Connect with us

Gulf

ഇന്റര്‍നാഷണല്‍ പെട്രോളിയം എക്‌സിബിഷന്‍ നവംബര്‍ ഒന്‍പതിന്

Published

|

Last Updated

അഡിപെക് സംഘാടകര്‍ അബുദാബിയില്‍ പത്രസമ്മേളനത്തില്‍

അബുദാബി: അബുദാബി ഇന്റര്‍നാഷണല്‍ പെട്രോളിയം എക്‌സിബിഷന്‍ ആന്റ് കോണ്‍ഫറന്‍സ് (അഡിപെകിന്) നവംബര്‍ ഒന്‍പതിന് തുടക്കമാവും. ലോകത്തിലെ ഏറ്റവും വലിയ പെട്രോളിയം എക്‌സിബിഷനുകളിലൊന്നാണ് ഇത്.നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള രണ്ടായിരത്തോളം കമ്പനികള്‍ പങ്കെടുക്കും. എണ്ണ പാചക വാതക മേഖലയുമായി ബന്ധപ്പെട്ട 144 പുതിയ കമ്പനികളാണ് അബുദാബിയില്‍ രജിസ്റ്റര്‍ ചെതിട്ടുള്ളത്. ഈ മേഖലയുമായി ബന്ധപ്പെട്ട ആയിരത്തിലധികം കമ്പനികള്‍ ഇതിനോടകം അബുദാബിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നുണ്ട്. എണ്ണ അനുബന്ധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ഒരുമിച്ച് കൂടാനും ആശയങ്ങളും കണ്ടത്തകലുകളും പങ്ക് വെക്കാനുള്ള വേദിയാണ് അഡിപെക് എന്ന് സംഘാടകര്‍ അബുദാബിയില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഓരോ വര്‍ഷവും നൂതനങ്ങളായ കണ്ടെത്തലുകളാണ് ഈ രംഗങ്ങളില്‍ ഉണ്ടാവുന്നത്. ഇത് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ദര്‍ക്കും നയതന്ത്രജ്ഞര്‍ക്കും മന്ത്രിമാര്‍ക്കും മുന്‍പില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമാണ് അഡിപെകിന്റെ സവിശേഷയെന്ന് പ്രധാന സംഘാടകരായ അഡ്‌നോക്കിന്റെ ഡയരക്ടര്‍ അലി ഖലിഫ അല്‍ ഷംസി പറഞ്ഞു.
യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലിഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ സംഘടിപ്പിക്കുന്ന പെട്രോളിയം പ്രദര്‍ശനം നാല് ദിവസം നീണ്ട് നില്‍ക്കും. 120 രാജ്യങ്ങളില്‍ നിന്നുള്ള എഴായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രദര്‍ശനത്തില്‍ 85,000 ത്തോളം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള അറുപതോളം കമ്പനികള്‍ പങ്കെടുക്കും. “മേയ്ക്ക് ഇന്‍ ഇന്ത്യ”യുടെ പ്രത്യേക കൌണ്ടറും ഉണ്ടായിരിക്കും. 600 ഓളം പ്രമുഖര്‍ പല സെഷനുകളില്‍ സംസാരിക്കും. പുലിസ്റ്റര്‍ പുരസ്‌കാര ജേതാവ് ഡോ: ഡാനിയേല്‍ യെര്‍ജിന്റെ പ്രസംഗത്തോടെയാണ് പ്രദര്‍ശനത്തിന് തുടക്കമാവുക.
അഡ്‌നോക്ക് ഡയരക്ടറും അഡിപെക് 2015 ചെയര്‍മാനുമായ അലി ഖലിഫ അല്‍ ഷംസി, യു.എ.ഇ ഊര്‍ജ്ജ മന്ത്രാലയം കമ്യൂണിക്കേഷന്‍ വകുപ്പ് ഡയരക്ടര്‍ അലിയ അല്‍ യാസി, അബുദാബി ചേംബര്‍ ഡയരക്ടര്‍ ജനറല്‍ മുഹമ്മദ് ഹെലാല്‍ അല്‍ മുഹൈരി, ടൂറിസം കള്‍ച്ചറല്‍ വകുപ്പ് ആക്ടിംഗ് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ സുല്‍ത്താന്‍ അല്‍ മുത്തവ്വ അല്‍ ദാഹേരി, അഡ്‌നെക്ക് ആക്ടിംഗ് സി.ഇ.ഒ അഹമ്മദ് അല്‍ ഒബൈദ്‌ലി, ഗ്ലോബല്‍ എനര്‍ജി പ്രസിഡന്റ് ക്രിസ്റ്റഫര്‍ ഹുഡ്‌സണ്‍ എന്നിവര്‍ അബുദാബിയില്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

Latest