Connect with us

Ongoing News

കര്‍ഷകനെ ജയിലിലടച്ച സംഭവം: ഇരുളം ബേങ്കിനു മുന്നില്‍ ജനകീയസമരം തുടരുന്നു

Published

|

Last Updated

പുല്‍പ്പള്ളി:വായ്പാ കുടിശ്ശിക അടക്കാത്തതിന് ബാങ്ക് കൊടുത്ത കേസ്സില്‍ കര്‍ഷകനെ ജയിയിലടച്ചസംഭവത്തില്‍ പ്രതിഷേധിച്ച് ജനകീയ കര്‍ഷക സംരക്ഷണ സമിതി ഇരുളം കേരളാ ഗ്രാമീണ ബാങ്കിനുമുന്നില്‍ നടത്തുന്ന സമരം തുടരുന്നു.
ഇരുളം അങ്ങാടിശ്ശേരി മുളയാനിക്കല്‍ സുകുമാരനെയായിരുന്നു ബത്തേരി സബ്‌കോടതി വെള്ളിയാഴ്ച റിമാന്റ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചത്. തന്റെ പേരിലുള്ള 75 സെന്റ് സ്ഥലം ബാങ്കിന് പണയപ്പെടുത്തി 1999 ല്‍ സുകുമാരന്‍ 90,000 രൂപ വായ്പയെടുത്തിരുന്നു. കൃഷി നാശവും മൂന്ന് പെണ്‍മക്കളെ വിവാഹം ചെയ്തയച്ച സാമ്പത്തിക പരാധീനതയും മൂലം ബാങ്ക് വായ്പ തിരിച്ചടക്കാന്‍ സുകുമാരന് സാധിച്ചില്ല. മുതലും പലിശയും പിഴപ്പലിശയും മറ്റ് ചിലവുകളും സഹിതം 409955 രൂപ അടക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് മാനേജര്‍ 2013 ല്‍ സുകുമാരന് നോട്ടീസ് അയക്കുകയും കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. തന്റെ പേരിലുള്ള വസ്തു ഏറ്റെടുത്ത് വില്‍പന നടത്തി ബാധ്യത തീര്‍ക്കാന്‍ സുകുമാരന്‍ ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി വിധിപ്രകാരം ഈ ഭൂമി 2013 സെപ്റ്റംബര്‍ 27 ന് ലേലത്തിന് വച്ചിരുന്നെങ്കിലും ലേലംകൊള്ളാന്‍ ആരും തയ്യാറായില്ല. വയനാടിനെ ടൈഗര്‍ സോണ്‍ ആയി പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് ബാങ്ക് അധികൃതര്‍ സത്യവാങ്ങ്മൂലം നല്‍കിയിരുന്നു. ഇതിനാലാണ് വസ്തു ലേലത്തില്‍ പിടിക്കാന്‍ ആരും മുന്നോട്ടുവരാതിരുന്നത് . തുടര്‍ന്ന്വായ്പാ കുടിശ്ശിക തുക ഈടാക്കാന്‍ സുകുമാരനെ തടങ്കലില്‍ പാര്‍പ്പിച്ച് വിധികടം വസൂലാക്കണമെന്ന് ബാങ്ക് അധികൃതര്‍ വക്കീല്‍ മുഖേന 2013 ഒക്‌ടോബര്‍ 9 ന് ബത്തേരി സബ്‌കോടതിയില്‍ വീണ്ടും പരാതി നല്‍കി. ഇതാണ് സുകുമാരന്റെ അറസ്റ്റിലേക്കും തടങ്കലിലേക്കും ഇടയാക്കിയത്.
സുകുമാരനെ തടങ്കലില്‍ നിന്ന് മോചിപ്പിക്കാന്‍ നടപടികള്‍ ബാങ്ക് അധികൃതര്‍ സ്വീകരിക്കുന്നതുവരെ ബാങ്ക് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുവധിക്കില്ലെന്നാണ് ജനങ്ങളുടെ നിലപാട്. ജനങ്ങളേയും കോടതിയേയും തെറ്റിദ്ധരിപ്പിച്ച ബാങ്ക് മാനേജര്‍ക്കെതിരെ ശക്തമായ നടപടികളും സ്വീകരിക്കണം. ചൊവ്വാഴ്ച രാവിലെ ബാങ്കിന് മുമ്പില്‍ നടന്ന ഉപരോധ സമരം എഫ് ആര്‍ എഫ് ജില്ലാ ചെയര്‍മാന്‍ ശ്രീധരന്‍ കുയിലാനി ഉദ്ഘാടനം ചെയ്തു. എ.ജെ. കുര്യന്‍ അദ്ധ്യക്ഷനായി. കര്‍ഷക സംഘം ജില്ലാ പ്രസിഡണ്ട് ടി. ബി സുരേഷ്, ടി.ആര്‍. രവി, എസ്.ജി. സുകുമാരന്‍, എന്‍. മുകുന്ദ്ന്‍, എന്‍. ജെ. ചാക്കോച്ചന്‍ എന്നിവര്‍ സംസാരിച്ചു.