Connect with us

Articles

യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ ബഹുസ്വര ഇന്ത്യയെ മാതൃകയാക്കുക: കാന്തപുരം

Published

|

Last Updated

റിയാദില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന അല്‍-റിയാദ് പത്രത്തില്‍ പ്രസിദ്ധീകരിച്ച കാന്തപുരവുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം

ലോക രാഷ്ട്രങ്ങളില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങളെയും അക്രമ പ്രവര്‍ത്തനങ്ങളെയും എങ്ങനെ കാണുന്നു?

മുസ്‌ലിംകള്‍ ഒന്നിച്ച് നില്‍ക്കണം. ഇസ്‌ലാമിന്റെ വിജയത്തിനായി പ്രബോധന ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കണം. ഐഎസ് അടക്കമുള്ള ഇസ്‌ലാമിനെ കളങ്കപ്പെടുത്തുന്നവരും കലാപകാരിളുമായവര്‍ക്കെതിരില്‍ മുഴുവന്‍ മുസ്‌ലിംകളും അണിനിരക്കണം.
ഇസ്്‌ലാമിക് സ്‌റ്റേറ്റ് എന്ന പേരില്‍ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ കലാപങ്ങള്‍ സൃഷ്ടിക്കുകയും ഖിലാഫത്ത് വാദിക്കുന്നവരുമാണ്. പക്ഷേ, ഖിലാഫത്ത് ലോകമുസ്‌ലിംകളുടെ ഒന്നിച്ചെടുക്കുന്ന ഏകാഭിപ്രായത്തിലൂടെ മാത്രമേ ഉണ്ടാകൂ. ലോകം മുഴുവന്‍ ഇവര്‍ക്കെതിരിലാണല്ലോ? പിന്നെ അവരെങ്ങനെ ഖിലാഫത്ത് സ്ഥാപകരാകും? അവര്‍ ഇസ്‌ലാമിനെ ചെളിവാരിത്തേക്കുന്നവരും ഇസ്‌ലാമിനെതിരില്‍ പോരാടുന്നവരുമാണ്.
ശരിയായ ഇസ്‌ലാമിക അദ്ധ്യാപനങ്ങള്‍ മുറുകെ പിടിക്കാനും ശരിയായ നേതൃത്വത്തിന് കീഴില്‍ അണിനിരക്കാനുമാണ് എല്ലാ രാഷ്ടങ്ങളിലെയും മുസ്്‌ലിംകള്‍ ശ്രദ്ധിക്കേണ്ടത്.

ഇന്ത്യയില്‍ നിങ്ങള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം ഉണ്ടോ? മറ്റു ജാതി, മതക്കാരുമായുള്ള ബന്ധം എങ്ങനെയാണ്?

ഇന്ത്യയില്‍ ഇന്നുവരെ ഞങ്ങള്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം അനുഭവിച്ചിട്ടുണ്ട്. വിഭിന്ന ചിന്താഗതിക്കാരുടെയും വ്യത്യസ്ത അഭിപ്രായക്കാരുമായ ഭരണകൂടങ്ങള്‍ മാറി വരുന്നുണ്ടെങ്കിലും എല്ലാവരുടെയും അവകാശങ്ങള്‍ സംരംക്ഷിക്കുന്ന ഭരണഘടനയുണ്ട് ഞങ്ങള്‍ക്ക്. എല്ലാ മതങ്ങള്‍ക്കും ആരാധനാ സ്വാതന്ത്ര്യമുണ്ട് ഇന്ത്യയില്‍. മുസ്‌ലിമിനും ഹിന്ദുവിനും ക്രിസ്ത്യാനിക്കും അവരവരുടെ മതത്തില്‍ വിശ്വസിക്കാനും അതനുസരിച്ച് ജീവിക്കാനും നിയമപരിരക്ഷയുണ്ട്. ഈ നിയമസംഹിത നിലനില്‍ക്കുവോളം ഞങ്ങള്‍ക്ക് പ്രയാസമില്ല. ഞങ്ങള്‍ക്ക് മസ്ജിദ് നിര്‍മ്മിക്കാനും ഉച്ഛഭാഷിണി ഉപയോഗിച്ച് വാങ്ക് വിളിക്കാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യയിലുണ്ട്. ഇസ്‌ലാമിക രാഷ്ട്രമല്ലാതിരുന്നിട്ട് കൂടി തികഞ്ഞ ഇസ്‌ലാമിക സ്വാതന്ത്ര്യം ഇന്ത്യയിലെ മുസ്്‌ലിംകള്‍ക്കുണ്ട്. ഞങ്ങള്‍ മറ്റുള്ളവരുമായി സമാധാനത്തിലും ഐക്യത്തിലും ജീവിതം പുലര്‍ത്തുന്നു. പരസ്പരം പോരടിക്കുന്ന മറ്റു രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ ഈ നിലാപാട് മാതൃകയാണ്.

