Connect with us

International

ജൂത സിനഗോഗ് പൊളിക്കേണ്ട: ഇസ്‌റാഈല്‍ ഹൈക്കോടതി

Published

|

Last Updated

ജറൂസലം: ജറൂസലമിലെ ഫലസ്തീന്‍ മണ്ണ് കൈയേറി നിര്‍മിച്ച ജൂത സിനഗോഗ് തത്കാലം പൊളിച്ചുമാറ്റേണ്ടതില്ലെന്ന് ഇസ്‌റാഈല്‍ ഹൈക്കോടതി. സിനഗോഗും സെമിനാരിയും പൊളിച്ചുമാറ്റണമെന്ന് നേരത്തേ കോടതി വിധിച്ചിരുന്നെങ്കിലും സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ച് ഇസ്‌റാഈല്‍ അധികൃതര്‍ വിധി നടപ്പാക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് കൂടുതല്‍ സാവകാശം വേണമെന്നാവശ്യപ്പെട്ട് കോടതിയെ സൈനിക നേതൃത്വം സമീപിക്കുകയും ചെയ്തു. ഈ ഹരജിയിലാണ് തത്കാലം സിനഗോഗ് പൊളിക്കേണ്ടെന്ന വിധി വന്നിരിക്കുന്നത്. വടക്കുപടിഞ്ഞാറന്‍ ജറൂസലമിലെ ഗിവാത് സീവിലെ സിനഗോഗും ജൂതമത പാഠശാലയും പൊളിച്ചുമാറ്റാന്‍ കഴിഞ്ഞ വര്‍ഷമാണ് കോടതി ഉത്തരവിട്ടത്. ഇതനുസരിച്ച് ഇന്നലെയായിരുന്നു വിധി നടപ്പാക്കാനുള്ള അവസാന തീയതി. അതിനിടെ, വിധി നടപ്പാക്കാനനുവദിക്കില്ലെന്ന് കാണിച്ച് നൂറോളം ജൂതയുവാക്കള്‍ സിനഗോഗിന് ചുറ്റും ക്യാമ്പ് ചെയ്യുകയാണ്.
മേഖല സംഘര്‍ഷഭരിതമാണെന്നും ഫലസ്തീന്‍ യുവാക്കള്‍ ഏത് നിമിഷവും അക്രമാസക്തരാകാമെന്നും ഈ സാഹചര്യത്തില്‍ സിനഗോഗ് വിഷയത്തിന് സൈന്യത്തെ നിയോഗിക്കാനാകില്ലെന്നുമാണ് കോടതിയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വാദിച്ചത്.
ജറൂസലമിലെ സ്ഥിതിഗതികള്‍ സ്‌ഫോടനാത്മകമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സിനഗോഗ് പൊളിക്കല്‍ മൂന്നാഴ്ചത്തേക്ക് മാറ്റിവെക്കണമെന്നാണ് പോലീസ് ആവശ്യപ്പെട്ടത്. എന്നാല്‍, 13 ദിവസമാണ് കോടതി നല്‍കിയത്. ഇനിയൊരു മാറ്റിവെക്കലിന് യാതൊരു സാധ്യതയുമില്ലെന്നും 17നകം വിധി നടപ്പാക്കിയിരിക്കണമെന്നും കോടതി വ്യക്തമാക്കി.
ഭൂമി കൈയേറ്റത്തിന് മതത്തെ കൂട്ടുപിടിക്കുന്നതിന് നല്ല ഉദാഹരണമാണ് സിനഗോഗ് നിര്‍മാണം. അത് പൊളിച്ചുനീക്കുന്നത് വൈകുന്നത് നിയമപരമായ വെല്ലുവിളിയാണെന്ന് ഇസ്‌റാഈല്‍ ലീഗല്‍ റൈറ്റ്‌സ് ഗ്രൂപ്പ് യാഷ് ദിന്‍ വിലയിരുത്തി. സിനഗോഗ് പൊളിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്നുണ്ടാകാം. പക്ഷേ, ഭൂമി കൈയേറ്റത്തിന് മതത്തെ ഉപയോഗിച്ചതിലാണ് പ്രശ്‌നമെന്ന് ഗ്രൂപ്പ് വിലയിരുത്തി.

 

---- facebook comment plugin here -----

Latest