Connect with us

International

കഴിഞ്ഞ മാസം യൂറോപ്പിലെത്തിയത് 2,18,000 ത്തിലധികം അഭയാര്‍ഥികള്‍: യു എന്‍

Published

|

Last Updated

യു എന്‍: കഴിഞ്ഞ മാസം മെഡിറ്ററേനിയന്‍ കടല്‍വഴി യൂറോപ്പിലേക്ക് 2,18,000 ത്തില്‍ അധികം പേര്‍ എത്തിയതായി യു എന്‍ വ്യക്തമാക്കി. 2014ല്‍ യൂറോപ്പിലേക്ക് ഇതിന് സമാനമായ എണ്ണം ആളുകള്‍ മാത്രമാണ് എത്തിയതെന്നും യു എന്‍ കണക്കുകള്‍ പറയുന്നു. ഒക്‌ടോബറില്‍ യൂറോപ്പിലേക്ക് റെക്കോര്‍ഡ് അഭയാര്‍ഥി പ്രവാഹമാണുണ്ടായതെന്നും ഇത് 2014ല്‍ മൊത്തത്തില്‍ യൂറോപ്പിലേക്കുണ്ടായിരുന്ന അഭയാര്‍ഥി പ്രവാഹത്തിന് സമാനമാണെന്നും യു എന്‍ അഭയാര്‍ഥി ഏജന്‍സിയുടെ വക്താവ് അഡ്രിആന്‍ എഡ്‌വേഡ്‌സ് പറഞ്ഞു. ഒക്‌ടോബറില്‍ 2,18,394 പേരാണ് മെഡിറ്ററേനിയന്‍ കടലിലൂടെ ദുര്‍ഘടയാത്ര നടത്തി യൂറോപ്പിലെത്തിയത്. എന്നാല്‍ ഇതില്‍ 8,000 പേര്‍ ഗ്രീസില്‍ ഇറങ്ങി. കഴിഞ്ഞ വര്‍ഷം 2,19,000 അഭയാര്‍ഥികളാണ് യൂറോപ്പിലെത്തിയതെന്നാണ് യു എന്‍ കണക്ക്. മഞ്ഞ് കാലത്ത് കടലിലൂടെയുള്ള യാത്ര ഏറെ ദുരിതപൂര്‍ണമാണെന്നാലും സിറിയപോലുള്ള ആഭ്യന്തര സംഘര്‍ഷം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍നിന്നും അഭയാര്‍ഥികള്‍ ഇപ്പോഴും ബോട്ടുകളിലും മറ്റുമായി ഏറെ പ്രവഹിക്കുന്നുവെന്നാണ് ഒക്‌ടോബറിലെ കണക്കുകള്‍ കാണിക്കുന്നത്. ഈ വര്‍ഷം തുടക്കത്തില്‍ ആറ് ലക്ഷത്തിലധികം അഭയാര്‍ഥികള്‍ ഗ്രീസിലെത്തിയിരുന്നു. ഇതില്‍ 94 ശതമാനം പേരും വന്നത് ലോകത്ത് അഭയാര്‍ഥികളെ ഉത്പാദിപ്പിക്കുന്നതില്‍ മുന്‍പന്തിയിലുള്ള പത്ത് രാജ്യങ്ങളില്‍ നിന്നാണ്. മെഡിറ്ററേനിയന്‍ കടല്‍ വഴി യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച 3,440 പേര്‍ ഈ വര്‍ഷം കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്ന് കഴിഞ്ഞ ആഴ്ച യു എന്‍ പറഞ്ഞിരുന്നു.

---- facebook comment plugin here -----

Latest