Connect with us

Kerala

കോട്ടയത്ത് പോളിംഗ് ഉയര്‍ന്നത് നേതാക്കളില്‍ നെഞ്ചിടിപ്പ് കൂട്ടി

Published

|

Last Updated

കോട്ടയം: ബാര്‍കോഴ വിവാദവും റബ്ബര്‍ വിലയിടിവും പി സി ജോര്‍ജ് നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് സെക്യുലറിന്റെ ഇടതുമുന്നണിയുമായുള്ള തിരഞ്ഞെടുപ്പ് ധാരണകളും ബി ജെ പി- എസ് എന്‍ ഡി പി സഖ്യവും വിധിനിര്‍ണയിക്കുന്ന കോട്ടയം ജില്ലയിലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലുണ്ടായ ഉയര്‍ന്ന പോളിംഗ് ശതമാനം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും ഒരുപോലെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുന്നു. 2010 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് 76.55 ശതമാനമായിരുന്നു പോളിംഗ്. എന്നാല്‍ ഇത്തവണ 78 ശതമാനത്തിലേക്ക് പോളിംഗ് ഉയര്‍ന്നു. കൃത്യമായ കണക്കുകള്‍ ലഭ്യമാകുന്നതോടെ 80 ശതമാനത്തിന് മുകളിലേക്ക് പോളിംഗ് ഉയരുമെന്ന സൂചനകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ നല്‍കുന്നത്. പോളിംഗ് ശതമാനത്തില്‍ ഉണ്ടായ വര്‍ധന തങ്ങള്‍ക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് ഇടതു, വലതു മുന്നണിയും ബി ജെ പിയും പങ്കുവെക്കുന്നത്.
കെ എം മാണി, പി സി ജോര്‍ജ് അടക്കമുള്ള നേതാക്കളുടെ രാഷ്ട്രീയ ഭാവിയും നാളത്തെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ഗതിവിഗതികളെ ആശ്രയിച്ചിരിക്കുമെന്ന വിലയിരുത്തലുമുണ്ട്. കെ എം മാണിക്കെതിരായ ബാര്‍കോഴ വിവാദം യാതൊരുതരത്തിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ യു ഡി എഫിനെ ബാധിക്കില്ലെന്ന് കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് നേതാക്കള്‍ ആണയിടുമ്പോഴും തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഉരുണ്ടുകൂടിയ ബാര്‍കോഴ വിവാദം കോട്ടയത്ത് യു ഡി എഫിന് വന്‍ തിരിച്ചടി സമ്മാനിക്കുമെന്നാണ് എല്‍ ഡി എഫ് നേതൃത്വം കണക്കുകൂട്ടുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ ബാര്‍ കോഴ വിവാദം ഉയര്‍ത്തിയാണ് ഇടതുമുന്നണി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണി എന്നിവരുടെ തട്ടകമായ കോട്ടയം ജില്ലയില്‍ യു ഡി എഫിനെ നേരിട്ടത്. കേരള കോണ്‍ഗ്രസുമായും യു ഡി എഫുമായും തെറ്റിപ്പിരിഞ്ഞ് ഇടതുമുന്നണിയുമായി തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കി മത്സരിക്കുന്ന കേരള കോണ്‍ഗ്രസ് സെക്യുലര്‍ പാര്‍ട്ടിയുടെയും പി സി ജോര്‍ജിന്റെയും രാഷ്ട്രീയ ഭാവി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പെന്ന പ്രത്യേകതയും ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിനുണ്ട്.
