Connect with us

Malappuram

വിധിയെഴുതാന്‍ നാളെ പോളിംഗ് ബൂത്തിലേക്ക്

Published

|

Last Updated

മലപ്പുറം: വീറും വാശിയും നിറഞ്ഞ പ്രചാരണങ്ങള്‍ക്കൊടുവില്‍ ജനഹിതം രേഖപ്പെടുത്താന്‍ വോട്ടര്‍മാര്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. രാവിലെ ഏഴ് മണി മുതല്‍ പോളിംഗ് തുടങ്ങും.
വൈകുന്നേരം അഞ്ച് മണി വരെയാണ് വോട്ടെടുപ്പ്. തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ കലക്ടര്‍ ടി ഭാസ്‌കരന്‍ അറിയിച്ചു. ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെയും മറ്റ് പോളിംഗ് സാമഗ്രികളുടെയും വിതരണം ഇന്ന് രാവിലെ 10 മുതല്‍ അതത് ബ്ലോക്ക് നഗരസഭാ വിതരണ കേന്ദ്രങ്ങളില്‍ നടക്കും. 15 ബ്ലോക്ക്തല വിതരണ കേന്ദ്രങ്ങളും 12 നഗരസഭാതല വിതരണ കേന്ദ്രങ്ങളുമാണ് സജീകരിച്ചിരിക്കുന്നത്. വോട്ടെടുപ്പിന് ശേഷം വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്നതും വോട്ടുകളെണ്ണുന്നതും ഇതേ കേന്ദ്രങ്ങളിലായിരിക്കും. 29,06, 645വോട്ടര്‍മാരാണ് ജില്ലയിലെ നാളെ വിധിയെഴുതുക. ഇവരില്‍ 14,80,892 സ്ത്രീകളും 14,25,750 പേര്‍ പുരുഷന്‍മാരുമാണ്. മൂന്ന് പേര്‍ ഭിന്ന ലിംഗക്കാരുമുണ്ട്. 32,060 പുതിയ വോട്ടര്‍മാരാണ്. 8624 സ്ഥാനാര്‍ഥികളാണ് ജില്ലയില്‍ ജനവിധി തേടി രംഗത്തുള്ളത്. ഇവരില്‍ 4496 പുരുഷസ്ഥാനാര്‍ഥികളും 4128 പേര്‍ വനിതകളുമാണ്. 3911 പോളിംഗ് സ്‌റ്റേഷനുകളാണ് ജില്ലയിലുള്ളത്. 335 പ്രശ്‌നബാധിത ബൂത്തുകളുണ്ട്. മാവോയിസ്റ്റ് ഭീഷണിയുള്ള നിലമ്പൂര്‍ ഉള്‍പ്പെടെയുള്ള മേഖലകളിലും തിരൂര്‍, താനൂര്‍ തീരദേശ പ്രദേശങ്ങളിലുമാണ് കൂടുതല്‍ പ്രശ്‌നബാധിത ബൂത്തുകളുള്ളത്. വാശിയേറിയ സൗഹൃദ മത്സരം നടക്കുന്ന അരീക്കോട്, മഞ്ചേരി, വാഴക്കാട്, വേങ്ങര, തിരൂരങ്ങാടി, കോട്ടക്കല്‍, കല്‍പ്പകഞ്ചേരി, പരപ്പനങ്ങാടി, പൊന്നാനി, ചങ്ങരംകുളം, പെരുമ്പടപ്പ് തുടങ്ങിയ മേഖലകളെയും പ്രശ്‌നബാധിത പ്രദേശങ്ങളായാണ് പോലീസ് കാണുന്നത്. ഇത്തരം ബൂത്തുകളില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കും.
പ്രശ്‌നബാധിത പ്രദേശങ്ങളില്‍ എസ് ഐമാരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘങ്ങള്‍ നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്. ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ അതത് ഗ്രൂപ്പ് ഓഫീസര്‍മാരെ അറിയിച്ച് ഉടനടി കര്‍ശന നടപടിയെടുക്കാനാണ് നിര്‍ദേശം. ഇതുസംബന്ധിച്ച് എല്ലാ ഉദ്യോഗസ്ഥര്‍ക്കും വ്യക്തമായ മാര്‍ഗനിര്‍ദേശം നല്‍കിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Latest