Connect with us

Malappuram

പെരിന്തല്‍മണ്ണയില്‍ 3.9 കോടിയുടെ കുഴല്‍ പണവുമായി മൂന്ന് പേര്‍ അറസ്റ്റില്‍

Published

|

Last Updated

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറത്ത് വീണ്ടും പോലീസിന്റെ കുഴല്‍പ്പണ വേട്ട. മൂന്ന് കോടി ഒമ്പത് ലക്ഷത്തി അമ്പതിനായിരം രൂപയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. താമരശ്ശേരി പൂനൂര്‍ കോളനി മോയത്ത് ഹാറൂണ്‍ നഹാര്‍ (25), കിഴിശ്ശേരി കടുക്കുപുരം പുളിയക്കോട് കള്ളിവളപ്പില്‍ അബ്ദുല്‍ ഗഫൂര്‍ (38), കിഴിശ്ശേരി കടുക്കുപുരം പുളിയക്കോട് വാലാപുറത്ത് മുഹമ്മദ് (37) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
പെരിന്തല്‍മണ്ണയില്‍ ഇതു രണ്ടാം തവണയാണ് വലിയ തോതിലുള്ള ഹവാല പണം പിടികൂടുന്നത്. രണ്ട് മാസം മുമ്പ് രണ്ട് കോടി എണ്‍പത്തി ഒമ്പത് ലക്ഷത്തി എണ്ണായിരം രൂപയും 13 കിലോ സ്വര്‍ണവുമായി മറ്റൊരു സംഘം അറസ്റ്റിലായിരുന്നു. ഇവരില്‍ നിന്നും ജില്ലയിലേക്കും അയല്‍ ജില്ലകളിലേക്കും വന്‍തോതില്‍ ഹവാല പണവും സ്വര്‍ണവും എത്തിക്കുന്ന സംഘങ്ങളെക്കുറിച്ചും ബിനാമികളെ കുറിച്ചും പോലീസിന് വിവരം ലഭിച്ചിരുന്നു.
തിരഞ്ഞെടുപ്പ് ദിവസവും തൊട്ടടുത്ത ദിവസങ്ങളിലും ഹവാല പണം ആഡംബര കാറുകളില്‍ കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്നുള്ള വിവരം ലഭിച്ചതനുസരിച്ചാണ് ഡി വൈ എസ് പി. പി എം പ്രദീപ്, സി ഐ കെ എം ബിജു, എസ് ഐ. സി കെ നാസര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രത്യേക വാഹന പരിശോധന നടത്തിയത്.
പണം കടത്താനായി ഉപയോഗിച്ചിരുന്ന സ്‌ക്വാഡ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. പെരിന്തല്‍മണ്ണ, കൊണ്ടോട്ടി, കൊടുവള്ളി എന്നിവിടങ്ങളിലേക്ക് വിതരണത്തിന് കൊണ്ടുവന്നതായിരുന്നു പണം. ഇന്നലെ പുലര്‍ച്ചെ 5.30 മുതല്‍ പെരിന്തല്‍മണ്ണ സബ് ഡിവിഷനു കീഴിലെ അതിര്‍ത്തി സ്റ്റേഷനുകള്‍ മുതല്‍ എല്ലാ ടൗണുകളിലും റോഡുകളിലും വാഹന പരിശോധന നടത്താന്‍ ജില്ലാ പോലീസ് ചീഫ് നിര്‍ദേശിച്ചിരുന്നു. ഉച്ചയോടെയാണ് ഇവരെ അങ്ങാടിപ്പുറം നഗരമധ്യത്തില്‍ വെച്ച് അറസ്റ്റ് ചെയ്തത്.
ഈ സംഘത്തെ കൂടി വലയിലാക്കിയതോടെ ഹവാല സംഘത്തിലെ ഏജന്റുമാര്‍, വിതരണക്കാര്‍, ബിനാമികള്‍ എന്നിവരെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭ്യമായതായും ഇവര്‍ നിരീക്ഷണത്തിലാണെന്നും എസ് പി ദേബേഷ് കുമാര്‍ ബെഹ്‌റ അറിയിച്ചു.
പിടികൂടിയ പണം വോട്ടെടുപ്പ് ദിവസം വിതരണത്തിനായി കേരളത്തിലെത്തിച്ചതിനെ കുറിച്ചും മറ്റു സ്രോതസസ്സുകളെ കുറിച്ചും വിശദമായി അന്വേഷണം നടത്തി കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഡി വൈ എസ് പി പറഞ്ഞു.

Latest