എന്നാല്‍ ഹൃദയത്തില്‍ ഇസ്‌ലാമിനെ ഉള്‍ക്കൊള്ളാതെ വാക്കുകളില്‍ മാത്രം ഇസ്‌ലാമിന്റെ പേര് കൊണ്ട്‌നടക്കുന്ന ഏതാനും ആളുകളാണ് ഇസ്്‌ലാമിക രാഷ്ട്രങ്ങളിലെ നിലവിലെ പ്രശ്‌നങ്ങള്‍ക്കും അരക്ഷിതാവസ്ഥക്കും കാരണക്കാര്‍. ഇന്ത്യയെ സംബന്ധിച്ചിടത്തോളം മുസ്‌ലിംകള്‍ മൊത്തം ജനസംഖ്യയുടെ 15-20 ശതമാനം മാത്രമാണുള്ളത്. ന്യൂനപക്ഷമായിരുന്നിട്ടും മതേതര രാജ്യത്ത് തികഞ്ഞ അഭിപ്രായ സ്വാതന്ത്ര്യം ഞങ്ങള്‍ അനുഭവിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ മറ്റു വിഭാഗക്കാരോടും ഇതര ജാതിക്കാരോടും സമാധാനത്തോടെ സഹവര്‍ത്തിക്കാന്‍ ലോകരാഷ്ട്രങ്ങളിലെ മുസ്്‌ലിംകള്‍ ശ്രദ്ധിക്കണം.

അതേസമയം, ഇസ്‌ലാമിക ഭരണം സ്ഥാപിക്കണമെന്ന വാദം പൂര്‍ണ അസംബന്ധമാണ്. കാരണം ഇന്ത്യയിലെ മുസ്്‌ലിംകള്‍ ന്യൂനപക്ഷവും മതേതര രാജ്യത്ത് വസിക്കുന്നവരുമാണ്. മുസ്‌ലിംകള്‍ പരസ്പരം പോരടിക്കുന്നതും സായുധ സംഘട്ടനത്തില്‍ ഏര്‍പ്പെടുന്നതും ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും അത്യധികം ഖേദകരമാണ്. സമാധാന സംസ്ഥാപനത്തിനു ഭീകരവാദത്തെ ഉന്മൂലനം ചെയ്യാനും യഥാര്‍ത്ഥ ഇസ്‌ലാമിക പാഠങ്ങള്‍ പ്രചരിപ്പിച്ച് ഒന്നിച്ച് നില്‍ക്കല്‍ അനിവാര്യമാണ്.

kanthapuram

ജാതി-മത-വര്‍ഗ വൈജാത്യങ്ങള്‍ക്കിടയിലും ഇന്ത്യന്‍ ജനത പരസ്പരം സഹവര്‍ത്തിത്വം പുലര്‍ത്തുന്നതിന്റെ കാരണം എന്താണ്?

ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് അവരുടെ ആചാരങ്ങള്‍ അനുഷ്ഠിക്കുന്നതിനും ആരാധനാലയങ്ങള്‍, മതപാഠശാലകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുന്നതിനും സംഘടനകള്‍ രൂപീകരിക്കുന്നതിനും പൂര്‍ണ സ്വാതന്ത്രമുണ്ട്. മറ്റു പൗരന്മാമാര്‍ക്കുള്ളത് പോലെ തുല്യാവകാശം ഞങ്ങള്‍ക്കും ലഭിക്കുന്നുണ്ട്.

