Connect with us

Kozhikode

ആറ് റോഡുകളുടെ പുനര്‍നിര്‍മാണത്തിന് കണ്‍സോര്‍ഷ്യം കരാര്‍ ഒപ്പ് വച്ചു

Published

|

Last Updated

കോഴിക്കോട്: കേരള റോഡ് ഫണ്ട ് ബോര്‍ഡിന്റെ കോഴിക്കോട് സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പ്രൊജക്റ്റിന് കീഴില്‍ ആറ് റോഡുകള്‍ പുനര്‍നിര്‍മിക്കുന്നതിന് 32 പ്രാഥമിക സഹകരണ സംഘങ്ങള്‍ പങ്കെടുക്കുന്ന കണ്‍സോര്‍ഷ്യം കരാര്‍ ഒപ്പ് വച്ചു. റോഡ് നിര്‍മാണ രംഗത്ത് സഹകരണ സംഘങ്ങളുടെ കൂട്ടായ്മയൊരുക്കി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ്‌സൊസൈറ്റി (യു എല്‍ സി സി എസ്) യാണ് പുതിയ മാതൃക സൃഷ്ടിച്ചത്. ജില്ലാ സഹകരണബാങ്കുമായി സഹകരിച്ചാണ് കണ്‍സോര്‍ഷ്യം സാധ്യമാക്കിയത്. 22.5 കിലോമീറ്റര്‍ നീളം വരുന്ന ആറു റോഡുകള്‍ അത്യാധുനികമായ ഫുട്പാത്ത്, ഡ്രെയിനേജ്, സിഗ്നല്‍ സംവിധാനങ്ങളോടെ പരിഷ്‌ക്കരിക്കുന്നതാണ് പദ്ധതി.
രണ്ട് വര്‍ഷം കൊണ്ട് റോഡ് നിര്‍മാണവും 15 വര്‍ഷത്തെ പരിപാലനവും ഇതില്‍ ഉള്‍പ്പെടും. പദ്ധതി തുകയായ 693 കോടി രൂപയില്‍ നിര്‍മാണത്തിനു വേണ്ട 249 കോടിയില്‍ 200 കോടി രൂപയാണ് സഹകരണ സംഘങ്ങളുടെ കണ്‍സോഷ്യത്തിലൂടെ യു എല്‍ സി സി എസ് സ്വരൂപിക്കുക. 10 വര്‍ഷമാണ് ലോണ്‍ കാലാവധി.
ഡല്‍ഹി, മുംബൈ, അഹമ്മദാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുളള കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെ ടെണ്ടറില്‍ പിന്തള്ളി ഏതാണ്ട് പകുതിയോളം തുകയ്ക്കാണ് യു എല്‍ സി സി എസ് നിര്‍മാണ പ്രവൃത്തി ഏറ്റെടുത്തത്. സ്റ്റേഡിയം ജങ്ഷന്‍-പുതിയറ, കാരപ്പറമ്പ്-എരഞ്ഞിപ്പാലം-അരയിടത്തുപാലം- കല്ലുത്താന്‍കടവ്, വെളളിമാടുകുന്ന്-കോവൂര്‍, ഗാന്ധി റോഡ്-മിനി ബൈപ്പാസ്-കുനിയില്‍ കടവ്-മാവൂര്‍റോഡ് ജങ്ഷന്‍, പനാത്തുതാഴം-സി.ഡബ്ലിയു ആര്‍ ഡി എം, പുഷ്പ ജങ്ഷന്‍-മാങ്കാവ് ജങ്ഷന്‍ എന്നീ ആറു റോഡുകളാണ് നവീകരിക്കുക.
ജില്ലാ സഹകരണബേങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ സഹകരണബാങ്ക് പ്രസിഡന്റ് മനയത്ത് ചന്ദ്രന്റെ സാന്നിധ്യത്തില്‍ ബാങ്ക് ജനറല്‍ മാനേജര്‍ അബ്ദുല്‍ മുജീബ് സി യു എല്‍ സി സി എസ് പ്രസിഡന്റ് രമേശന്‍പാലേരി എന്നിവരും പ്രാഥമിക സഹകരണ ബാങ്ക് സെക്രട്ടറിമാരും തമ്മിലാണ് കണ്‍സോര്‍ഷ്യം കരാറില്‍ ഒപ്പുവച്ചത്. കെ ഡി സി ബേങ്ക് വൈസ് പ്രസിഡന്റ് അഡ്വ. ഐ മൂസ, ഇ രമേഷ് ബാബു, ജയന്‍ നണ്ട, വി പി കുഞ്ഞിക്കൃഷ്ണന്‍, പി ടി ഉമാനാഥന്‍, എന്‍ സുബ്രഹ്മണ്യന്‍, യു രാജീവന്‍ , പി എന്‍ തോമസ് , കെ ടി പ്രേമരാജന്‍, എസ് ഷാജു സംസാരിച്ചു.

Latest