Connect with us

Editorial

370-ാം വകുപ്പ്

Published

|

Last Updated

ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി വീണ്ടും നിരാകരിച്ചിരിക്കുന്നു. ഇത് ഭേദഗതി ചെയ്യാനോ എടുത്തുകളയാനോ കോടതിക്ക് അധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു, ജസ്റ്റിസ് അമിതാവ് റോയ് എന്നിവരടങ്ങിയ രണ്ടംഗ ബഞ്ച് വ്യക്തമാക്കി. 370-ാം വകുപ്പ് റദ്ദാക്കി മറ്റു സംസ്ഥാനങ്ങള്‍ക്ക് ബാധകമായ നിയമങ്ങളും ചട്ടങ്ങളും ജമ്മു കാശ്മീരിനും ബാധകമാക്കണമെന്നാവശ്യപ്പെട്ട് ആന്ധ്രാ സ്വദേശിയായ അഭിഭാഷകന്‍ ബി പി യാദവ് സമപ്പിച്ച ഹരജി കോടതി തള്ളുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം സമാനമായ ഒരു ഹരജി ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ, ജസ്റ്റിസുമാരായ പിനാകി ചന്ദ്ര ഘോഷ്, രോഹിന്‍ടണ്‍ ഫാലി നരിമാന്‍ എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച് തള്ളിയിരുന്നു. സംസ്ഥാനത്തിന്റെ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി 1957ല്‍ പിരിച്ചുവിട്ടതോടെ ഇല്ലാതായിപ്പോയ ഒരു താത്കാലിക വകുപ്പ് മാത്രമാണ് 370-ാം വകുപ്പെന്നാണ് അന്ന് ഹരജി സമര്‍പ്പിച്ച കുമാരി വിജയലക്ഷ്മി ഝാ ഉയര്‍ത്തിയ വാദം. ഇത് വിവരക്കേടാണെന്നും ഇന്ത്യന്‍ ഭരണഘടന 1950ലും കാശ്മീര്‍ സംസ്ഥാനത്തിന്റേത് 1956ലുമാണ് നിലവില്‍ വന്നതെന്നും ഹരജിക്കാരി ഓര്‍ക്കേണ്ടതാണെന്ന് കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു.
സംഘ്പരിവാറിനെ വല്ലാതെ അലോസരപ്പെടുത്തുന്ന കാര്യമാണ് കാശ്മീരിന്റെ പ്രത്യേക പദവി. അത് എടുത്തുകളയണമെന്നത് കാലങ്ങളായുള്ള അവരുടെ ആവശ്യമാണ്. മുസ്‌ലിം ഭൂരിപക്ഷമുള്ള ഒരു സംസ്ഥാനത്തിന് ചില പ്രത്യേക അവകാശങ്ങള്‍ അനുവദിക്കുന്നതിലുള്ള അസഹിഷ്ണുതയില്‍ നിന്നുടലെടുത്തതാണ് ഈ ആവശ്യം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി പ്രകടനപത്രികയിലെ മുഖ്യ വാഗ്ദാനങ്ങളിലൊന്ന് 370-ാം വകുപ്പ് റദ്ദാക്കുമെന്നതായിരുന്നു. അധികാരമേറ്റ ഉടനെ നരേന്ദ്ര മോദി സര്‍ക്കാര്‍ ഇതു സംബന്ധിച്ചു ചില നീക്കങ്ങള്‍ ആരംഭിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിംഗ് വെളിപ്പെടുത്തുകയും ചെയ്തു. കാശ്മീരിലെ രാഷ്ട്രീയ കക്ഷികളും രാജ്യത്തെ മതേതര പ്രസ്ഥാനങ്ങളും ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ താത്കാലികമായി സര്‍ക്കാര്‍ പിന്മാറുകയായിരുന്നു. എങ്കിലും ഈ ആവശ്യം സാധിച്ചുകിട്ടാന്‍ കോടതി മുഖേന നിരന്തരം അവര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്. അടുത്തിടെ ശ്രീനഗര്‍ കോടതിയില്‍ ഇത് സബന്ധിച്ച് ഒരു ഹരജി സമര്‍പ്പിക്കുകയുണ്ടായി. ജസ്റ്റിസുമാരായ ജനക്‌രാജ് കോട്‌വാല്‍, ഹസ്‌നെന്‍ മസൂദി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് അത് തള്ളുകയാണുണ്ടായത്. ഭരണഘടനയില്‍ താത്കാലിക വ്യവസ്ഥയെന്ന നിലയിലാണ് ചേര്‍ത്തതെങ്കിലും 1957 ജനുവരി 25ന് ഭരണഘടനാ അസംബ്ലി പിരിച്ചുവിടുന്നതിനു മുമ്പായി 370-ാം വകുപ്പ് ഭേദഗതി ചെയ്യുന്നതിനോ റദ്ദാക്കുന്നതിനോ ശിപാര്‍ശ നല്‍കാത്ത സാഹചര്യത്തില്‍ ഇപ്പോഴത് സ്ഥിരം വകുപ്പായി മാറിക്കഴിഞ്ഞെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സംസ്ഥാനത്ത് നിലവിലുള്ള നിയമങ്ങള്‍ക്ക് അനുച്ഛേദം 35 എ പ്രകാരം സംരക്ഷണമുണ്ടെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി.