ഇന്ത്യന്‍ ഭരണഘടന എല്ലാവരുടെയും മത സ്വാതന്ത്ര്യവും വിശ്വാസ സ്വാതന്ത്ര്യവും ബഹുമാനിക്കുന്നു. ഒരാളെയും മറ്റൊരാളുടെ മതം സ്വീകരിക്കണമെന്ന് നിര്‍ബന്ധിക്കുന്നില്ല. രാഷ്ട്രീയ സ്വാതന്ത്ര്യവും വകവെച്ച് തരുന്നുണ്ട്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ തന്നെ മുസ്‌ലിം ജനപ്രതിനിധികള്‍ ഉണ്ട്. രാഷ്ട്രപതി സ്ഥാനമടക്കം പല രാഷ്ട്രീയ സ്ഥാനങ്ങളിലും മുസ്‌ലിംകള്‍ എത്തിയിട്ടുണ്ട്.

ഞങ്ങളുടെ വിജയത്തിന് കാരണം വിദ്യാഭ്യാസത്തിന് ഞങ്ങള്‍ നല്‍കുന്ന പ്രാധാന്യമാണ്. ഞങ്ങളുടെ സ്ഥാപനമായ മര്‍കസിന് കീഴില്‍ മാത്രം ഒരു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ദക്ഷിണേന്ത്യയിലെ പ്രധാന ക്യാംപസുകളില്‍ മാത്രം 25000 ത്തോളം വിദ്യാര്‍ത്ഥികളുണ്ട്. ഈ സ്ഥാപനങ്ങളുടെ വികസനത്തിനായി നൂറ് ഏക്കറിലധികം സ്ഥലം കണ്ടെത്തുകയും മെഡിക്കല്‍ കോളേജിന്റെയും ലോ കോളേജിന്റെയും നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. മറ്റനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുന്നുമുണ്ട്. ഇവിടങ്ങളിലൊക്കെ മുസ്‌ലിംകളും ഇതര മതസ്തരും പഠിക്കുന്നു. വിദ്യാഭ്യാസ യോഗ്യതകള്‍ മാത്രമേ പ്രവേശനത്തിന് മാനദണ്ഡമാക്കിയിട്ടുള്ളൂ.

മക്ക-മദീന ഹറമുകളുടെ പ്രവര്‍ത്തനങ്ങളെയും മിനാദുരന്തത്തേയും പറ്റി അസൂയാലുക്കള്‍ പടച്ചുവിടുന്ന കുപ്രചാരണങ്ങളെ എങ്ങനെ കാണുന്നു?

കുപ്രചാരണങ്ങള്‍ തികഞ്ഞ അസംബന്ധമാണ്. സഊദി ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നുള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍ വരുന്നതിന്റെ മുമ്പ് ഒരു തരത്തിലുള്ള പ്രതികരണമോ പ്രചാരണമോ പാടില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാനുള്ള ഇടമാണ് ഹറം. ഹജ്ജിനെ രാഷ്ട്രീയ ലാഭങ്ങള്‍ക്കായി ദുരുപയോഗിക്കുന്നത് ഖേദകരമാണ്.

ഇരു ഹറമുകളുടെയും സേവകരായ സല്‍മാന്‍ രാജാവും സഊദി ഭരണകൂടവും മരണപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുകയാണ്. മരണപ്പെട്ടവരെ ശുഹദാക്കളില്‍ പെടുത്തി സ്വര്‍ഗത്തില്‍ ഒരുമിച്ച് കൂട്ടട്ടെ. അപകടത്തെ തുടര്‍ന്നുണ്ടായ രക്ഷാപ്രവര്‍ത്തനങ്ങളിലും മരണപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കുള്ള സഹായങ്ങള്‍ എത്തിച്ചുകൊടുക്കുന്നതിലും സഊദി സര്‍ക്കാര്‍ കാണിച്ച ജാഗ്രത മാതൃകാപരമാണ്. ഹജ്ജ് പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വിടപറഞ്ഞവരുടെ ഹജ്ജ് വരുന്ന വര്‍ഷം ചെയ്യാനുള്ള ചെലവുകള്‍ മുഴുവന്‍ വഹിക്കും എന്ന നിലപാട് പ്രശംസനീയം തന്നെ.

