Connect with us

Kozhikode

ബൂത്തിന് മുമ്പില്‍ കൂടിനിന്നവര്‍ക്ക് പോലീസ് മര്‍ദനം; എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ ദേശീയ പാത ഉപരോധിച്ചു

Published

|

Last Updated

കോഴിക്കോട്: ബൂത്തിന് മുമ്പില്‍ കൂടിനിന്ന പ്രവര്‍ത്തകരെ പോലീസ് അകാരണമായി മര്‍ദിച്ചെന്നാരോപിച്ച് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ നടക്കാവില്‍ ദേശീയപാത ഉപരോധിച്ചു. നോര്‍ത്ത് അസിസ്റ്റ് കമ്മീഷണര്‍ ജോസി ചെറിയാന്റെ നേതൃത്വത്തിലുള്ള പോലീസ് നടപടിയില്‍ സി പി എം പ്രവര്‍ത്തകരായ വിജിത്, ജമീല സലീം, ജുമൈല എന്നിര്‍ക്ക് പരുക്കേറ്റതായി എല്‍ ഡി എഫ് നേതാക്കള്‍ പറഞ്ഞു. എന്നാല്‍ സുരക്ഷയുടെ ഭാഗമായി പോളിംഗിന് ശേഷവും ബൂത്തിന് മുമ്പില്‍ കൂടിനിന്നവരെ പിന്തിരിപ്പിക്കുക മാത്രമാണ് ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. ഉപരോധത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.
പോളിംഗ് ബൂത്തായ നടക്കാവ് ഗവ. യു പി സ്‌കൂളിന് മുമ്പില്‍ ഇന്നലെ വൈകീട്ട് 5.15നാണ് സംഭവം. വോട്ടിംഗ് സമയം കഴിഞ്ഞിട്ടും ബൂത്തിന് മുമ്പില്‍ കൂടിനിന്ന പ്രവര്‍ത്തകരെ ജോസി ചെറിയാന്റെ നേതൃത്വത്തിലെത്തിയ പോലീസ് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ സന്തോഷ് എന്ന പ്രവര്‍ത്തകനെ പോലീസ് പിടിച്ചുതള്ളിയതിനെ ചോദ്യം ചെയ്യാനെത്തിയ വനിതാ പ്രവര്‍ത്തക ജമീല സലീമിന്റെ മുഖത്ത് ജോസി ചെറിയാന്‍ അടിച്ചതായാണ് ആരോപണം.
പോലീസ് മര്‍ദിക്കുന്നതിന്റെ ദൃശ്യം എടുത്തതിനെ തുടര്‍ന്നാണ് മറ്റൊരു പ്രവര്‍ത്തയായ ജുമൈലക്ക് മര്‍ദനമേറ്റത്. ഇവരുടെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തായും പ്രവര്‍ത്തകര്‍ ആരോപിച്ചു.
സംഭവത്തെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ഇതിനിടെ അസിസ്റ്റന്‍ കമ്മീഷണര്‍ ഡി സാലി, സി പി എം ജില്ലാ സെക്രട്ടറി പി മോഹനന്‍, എ പ്രദീപ്കുമാര്‍ എം എല്‍ എ, ടി പി രാമകൃഷ്ണന്‍ എന്നിവര്‍ സ്ഥലത്തെത്തി.
തുടര്‍ന്ന് സി പി എം നേതാക്കളും എ സി പിയും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാമെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാമെന്നും അറിയിച്ചതിനെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ ഉപരോധം അവസാനിപ്പിച്ചത്.

Latest