Connect with us

Wayanad

സിറാജ് വാര്‍ത്ത തുണയായി: പാറുവിനും കരിഞ്ചിക്കും ചികിത്സ ലഭ്യമാക്കാന്‍ മന്ത്രി ജയലക്ഷ്മിയുടെ നിര്‍ദേശം

Published

|

Last Updated

കല്‍പ്പറ്റ: പട്ടികവര്‍ഗ സ്ത്രീകളായ പാറുവിനും കരിഞ്ചിക്കും വിദഗ്ധ ചികില്‍സ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ പട്ടികവര്‍ഗക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിയുടെ നിര്‍ദേശം. പുല്‍പള്ളി ഗ്രാമപ്പഞ്ചായത്തിലെ കാപ്പിക്കുന്ന് താഴെക്കാപ്പ് പണിയ കോളനിയിലെ നൂഞ്ചന്റെ ഭാര്യ പാറു(60), പരേതരായ കുളിയന്‍-കറുത്ത ദമ്പതികളുടെ മകള്‍ കരിഞ്ചി(45) എന്നിവര്‍ രോഗാവസ്ഥയില്‍ ദുരിതമനുഭവിക്കുന്നുവെന്ന സിറാജ് വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പട്ടികവര്‍ഗ്ഗക്ഷേമ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി അടിയന്തിര നടപടി സ്വീകരിച്ചതിനുശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. പി. പുകഴേന്തിക്ക് നിര്‍ദേശം നല്‍കിയത്. രോഗികളെ പരിശോധിക്കുന്നതിന് ഇന്നലെ വൈദ്യസംഘം കോളനികളിലെത്തി.
രണ്ട് വര്‍ഷം മുമ്പ്, കൊയ്ത്തിനു പോയപ്പോള്‍ പതമ്പായി ലഭിച്ച നെല്ല് പാറ്റുന്നതിനിടെ പാറു കുഴഞ്ഞു വീഴുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍നിന്നും പാക്കം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍നിന്നും ചികിത്സ ലഭ്യമായിരുന്നുവെങ്കിലും പാറുവിന്റെ ആരോഗ്യനിലക്ക് മാറ്റം വന്നിട്ടില്ല.
അവിവാഹിതയായ ആദിവാസി അമ്മയാണ് കരിഞ്ചി. കൂലിപ്പണിയെടുത്ത് മക്കളെ പോറ്റിയിരുന്ന കരിഞ്ചിക്ക് ആറുമാസം മുമ്പാണ് മാനസികാസ്വസ്ഥ്യവും വിറയലും അനുഭവപ്പെട്ടത്. ആളുകളെ കാണുമ്പോള്‍ കരിഞ്ചി ഭയന്ന് ഒളിക്കുന്നു. രണ്ട് മക്കളാണ് കരിഞ്ചിക്ക്. കുറച്ചുനാള്‍ കരിഞ്ചിയെ ജില്ലയിലെ സ്വകാര്യ മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സിച്ചെങ്കിലും അസുഖം ഭേദമായിട്ടില്ല.

Latest