നിങ്ങള്‍ നേതൃത്വം നല്‍കുന്ന മര്‍കസ് സ്ഥാപനങ്ങളോട് മറ്റുള്ള മതവിഭാഗക്കാരുടെ സമീപനം എന്താണ്?

മാനുഷിക മൂല്യങ്ങളും മാതൃകാപരമായ പാരമ്പര്യവും ജനമനസ്സുകളില്‍ ഊട്ടിയുറപ്പിക്കുന്നതിനാണ്് ഞങ്ങള്‍ പ്രധാന്യം നല്‍കുന്നത്. അക്രമണങ്ങളുടെയും ഹിംസയുടെയും വക്താക്കളോട് ആരോഗ്യകരമായി സംവദിക്കാന്‍ ശ്രമിക്കുന്നുണ്ട്. വ്യത്യസ്ത മതവിഭാഗക്കാരോട് സഹിഷ്ണുത പുലര്‍ത്തുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ രൂപപ്പെടുന്ന നയമാണത്.

ഇന്ത്യക്കകത്ത് നിന്നും പുറത്തു നിന്നും മുസ്്‌ലിംകളും അല്ലാത്തവരും മര്‍കസില്‍ പഠിക്കാന്‍ ചേരുന്നുണ്ട്. ഇവിടെ മതപരിവര്‍ത്തനത്തിന് ആരെയും നിര്‍ബന്ധിക്കാറില്ല. എന്നാല്‍ ഞങ്ങള്‍ നല്‍കുന്ന സ്‌നേഹത്തിലും മാതൃകാപരമായ ഇടപഴകലിലും ആകര്‍ഷിച്ച് പലരും ദീന്‍ പുല്‍കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. ജാതി-മത ഭേദമന്യേ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി മര്‍കസ് വിദ്യാഭ്യാസം നല്‍കുന്നുണ്ട്. ഭൂരിപക്ഷം ഇന്ത്യക്കാര്‍ തന്നെയാണ്.

ഇസ്്‌ലാമിനെക്കുറിച്ച് പഠിക്കാന്‍ വേണ്ടി തന്നെ മറ്റു മതസ്്തര്‍ വരാറുണ്ട്. അവര്‍ക്ക് അവസരം നല്‍കാറുമുണ്ട്. അവരോടും ഇസ്്‌ലാം സ്വീകരിക്കണമെന്ന് നിര്‍ബന്ധിക്കാറില്ല. മതങ്ങള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാറില്ല. ഭൂരിപക്ഷവും ഇസ്്‌ലാം തീവ്രവാദത്തിന്റെയോ ഭീകരവാദത്തിന്റെയോ മതമല്ലെന്ന് തിരിച്ചറിയുന്നുണ്ട്. ഇന്ത്യന്‍ ജനങ്ങള്‍ക്കിടയിലും വിവിധ ലോക രാഷ്ട്രങ്ങളിലും മര്‍കസ് വിശ്രുതമാണ്. കഴിഞ്ഞ 38 വര്‍ഷമായി മര്‍കസ് പ്രവര്‍ത്തിക്കുന്നു.

ഇന്ത്യന്‍ അനുഭങ്ങളുടെ വെളിച്ചത്തില്‍ മധ്യ പൗരസ്ത്യ രാജ്യങ്ങളോട് പറയാനുള്ള സന്ദേശമെന്താണ്?

പരസ്പരം സഹവര്‍ത്തിത്വത്തില്‍ കഴിയണം. ബന്ധങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തരുത്. അക്രമണങ്ങളെയും യുദ്ധങ്ങളെയും നിരോധിച്ച് കൊണ്ടുള്ള മുഹമ്മദ് നബി(സ)യുടെ പാഠങ്ങള്‍ നാം ഉള്‍കൊള്ളണം. പ്രതികാരം വീട്ടാനുള്ള എല്ലാ സാഹചര്യങ്ങളും അനുകൂലമായി വന്നിട്ടും (മുസ്്‌ലിമല്ലാത്ത) അബുസുഫ്‌യാന്റെ വീട്ടില്‍ കയറിവര്‍ അക്രമിക്കപ്പെടില്ലെന്നും അവര്‍ക്ക് മോചനമുണ്ടെന്നും പഠിപ്പിച്ച പുണ്യ റസൂലിന്റെ സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും പാഠങ്ങള്‍ വിസ്മരിച്ചുകൂടാ.

