Connect with us

Ongoing News

ഐ എസ് എല്‍ കാണാന്‍ റൊണാള്‍ഡോ വരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ബ്രസീലിന്റെ ഫുട്‌ബോള്‍ രാജാവ് പെലെ വന്നു പോയതിന്റെ അലയൊലികള്‍ അടങ്ങിയില്ല, ഇതാ ഇന്ത്യയിലേക്ക് മറ്റൊരു ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം കൂടി വരുന്നു- റൊണാള്‍ഡോ ! 1998 ലോകകപ്പില്‍ ബ്രസീലിനെ ഫൈനലില്‍ എത്തിക്കുകയും 2002 ല്‍ ലോകകപ്പ് കിരീടം നേടിക്കൊടുക്കുകയും ചെയ്ത സ്റ്റാര്‍ സ്‌ട്രൈക്കര്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈ മാസം ആറിന് നടക്കുന്ന ഡല്‍ഹി ഡൈനമോസ്-മുംബൈ സിറ്റി എഫ് സി മത്സരത്തില്‍ റൊണാള്‍ഡോ മുഖ്യാതിഥി ആയിരിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ക്രിസ്റ്റ്യാനോയും മെസിയും സൂപ്പര്‍താര പദവിയിലെത്തുന്നതിന് മുമ്പ് യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോളിലും ലോകകപ്പ് വേദികളിലും മാസ്മരികത പ്രദര്‍ശിപ്പിച്ച റൊണാള്‍ഡോക്ക് ഇന്ത്യയില്‍ വലിയ ആരാധകവൃന്ദമുണ്ട്.
ഐ എസ് എല്ലില്‍ ഡല്‍ഹിയുടെ കോച്ചും താരവുമായ റോബര്‍ട്ടോ കാര്‍ലോസിനൊപ്പം റയല്‍മാഡ്രിഡിലും ബ്രസീല്‍ ദേശീയ ടീമിലും റൊണാള്‍ഡോ കളിച്ചിരുന്നു. ഇവരുടെ സൗഹൃദമാണ് റൊണാള്‍ഡോയെ ഇവിടെയെത്തിക്കുന്നത്.
ബ്രസീലുകാരുടെ ലീഗെന്ന വിശേഷം ഇതിനകം തന്നെ ഐ എസ് എല്ലിന് ലഭിച്ചിട്ടുണ്ട്. എഫ് സി ഗോവയുടെ കോച്ച് ബ്രസീല്‍ ഇതിഹാസം സീക്കോയാണ്. സാന്റോസ്, എലാനോ, ബ്രൂണോ എന്നിങ്ങനെ നീണ്ടനിരതന്നെയുണ്ട് ലീഗില്‍. കഴിഞ്ഞ ഐഎസ്എല്ലില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതും ബ്രസീല്‍ താരങ്ങളാണ്.

Latest