Connect with us

International

വിമാന ദുരന്തം: റഷ്യ ഈജിപ്തിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കു

Published

|

Last Updated

മോസ്‌കോ: ഈജിപ്തിലേക്കുള്ള മുഴുവന്‍ വിമാന സര്‍വീസുകളും റഷ്യ നിര്‍ത്തിവെക്കുന്നു. കഴിഞ്ഞ ശനിയാഴ്ച ഈജിപ്തിലെ ശറമുശൈഖിലെ റിസോര്‍ട്ടിന് സമീപം നടന്ന വിമാന ദുരന്തത്തിന്റെ കാരണത്തെ കുറിച്ച് അറിയുന്നത് വരെ സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് റ്യന്‍ സുരക്ഷാ മേധാവി അലക്‌സാണ്ടര്‍ ബോര്‍ട്ട്‌നിക്കോവ് പറഞ്ഞു. ശറമുശൈഖിലേക്കുള്ള മുഴുവന്‍ വിമാന സര്‍വീസുകളും ബ്രിട്ടന്‍ കഴിഞ്ഞ ദിവസം നിര്‍ത്തിവെച്ചിരുന്നു. വിമാന ദുരന്തത്തിന് പിന്നില്‍ തങ്ങളാണെന്ന അവകാശവാദവുമായി കഴിഞ്ഞ ദിവസം ഇസില്‍ തീവ്രവാദികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ എങ്ങനെയെന്ന് അവര്‍ വ്യക്തമാക്കിയിരുന്നില്ല. സിറിയയിലെ ബോംബാക്രമണത്തിന്റെ പേരില്‍ റഷ്യക്കും ബ്രിട്ടനുമെതിരെ ഇസില്‍ തീവ്രവാദികള്‍ യുദ്ധം പ്രഖ്യാപിച്ചിരുന്നു. ബോംബാക്രമണമാണ് അപകടത്തിന് കാരണമെന്ന് ഇന്റലിജന്‍സിനെ ഉദ്ധരിച്ച് ബ്രിട്ടീഷ് അന്വേഷകര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ശറമുശൈഖില്‍ നിന്ന് സെന്റ്പീറ്റേഴ്‌സ്ബര്‍ഗിലേക്കുള്ള യാത്രാ മധ്യേയാണ് പറന്നുയര്‍ന്ന ഉടനെ 224 യാത്രക്കാരുള്ള മെട്രോജെറ്റ് എയര്‍ബസ് വിമാനം തകര്‍ന്നു വീണത്. ദുരന്തത്തില്‍ പെട്ടവരിലേറെയും റഷ്യക്കാരായിരുന്നു.
അതേസമയം ബുധനാഴ്ച മുതല്‍ വിമാന സര്‍വീസ് നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് നൂറുക്കണക്കിന് ബ്രിട്ടീഷ് പൗരന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ശറമുശൈഖില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ഈജിപ്ത് അധികൃതരുമായി ബന്ധപ്പെട്ടതായി ബ്രിട്ടീഷ് ഗതാഗത മന്ത്രാലയം അറിയിച്ചു. കര്‍ശന സുരക്ഷാ ക്രമീകരണങ്ങളോടെ ശറമുശൈഖിലേക്ക് വിമാനങ്ങളയക്കുമെന്ന് ഗതാഗത മന്ത്രാലയ വക്താവ് അറിയിച്ചു.
അതേസമയം റഷ്യന്‍ വിമാന ദുരന്തത്തെ തുടര്‍ന്ന് വിനോദ സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ കുറവ് ഈജിപ്തിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ശറമുശൈഖിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ബ്രിട്ടനും റഷ്യക്കും പുറമെ ഫ്രാന്‍സും ബെല്‍ജിയവും ശറമുശൈഖ് സന്ദര്‍ശിക്കുന്നതിനെതിരെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നെതര്‍ലാന്‍ഡ്, ജര്‍മനി, അയര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളും സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ശറമുശൈഖിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു.
ന്നു

Latest