Connect with us

Wayanad

കോണ്‍ഗ്രസ് കാലുവാരിയെന്ന് കേരള കോണ്‍ഗ്രസ്(എം) പ്രാദേശിക ഘടകങ്ങളുടെ റിപ്പോര്‍ട്ട്

Published

|

Last Updated

കല്‍പ്പറ്റ: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കാലുവാരിയെന്ന് കേരള കോണ്‍ഗ്രസ്(എം) പ്രാദേശിക ഘടകങ്ങള്‍ വയനാട് ജില്ലാ നേതൃത്വത്തിനു റിപ്പോര്‍ട്ട് ചെയ്തു. പാര്‍ട്ടി ചിഹ്‌നത്തില്‍ മത്സരിച്ച സ്ഥാനാര്‍ഥികള്‍ കോണ്‍ഗ്രസിന്റെ ചതിമൂലം പരാജയപ്പെടാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. പാര്‍ട്ടിയുടെ മുള്ളന്‍കൊല്ലി, പൂതാടി, എടവക, തൊണ്ടര്‍നാട്, മേപ്പാടി, ബത്തേരി ഘടകങ്ങള്‍ അയച്ച റിപ്പോര്‍ട്ടുകളിലാണ് കോണ്‍ഗ്രസ് കാലുവാരിയെന്ന പരിഭവം.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു ജില്ലാ പഞ്ചായത്തിലെ മീനങ്ങാടി ഡിവിഷനും ബ്ലോക്ക് പഞ്ചായത്തുകളിലെ നടവയല്‍, പാടിച്ചിറ, എടവക ഡിവിഷനുകളുമാണ് യു.ഡി.എഫ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനു അനുവദിച്ചത്. മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്തില്‍ മൂന്നും പൂതാടി, എടവക, തൊണ്ടര്‍നാട്, മേപ്പാടി ഗ്രാമപ്പഞ്ചായത്തുകളിലും ബത്തേരി മുന്‍സിപ്പാലിറ്റിയിലും ഒന്നു വീതവും സീറ്റും നല്‍കിയിരുന്നു. ഇതില്‍ നടവയല്‍, പാടിച്ചിറ ബ്ലോക്ക് ഡിവിഷനുകളിലും പൂതാടിയിലെ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡിലും കേരള കോണ്‍ഗ്രിനു വിമതശല്യം നേരിടേണ്ടിവന്നു. ഇതിനു പുറമേയാണ് കോണ്‍ഗ്രസ് കാലുവാരിയെന്ന പരാതി പ്രാദേശിക ഘടകങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.