര്‍ഷമുണ്ടായത്. താമരശ്ശേരി തച്ചംപൊയിലില്‍ മുസ്‌ലിം ലീഗ്, എസ് ഡി പി ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇന്നലെ രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. മുസ്‌ലിംലീഗ് പ്രവര്‍ത്തകന്റെ കാറില്‍ എസ് ഡി പി ഐ പ്രവര്‍ത്തകര്‍ വരച്ചത് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

Latest