പുതുതായി രൂപവത്കരിച്ച ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയില്‍ ഇടതുമുന്നണി, ജമാഅത്തെ ഇസ്‌ലാമി എന്നിവരുമായി കൂട്ടുചേര്‍ന്നാണ് കേരള കോണ്‍ഗ്രസ് സെക്യുലര്‍ മത്സരിക്കുന്നത്. 82 ശതമാനത്തിന് മുകളിലാണ് ഇവിടെ തിരഞ്ഞെടുപ്പ് പോളിംഗ് ശതമാനം. കാലങ്ങളായി മധ്യകേരളത്തില്‍ മുസ്‌ലിം ലീഗ് ഭരണം കൈയാളുന്ന ഈരാറ്റുപേട്ട പഞ്ചായത്ത് ലീഗിന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് മുനിസിപ്പാലിറ്റിയായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്തുവിലകൊടുത്തും ഈരാറ്റുപേട്ടയുടെ കുത്തക നിലനിര്‍ത്തുമെന്ന വാശിയിലാണ് മുസ്‌ലിം ലീഗ് കോട്ടയം ജില്ലാ നേതൃത്വം.
കോട്ടയം ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, കുറവിലങ്ങാട് എന്നിവിടങ്ങളില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗവും സെക്യുലറും തമ്മില്‍ നേരിട്ടുള്ള വാശിയേറിയ മത്സരമാണ് നടന്നത്. മൂന്ന് ഡിവിഷനുകളിലും വിജയം തങ്ങള്‍ക്കൊപ്പമാണെന്ന് മാണി വിഭാഗം നേതാക്കള്‍ അവകാശപ്പെടുമ്പോള്‍, പൂഞ്ഞാര്‍ ഡിവിഷനിലെങ്കിലും വിജയം അനുകൂലമായില്ലെങ്കില്‍ കേരള കോണ്‍ഗ്രസ് സെക്യുലറിന്റെയും പി സി ജോര്‍ജിന്റെയും എല്‍ ഡി എഫുമായുള്ള ഭാവി സഖ്യചര്‍ച്ചകള്‍ വഴിമുട്ടിയേക്കും. കെ എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ ചില സി പി എം നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന് ജോര്‍ജിന്റെ വെളിപ്പെടുത്തലിനെതിരെ സി പി എം നേതാവ് ഡോ. തോമസ് ഐസക് രംഗത്തെത്തിയിരുന്നു. ഈ രാഷ്ട്രീയ സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ സെക്യുലര്‍ സ്ഥാനാര്‍ഥികളുടെ വിജയം പ്രതീക്ഷിച്ചത്ര ഉണ്ടായില്ലെങ്കില്‍ ജോര്‍ജിനെതിരെ ശക്തമായ ആക്രമണങ്ങളുമായി സി പി എം നേതാക്കള്‍ രംഗത്തെത്തിയാല്‍ അത്ഭുതപ്പെടാനില്ല.
ചെറുകിട റബ്ബര്‍ കര്‍ഷകര്‍ തിങ്ങിപ്പാര്‍ക്കുന്ന കോട്ടയം ജില്ലയില്‍ റബ്ബര്‍ വിലയിടിവും കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ചയും തിരിച്ചടി സമ്മാനിച്ചേക്കുമെന്ന ആശങ്കയും കേരള കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ക്കുണ്ട്. എന്നാല്‍ ബി ജെ പിയുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ വിവിധ മേഖകളില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളും ബീഫ് വിവാദവും ന്യൂനപക്ഷ വോട്ടര്‍മാരെ കൂടുതല്‍ യു ഡി എഫിലേക്ക് അടുപ്പിക്കുമെന്നും പോളിംഗ് ശതമാനത്തിലുണ്ടായ വര്‍ധന ഇത്തരം ആശങ്കകളുടെ പ്രതിഫലനമാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
കോട്ടയം ജില്ലയില്‍ എല്‍ ഡി എഫിന് നിര്‍ണായക സ്വാധീനമുള്ള വൈക്കം, വെച്ചൂര്‍, തലയാഴം, കുമരകം മേഖകളില്‍ എസ് എന്‍ ഡി പി- ബി ജെ പി സഖ്യമുന്നണി സ്ഥാനാര്‍ഥികളുടെ ഭീഷണികള്‍ തിരിച്ചടിയുണ്ടാക്കിയേക്കാമെന്ന കണക്കുകൂട്ടലിലാണ് സി പി എം നേതൃത്വം. ഇവിടങ്ങളില്‍ എസ് എന്‍ ഡി പി- ബി ജെ പി സഖ്യസ്ഥാനാര്‍ഥികള്‍ക്ക് വിജയം നേടാനായാല്‍ കോട്ടയത്ത് ഇടതുമുന്നണി കാലങ്ങളായി കൈവശം വെച്ചിരിക്കുന്ന പഞ്ചായത്തുകളുടെ ഭരണം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകും.

---- facebook comment plugin here -----

Latest