Connect with us

Kerala

തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളം ഇടതിനൊപ്പം

Published

|

Last Updated

തിരുവനന്തപുരം: രാഷ്ട്രീയ മനസ്സ് മാറുന്നുവെന്ന വ്യക്തമായ സൂചന നല്‍കി തദ്ദേശ തിരഞ്ഞെടുപ്പ് ഫലം. തുടര്‍ച്ചയായുള്ള യു ഡി എഫ് മുന്നേറ്റത്തിനാണ് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് തടയിട്ടത്. നിയമസഭാ തിരഞ്ഞെടുപ്പിന് ആറ് മാസം മാത്രം ശേഷിക്കെ ഭരണത്തുടര്‍ച്ചയെന്ന യു ഡി എഫിന്റെ അവകാശവാദത്തിന് കൂടി തടയിടുകയാണ്. നിലമെച്ചപ്പെടുത്തിയ ബി ജെ പി, തിരുവനന്തപുരം കോര്‍പറേഷനില്‍ ഉള്‍പ്പെടെ നിര്‍ണായക ശക്തിയായി.
കക്ഷിരാഷ്ട്രീയത്തോട് മുഖംതിരിച്ച് എറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത് മത്സരിച്ച ട്വന്റി ട്വന്റിയും പഞ്ചായത്ത് തൂത്തുവാരിയപ്പോള്‍ മൂന്നാറില്‍ പെണ്‍ ഒരുമയും നിര്‍ണായക ശക്തിയായി. മുസ്‌ലിം ലീഗിന്റെ ശക്തികേന്ദ്രങ്ങളില്‍ കടന്നുകയറിയ എല്‍ ഡി എഫും ജനകീയ മുന്നണിയും ചിലയിടങ്ങളില്‍ ഭരണം പിടിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിലും അരുവിക്കര ഉപതിരഞ്ഞെടുപ്പിലും നേടിയ വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് യു ഡി എഫ് കളത്തിലിറങ്ങിയിരുന്നത്.
ബി ജെ പിക്ക് ചിലയിടങ്ങളില്‍ മുന്നേറ്റത്തിന് കഴിഞ്ഞെങ്കിലും കേരളത്തിന്റെ മതേതര മനസ്സിന് വിള്ളലുണ്ടാക്കാന്‍ കഴിഞ്ഞില്ല. ബി ജെ പിയുമായി ചേര്‍ന്ന് എസ് എന്‍ ഡി പി നടത്തിയ നീക്കവും ഫലം കണ്ടില്ലെന്നാണ് കൊല്ലം, ആലപ്പുഴ ജില്ലകളിലെ ജനവിധി തെളിയിക്കുന്നത്. ബി ജെ പി- എസ് എന്‍ ഡി പി സഖ്യം സി പി എം വോട്ടുകള്‍ ചോര്‍ത്തുമെന്നും അത് തങ്ങള്‍ക്ക് അനുകൂലമാകുമെന്നുമുള്ള യു ഡി എഫിന്റെ കണക്കുകൂട്ടലുകളും തെറ്റി. സി പി എമ്മിന്റെ വോട്ട് ബേങ്ക് തകരുന്നതിന് പകരം കോണ്‍ഗ്രസില്‍ നിന്നാണ് ചോര്‍ച്ച സംഭവിച്ചത്.
ജെ ഡി യുവിന്റെ സാന്നിധ്യം വയനാട്ടിലോ ആര്‍ എസ് പിയുടെ മുന്നണി മാറ്റം കൊല്ലത്തോ യു ഡി എഫിനെ തുണച്ചില്ല. ഇരു പാര്‍ട്ടികള്‍ക്കും കനത്ത നഷ്ടം നേരിട്ടു. സിറ്റിംഗ് സീറ്റുകളില്‍ പോലും തോറ്റു. എല്‍ ഡി എഫിന്റെ ഭാഗമായ ആര്‍ ബാലകൃഷ്ണ പിള്ള കൊട്ടാരക്കരയില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ പൂഞ്ഞാറില്‍ പി സി ജോര്‍ജിന്റെ കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ മുന്നേറ്റം നടത്തിയത് ശ്രദ്ധേയമായി. കെ എം മാണിക്കെതിരായ ബാര്‍കോഴ കേസിലെ കോടതി വിധിയും യു ഡി എഫിന് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി.
തിരഞ്ഞെടുപ്പ് ഫലം യു ഡി എഫ് രാഷ്ട്രീയത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തിരുത്തല്‍ വേണമെന്നാണ് യു ഡി എഫില്‍ ഉയര്‍ന്ന പൊതുവികാരം. നേതൃമാറ്റം ഉള്‍പ്പെടെയുള്ള ആവശ്യം കോണ്‍ഗ്രസില്‍ നിന്ന് ഉയര്‍ന്നാല്‍ അത്ഭുതപ്പെടാനില്ല. കെ എം മാണിയുടെ കാര്യത്തില്‍ എത്രയും വേഗം ഒരു തീര്‍പ്പ് വേണ്ടിവരും.
മാണിയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്നതിനാല്‍ മുഖ്യമന്ത്രിക്കെതിരെ പാര്‍ട്ടിയില്‍ നിന്ന് വിമര്‍ശം ഉറപ്പാണ്. തിരഞ്ഞെടുപ്പില്‍ മാണിയുടെ ശക്തികേന്ദ്രങ്ങളില്‍ കേരളാ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടായിട്ടില്ല. തിരിച്ചടി വന്നതെല്ലാം കോണ്‍ഗ്രസിനാണ്. ഈ സാഹചര്യത്തില്‍ മാണിയെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി മുതിര്‍ന്നാല്‍ വികാരം ഉമ്മന്‍ ചാണ്ടിക്കെതിരാകും. മുന്നണിമാറ്റ സാധ്യതകളിലേക്ക് കടക്കാന്‍ തിരഞ്ഞെടുപ്പ് ഫലം ജെ ഡി യുവിനെയും പ്രേരിപ്പിക്കും. തിരിച്ചടിയുടെ പ്രത്യാഘാതത്തില്‍ നില്‍ക്കുന്ന ആര്‍ എസ് പിയിലും അസ്വസ്ഥത ഉറപ്പാണ്.
തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പ് ഗോദയില്‍ എല്‍ ഡി എഫിന് മുന്‍തൂക്കം നല്‍കും. തിരിച്ചുവരാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലും വരാനിരിക്കുന്ന പ്രതിസന്ധിയെക്കുറിച്ച് സി പി എമ്മിന് ബോധ്യമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര് നയിക്കുമെന്നത് പ്രധാന ഘടകമാണ്.

 

[oa_livecom_event id=”1″ animation=”flidedown” anim_duration=”1000″ ]