Connect with us

National

ആര്‍എസ്എസ് നിക്കര്‍ മാറ്റുന്നു; യുവാക്കളെ ആകര്‍ഷിക്കാന്‍ പുതിയ യൂണിഫോം പരിഗണനയില്‍

Published

|

Last Updated

മുംബൈ: കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ ആര്‍എസ്എസ് യൂണിഫോം പരിഷ്‌കരണത്തിനൊരുങ്ങുന്നു. നിലവിലെ നിക്കര്‍ മാറ്റി പാന്റ്‌സ് ആക്കുന്നതാണ് പ്രധാന പരിഷ്‌കരണം. കഴിഞ്ഞ ആഴ്ച റാഞ്ചിയില്‍ നടന്ന കാര്യകാരി മണ്ഡലില്‍ ഇതിന്റെ റിഹേഴ്‌സല്‍ നടന്നതായാണ് റിപ്പോര്‍ട്ട്. കുറച്ച് പേര്‍ പുതിയ യൂണിഫോം ധരിച്ചെത്തിയിരുന്നു.

യൂണിഫിന്റെ സമഗ്രമാറ്റത്തെക്കുറിച്ച് അടുത്ത മാര്‍ച്ചില്‍ നാഗ്പൂരില്‍ നടക്കുന്ന ഉന്നതതല സമിതിയായ അഖില ഭാരതീയ പ്രതിനിധി സഭ ചര്‍ച്ച ചെയ്യും. സംഘടനയുടെ നിലവിലെ കാക്കി നിക്കര്‍ യുവാക്കള്‍ക്ക് ആര്‍എസ്എസില്‍ ചേരുന്നതിന് തടസ്സമാകുന്നൂ എന്ന വിലയിരുത്തലാണ് യൂണിഫോം മാറ്റമെന്ന ചര്‍ച്ചയിലേക്ക് നയിച്ചിരിക്കുന്നത്. സംഘചാലക് മോഹന്‍ ഭഗവത് അടക്കമുള്ളവര്‍ യൂണിഫോം മാറ്റത്തെ അനുകൂലിക്കുന്നവരാണ്. എന്നാല്‍ തലപ്പത്തുള്ളവരില്‍ ചിലര്‍ക്ക് മാറ്റത്തില്‍ അതൃപ്തിയുണ്ടെന്നാണ് സൂചന.

രണ്ട് തരം ഡ്രസ്‌കോഡുകളാണ് പരിഗണിക്കുന്നത്. വെള്ള ടി ഷര്‍ട്ടും കറുത്ത പാന്റും ഇപ്പോഴത്തെ അതേ തൊപ്പിയും വെള്ള കാന്‍വാസ് ഷൂവും കാക്കി സോക്‌സുമാണ് ഒന്ന്. വെള്ള ഫുള്‍സ്ലീവ് ഷര്‍ട്ടും പാന്റ്‌സുമാണ് മറ്റൊന്ന്. പാന്റ്‌സിന്റെ നിറം കാക്കിയോ നേവി ബ്ലൂവോ നീലയോ ചാര നിറമോ ആയിരിക്കും. കറുത്ത ലെതര്‍ ഷൂ, കാക്കി സോക്‌സ്, കാന്‍വാസ് ബെല്‍റ്റ് കറുത്ത തൊപ്പി എന്നിവ അടങ്ങുന്നതാണിത്.

1925ല്‍ സ്ഥാപിതമായത് മുതല്‍ 1939വരെ കാക്കിയായിരുന്നു ആര്‍എസ്എസിന്റെ യൂണിഫോം. 1940ലാണ് കാക്കി ഷര്‍ട്ടിന് പകരം വെള്ളയാക്കിയത്. 2010ലാണ് യൂണിഫോമില്‍ അവസാനമായി ചെറിയ മാറ്റം വരുത്തിയത്.

Latest