Connect with us

Gulf

സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ മാധ്യമങ്ങള്‍ക്ക് തുറന്നിട്ടതായി ശൈഖ് മുഹമ്മദ്

Published

|

Last Updated

ദുബൈ: സാര്‍ക്കാരിന്റെ വാതിലുകളെല്ലാം എല്ലായ്‌പ്പോഴും മാധ്യമപ്രവര്‍ത്തകര്‍ക്കായി തുറന്നിട്ടിരിക്കയാണെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. രാജ്യത്തെ പത്രപ്രവര്‍ത്തകര്‍ക്കായാണ് സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുമായും എ പ്പോഴും ബന്ധപ്പെടാവുന്നതാണ്.
മാധ്യമപ്രവര്‍ത്തകര്‍ സത്യന്ധത കൈവിടരുതെന്നും ശൈഖ് മുഹമ്മദ് ഓര്‍മിപ്പിച്ചു. യു എ ഇ സമൂഹത്തിന്റെ പതാകവാഹകരാവാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സാധിക്കണം. അവര്‍ക്ക് എല്ലാ വിധ സഹായവും നല്‍കുകയെന്നാതാണ് സര്‍ക്കാരിന്റെ നയം. ജനങ്ങളുടെ ദുരിതങ്ങളും മറ്റും അറിയാന്‍ മാധ്യമങ്ങളെ പതിവായി പിന്തുടരാറുണ്ടെന്നും ഇമറാത്തി മീഡിയാ ഫോറത്തിന്റെ മൂന്നാമത് എഡിഷനില്‍ ശൈഖ് മുഹമ്മദ് പറഞ്ഞു.
മേഖലയുടെ വര്‍ത്തമാനവും ഭാവിയും രൂപപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. മേഖല അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ അതിജീവിക്കുന്നതിലും മാധ്യമങ്ങള്‍ക്ക് സുപ്രധാനമായ പങ്കുവഹിക്കാനുണ്ട്. യമനിലെ ഔദ്യോഗിക സര്‍ക്കാരിനെ പിന്തുണക്കുകയെന്ന നയം രാജ്യം തുടരും. ലോകത്ത് ദുരിതം അനുഭവിക്കുന്നവര്‍ എവിടെയുണ്ടെങ്കിലും അവരെ സഹായിക്കുകയെന്നതാണ് യു എ ഇ പിന്തുടരുന്ന നയം. യമന്‍ ജനതക്ക് നല്‍കുന്ന സഹായവും ഈ തത്വത്തില്‍ അധിഷ്ഠിതമാണ്. കള്ളങ്ങള്‍ക്കെതിരെ സത്യം ഉദ്‌ഘോഷിക്കുകയെന്നതിനെക്കാള്‍ പ്രധാനപ്പെട്ടതായി ഒന്നുമില്ല. യമനിലെ ജനങ്ങള്‍ക്കും സര്‍ക്കാരിനും എതിരായി നടക്കുന്ന ആക്രമണങ്ങളെ തടയുകയെന്നാല്‍ നന്മയുടെയും യമനീ ജനതയുടെ അഭിലാഷത്തിന്റെയും ഒപ്പംനില്‍ക്കുകയെന്നാണ്. യു എ ഇയുടെ ധീരരായ സൈനികര്‍ യമനിന്റെ മോചനത്തിനായി സഊദി അറേബ്യയുടെ നേതൃത്വത്തില്‍ ഹൂത്തികള്‍ക്കെതിരായി പോരാടുകതന്നെ ചെയ്യും. മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന 22 പേരെ ശൈഖ് മുഹമ്മദ് ആദരിച്ചു. യമനിലെ സംഭവവികാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വിവിധ പത്രസ്ഥാപനങ്ങളില്‍ നിന്നുള്ളവരെയാണ് ആദരിച്ചത്.
യു എ ഇ രൂപീകൃതമായത് മുതല്‍ വസന്തത്തിലാണ് നാം ജീവിക്കുന്നതെന്ന് ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അഭിപ്രായപ്പെട്ടു. ഭാവിയിലും അത് തുടരും. അഭിവൃദ്ധിയുള്ളതും സുരക്ഷിതവുമായ ഒരു രാജ്യമായി നിലനില്‍ക്കുക എന്നതാണ് രാജ്യത്തിന്റെ പരമമായ ലക്ഷ്യം. നമ്മുടെ മാധ്യമ സ്ഥാപനങ്ങളെക്കുറിച്ച് നാം അഭിമാനിക്കുന്നു. രക്തസാക്ഷികള്‍ക്ക് മഹനീയമായ പ്രചാരവും പ്രാധാന്യവുമാണ് മാധ്യമങ്ങള്‍ നല്‍കിയത്. ഇത് അര്‍ഹതപ്പെട്ടതുമാണ്. യമനില്‍ നടക്കുന്നത് എന്താണെന്ന് സത്യസന്ധമായി രാജ്യത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നൂവെന്നത് അഭിമാനകരമായ കാര്യമാണ്. മാധ്യമങ്ങള്‍ അറബ് മേഖലക്കും ലോകത്തിനാകെയും യമനുമായി ബന്ധപ്പെട്ട് നല്‍കുന്നത് വ്യക്തവും കൃത്യവുമായ വിവരങ്ങളാണ്. യമനുമായി ബന്ധപ്പെട്ട് പ്രാദേശിക മാധ്യമങ്ങളുടെ പ്രകടനത്തെക്കുറിച്ച് ഫോറം വിശദമായി ചര്‍ച്ച ചെയതു. ശൈഖ് മുഹമ്മദിന്റെ രക്ഷാകര്‍തൃത്വത്തിലാണ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ഫോറം നടന്നത്. ഫോറത്തിന്റെ ഭാഗമായി പട്ടാള തമ്പിന്റെയും സൈനികര്‍ യുദ്ധമേഖലയില്‍ നിര്‍ മിക്കുന്ന പ്രതിബന്ധങ്ങളുടെയുമെല്ലാം പ്രദര്‍ശനവും നടന്നു.