നിരപരാധികളെ കൊന്ന്തള്ളുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം. സര്‍വ്വ വിനാശകാരികളായ യുദ്ധക്കൊതിയന്മാര്‍ക്കെതിരില്‍ എല്ലാവരും ഒറ്റക്കെട്ടായി അണിനിരക്കണം. അന്യായമായ രക്ത ചൊരിച്ചിലുകള്‍ ഉണ്ടാകാതെ അല്ലാഹുവിനെ ഭയപ്പെട്ട് ജീവിക്കണം. സ്വന്തക്കാരോടും മറ്റു വിഭാഗക്കാരോടും സ്‌നേഹത്തിലും സഹവര്‍ത്തിത്വത്തിലും ജീവിക്കണം. ഉള്ളതില്‍ തൃപ്തിപ്പെടുകയും മറ്റുള്ളവരുടെ അവകാശങ്ങള്‍ വകവെച്ച് കൊടുക്കുകയും വേണം. തമ്മില്‍ തല്ലുമ്പോള്‍ ശക്തി ക്ഷയിക്കുന്നുണ്ടെന്നും അത് ശത്രുവിന് വാതില്‍ തുറന്ന് കൊടുക്കുകയാണെന്നും തിരിച്ചറിയണം.

സഊദി ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു?

ലോക സമാധാനത്തിനും സഹ രാജ്യങ്ങളെ സഹായിക്കുന്നതിനും സഊദി ഭരണകൂടം എടുത്ത നിലാപാടുകള്‍ വളരെ ശ്ലാഘനീയമാണ്. യമനിലും മറ്റ് മുസ്്‌ലിം രാഷ്ട്രങ്ങളിലും അക്രമണങ്ങള്‍ അവസാനിപ്പിച്ച് ശാന്തിയും സമാധാനവും സ്ഥാപിക്കാന്‍ ഭരണകൂടവും പൗരസമൂഹവും കാണിക്കുന്ന ഉത്സാഹം വളരെ ശ്രദ്ധേയമാണ്. അഞ്ച് ലക്ഷത്തിലധികം യമന്‍ പൗരന്മാരെ സഊദിയുടെ മണ്ണില്‍ പുനരധിവസിപ്പിക്കുകയും ജീവിത സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയും ചെയ്തത് വിലമതിക്കാനാവാത്ത സേവനമാണ്. അത്‌പോലെ സിറിയയിലെ പ്രതിസന്ധി ആരംഭത്തില്‍ തന്നെ 25 ലക്ഷം സിറിയന്‍ അഭയാര്‍ത്ഥികളെ സ്വന്തം പൗരന്മാരെപ്പോലെ കണ്ട് അഭയം നല്‍കിയതിലൂടെ ഇതരരാജ്യങ്ങള്‍ക്ക് വരെ തുല്യതയില്ലാത്ത മാതൃകയാണ് സഊദി കാണിച്ചുകൊടുക്കുന്നത്.

ഇരു ഹറമുകളുടെയും വികസനത്തിനും വിശുദ്ധ ഭവനത്തില്‍ ഹജ്ജിന് എത്തുന്നവര്‍ക്കും മദീനാ പള്ളിയില്‍ സന്ദര്‍ശനം നടത്തുന്നവര്‍ക്കും ഏറ്റവും നല്ല സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതിനും സല്‍മാന്‍ രാജാവ് കാണിക്കുന്ന ഉത്സാഹം പ്രശംസനീയമാണ്. അദ്ദേഹം സത്യസന്ധനും കര്‍മ്മനിരതനും സമാധാന സന്ദേശവാഹകനുമായ നല്ല ഭരണാധികാരിയാണ്. അദ്ദേഹത്തിനും മറ്റു ഭരണാധികാരികള്‍ക്കും സഊദി ജനതക്കും നന്മ നേരുന്നു. വിജയം ആശംസിക്കുന്നു.