ജമ്മുകാശ്മീര്‍ ഇന്ത്യന്‍ യൂനിയനില്‍ ചേരുന്നതിന് അന്ന് കാശ്മീരിന്റെ ഭരണസാരഥ്യം വഹിച്ചിരുന്ന ശൈഖ് അബ്ദുല്ല വെച്ച വ്യവസ്ഥയാണ് കാശ്മീരിന് പ്രത്യേക അവകാശങ്ങള്‍ വേണമെന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും ഭരണഘടനാ ശില്‍പികളും അത് വകവെച്ചു കൊടുക്കുകയും ചെയ്തു. ഇതനുസരിച്ചു കാശ്മീരിന് സ്വന്തമായ നിലയില്‍ പാര്‍ലമെന്റ്, പ്രധാനമന്ത്രി, പതാക എന്നിവയെല്ലാം അംഗീകരിക്കപ്പെട്ടിരുന്നെങ്കിലും പ്രത്യേക പാര്‍ലിമെന്റും പ്രധാനമന്ത്രി പദവിയും പിന്നീട് റദ്ദാക്കപ്പെടുകയും ഇന്ത്യയിലെ സുപ്രീം കോടതി, കണ്‍ട്രോളര്‍ ആന്റ് ആഡിറ്റര്‍ ജനറല്‍, ഇലക്ഷന്‍ കമ്മീഷന്‍ എന്നിവയുടെ അധികാരം കാശ്മീരിലും ബാധകമാക്കുകയും ചെയ്തു. ഇതല്ലാത്ത മറ്റെല്ലാ പ്രത്യേക അവകാശങ്ങളും അവിടെ ഇന്നും നിലനില്‍ക്കുന്നുണ്ട്. കാശ്മീരിനു പുറത്തുള്ള ആര്‍ക്കും അവിടുത്തെ സ്ഥാവരസ്വത്ത് സ്വന്തമാക്കാനോ സ്ഥിരതാമസമാക്കാനോ വോട്ട് ചെയ്യാനോ കഴിയില്ല. പ്രതിരോധം, വാര്‍ത്താവിനിമയം, വിദേശകാര്യം എന്നീ മേഖലകളിലൊഴികെ ഇന്ത്യന്‍ പാര്‍ലിമെന്റ് പാസാക്കുന്ന നിയമനങ്ങള്‍ ജമ്മു കാശ്മീരിന് ബാധകമാകണമെങ്കില്‍ സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരം ആവശ്യവുമാണ്. കാശ്മീരില്‍ സാമ്പത്തിക അടിയന്തരാവസ്ഥ (ആര്‍ട്ടിക്കിള്‍ 360) പ്രഖ്യാപിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാറിനില്ല. 1985ല്‍ നിലവില്‍ വന്ന കൂറുമാറ്റ നിരോധ നിയമവും അവിടെ ബാധകമല്ല ഇത്തരം വ്യവസ്ഥകളില്‍ ഇപ്പോള്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്നവര്‍ കാശ്മീരിനെ ഇന്ത്യന്‍ യൂനിയന്റെ ഭാഗമാക്കാന്‍ സാധിച്ചത് ഈ ഉപാധികള്‍ അംഗീകരിച്ചത് കൊണ്ടാണെന്ന വസ്തുത വിസ്മരിക്കരുത്. ഇല്ലെങ്കില്‍ തന്ത്രപ്രധാനമായ ഈ ഭൂപ്രദേശം ഇന്ത്യക്ക് നഷ്ടപ്പെടുമായിരുന്നു.
പ്രത്യേകാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നത് കാശ്മീര്‍ മുസ്‌ലിംകളുടെ മാത്രം ആവശ്യമല്ല. സംസ്ഥാനത്തെ ഹൈന്ദവ മതസ്ഥരില്‍ ഗണ്യമായ വിഭാഗം 370-ാം വകുപ്പ് എടുത്തുകളയുന്നതിനെ അനുകൂലിക്കുന്നില്ല. കഴിഞ്ഞ സംസ്ഥാന തിരഞ്ഞെടുപ്പ് വേളയില്‍ കാശ്മീരിന്റെ പ്രത്യേകാവകാശങ്ങള്‍ എടുത്തുകളയുമെന്ന വാഗ്ദാനം ബി ജെ പി കാശ്മീര്‍ ഘടകം പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചപ്പോള്‍, ചില പാര്‍ട്ടി നേതാക്കള്‍ തന്നെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നതാണ്. കേന്ദ്രം 370-ാം വകുപ്പ് റദ്ദാക്കിയാല്‍ അതിനെതിരെ ആദ്യം തോക്കെടുക്കുന്നത് താനായിരിക്കുമെന്നാണ് ശ്രീനഗറിലെ ആമിറ കദാല്‍ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ഥിയായിരുന്ന ഹിന ഭട്ട് അന്ന് പ്രതികരിച്ചത്. കാശ്മീര്‍ യുവാക്കള്‍ തീവ്രാദത്തിലേക്ക് ആകൃഷ്ടരാകുകയും സംസ്ഥാനം കൂടുതല്‍ സംഘര്‍ഷ ഭരിതമാകുകയുമായിരിക്കും പ്രത്യേകാവകാശങ്ങള്‍ എടുത്തുകളയുന്നതിന്റെ അനന്തരഫലം.

Latest