Connect with us

Articles

മാലിന്യങ്ങള്‍ പൊതു ഇടങ്ങളില്‍ തന്നെ നിക്ഷേപിക്കുക!

Published

|

Last Updated

കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാം ഘട്ടം വോട്ടെടുപ്പ് നടക്കുന്നതിന്റെ തലേന്ന്, 2015 നവംബര്‍ 4നാണ് മാതൃഭൂമിയില്‍, ഇവിടെ പരാമര്‍ശവിധേയമാകാന്‍ പോകുന്ന ആ വാര്‍ത്തയും ചിത്രവും പ്രസിദ്ധീകരിക്കപ്പെട്ടത്. തിരഞ്ഞെടുപ്പ് ട്രെന്‍ഡുകളുമായി ഇതിനെന്തെങ്കിലും പ്രത്യക്ഷമോ പരോക്ഷമോ ആയ ബന്ധങ്ങളുണ്ടോ എന്ന് അവലോകനം ചെയ്യാന്‍ തക്കവണ്ണം ന്യൂസ് അവര്‍ വൈദഗ്ധ്യം ഇല്ലാത്തതിനാല്‍ അതിന് മിനക്കെടുന്നില്ല. എന്നാല്‍, ഐക്യ കേരളത്തിന് അറുപത് വയസ്സ്, സ്വതന്ത്ര ഇന്ത്യക്ക് എഴുപത് വയസ്സ് എന്നിങ്ങനെയുള്ള കൊട്ടിഘോഷങ്ങള്‍ക്ക് ഈ വാര്‍ത്തയുമായി വെട്ടിമാറ്റാനാകാത്ത ബന്ധമുണ്ടെന്ന കാര്യം ആരും വിശദീകരിക്കാതെ തന്നെ നമുക്ക് ബോധ്യപ്പെടും. കണ്ണൂര്‍ ജില്ലയിലെ പേരാവൂര് നിന്നാണ് ഈ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. നാസര്‍ വലിയേടത്ത് എന്നാണ് ലേഖകന്റെ പേര്. മിക്കവാറും പേരാവൂരിലെയോ ഇരിട്ടിയിലെയോ മറ്റോ ഒരു പ്രാദേശിക ലേഖകനാകാനാണ് സാധ്യത. നാസറിനെ എനിക്ക് നേരിട്ടു പരിചയമൊന്നുമില്ല. ഫേസ്ബുക്കില്‍ അദ്ദേഹത്തിന്റെ പേജില്‍ കയറി ഒരു സൗഹൃദാഭ്യര്‍ഥന അയച്ചു. ഇവിടെ വിവരിക്കാന്‍ പോകുന്ന വാര്‍ത്തയും ചിത്രവും രണ്ട് പോസ്റ്റുകളായി അദ്ദേഹം ഫേസ്ബുക്കിലും കൊടുത്തിട്ടുണ്ട്. ചിത്രത്തിന് എന്റേതടക്കം ഇരുപത്തഞ്ച് ലൈക്കുകളും മൂന്ന് പങ്കിടലുകളും മൂന്ന് അഭിപ്രായങ്ങളുമാണുള്ളത്. വാര്‍ത്തയുടെ കാര്യം കുറെക്കൂടി മെച്ചമാണ്. 48 ലൈക്കുകള്‍, 25 പങ്കിടലുകള്‍, 10 അഭിപ്രായങ്ങള്‍. രവി പിള്ളയുടെ മകളുടെ കല്യാണത്തിന് അമ്പതു കോടി ചെലവിടാന്‍ പോകുന്നതും അതില്‍ ബാഹുബലിക്കാര്‍ സെറ്റിടുന്നതുമായുള്ള വാര്‍ത്തക്ക് കിട്ടുന്നതുപോലുള്ള താത്പര്യം ഈ “ചവറു” വാര്‍ത്തക്ക് ലഭിക്കില്ലെന്നുറപ്പ്.
മാലിന്യം ഭക്ഷണമാക്കി ആദിവാസി ബാലന്മാര്‍ എന്ന തലക്കെട്ടോടെയാണ് വാര്‍ത്ത ആരംഭിക്കുന്നത്. എന്റെ വീട്ടില്‍ കാലത്ത് ലഭിക്കുന്ന മാതൃഭൂമി പാലക്കാട്ട് എഡിഷനില്‍ ഈ വാര്‍ത്തയുടെ ഷോര്‍ട്ട് കട്ട് ഒന്നാം പേജിലും വാര്‍ത്തയും പടവും, വിനോദം എന്ന പേജ് തലക്കെട്ടുള്ള പത്താം പേജിലുമാണുള്ളത്. സുഡോക്കു, മാതൃഭൂമി ന്യൂസ്, കപ്പ ടിവി തുടങ്ങിയ ചാനല്‍ പരിപാടി അറിയിപ്പുകള്‍, ആകാശവാണി, ചാനല്‍ സിനിമ, ചില അന്താരാഷ്ട്ര തമാശിക്കലുകള്‍, എന്നിവക്കു താഴെയായി ദി കാത്തലിക് സിറിയന്‍ ബേങ്കിന്റെ ഒരു വസ്തു പിടിച്ചെടുക്കല്‍ പരസ്യത്തിന് ഇടത്തു ഭാഗത്തായാണ് മറ്റു “വിനോദ” വാര്‍ത്തകള്‍ കൊടുത്തിരിക്കുന്നത്. ബേങ്കുകളിലെ പണിമുടക്ക്; നവവൈദികര്‍ ആഡംബരത്തിന്റെ അംബാസഡര്‍മാരാകരുതെന്ന ഇടുക്കി ബിഷപ്പിന്റെ ആഹ്വാനം; ഒരേ ഉടല്‍ ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുത്തത്; എം വി ആര്‍ സ്മൃതി മണ്ഡപം; ഇന്റര്‍ സിറ്റി ആലുവയില്‍ യാത്ര അവസാനിപ്പിച്ചു; വൈദ്യുതി നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ റാലി എന്നിവയാണ് ഈ മറ്റു വിനോദ വാര്‍ത്തകള്‍. യഥാര്‍ഥത്തില്‍, ചാനലുകളില്‍ കാണിക്കുന്ന ഉഡായിപ്പുകള്‍ വിനോദമാണെന്ന് പ്രത്യേകം ലേബലിട്ടാല്‍ മാത്രമേ കാണികള്‍ ആനന്ദിക്കൂ എന്ന തിരിച്ചറിവായിരിക്കണം ഇവിടെ വിനോദം എന്ന പേജ് തലക്കെട്ട് കൊടുക്കാന്‍ ലേ ഔട്ട് എഡിറ്ററെ പ്രേരിപ്പിച്ചിട്ടുണ്ടാകുക. വാര്‍ത്തയോടൊപ്പമുള്ള ചിത്രത്തിന്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്. മലയോരഗ്രാമത്തിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ ഉപേക്ഷിക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ കഴിക്കുന്ന ആദിവാസി ബാലന്മാര്‍. (കുട്ടികളെ തിരിച്ചറിയാതിരിക്കാനാണ് ചിത്രം അവ്യക്തമാക്കിയത്).
തദ്ദേശ ഭരണ തെരഞ്ഞെടുപ്പുകാലമായതു കൊണ്ട് മാലിന്യ സംസ്‌കരണത്തില്‍ നിന്ന് തുടങ്ങാം. ഞെളിയന്‍ പറമ്പ്, ലാലൂര്‍, ബ്രഹ്മപുരം, വിളപ്പില്‍ ശാല എന്നിങ്ങനെ മുഖ്യ നഗരങ്ങളുടെ മാലിന്യങ്ങള്‍ കൊണ്ടു തള്ളാനും സംസ്‌കരിക്കാനുമുള്ള വെളിമ്പറമ്പുകളും പ്രോസസിംഗ് രീതികളും കൊണ്ട് കലുഷിതവും അനാരോഗ്യകരമായ വിധത്തില്‍ വിഷ മാലിന്യങ്ങള്‍ നിറഞ്ഞതുമായ പ്രദേശങ്ങളെക്കുറിച്ചും അവിടങ്ങളിലെ സാധാരണക്കാരുടെ അതിജീവനസമരങ്ങളെക്കുറിച്ചും വല്ലപ്പോഴും വാര്‍ത്തകള്‍ നാം വായിക്കാറുണ്ട്. ഈ മാലിന്യങ്ങള്‍ കൊണ്ട് തെരുവുപട്ടികള്‍ക്കെന്നതു പോലെ, മനുഷ്യകുലത്തില്‍ പിറക്കാന്‍ വിധിക്കപ്പെട്ട കുറെപേര്‍ക്കും മെച്ചമുണ്ടെന്ന വാര്‍ത്ത പക്ഷെ, ഇപ്പോള്‍ പുറത്തു വന്ന പേരാവൂര്‍ വിശേഷത്തിലൂടെ മാത്രമേ നമുക്ക് മനസ്സിലാക്കാനാകുകയുള്ളൂ. വാര്‍ത്ത ഇപ്രകാരമാണ്. ആദിവാസി ക്ഷേമത്തിന് കേന്ദ്രവും സംസ്ഥാനവും കോടികള്‍ ചെലവിടുമ്പോഴും ഭക്ഷണത്തിനായി ആദിവാസി ബാലന്മാര്‍ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെത്തുന്നു. കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ കുനിത്തലയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലാണ് ഈ കരളലിയിപ്പിക്കുന്ന കാഴ്ച. ഹോട്ടലുകളില്‍ നിന്നും ബേക്കറികളില്‍ നിന്നുമെല്ലാം ഉപേക്ഷിക്കുന്ന പഴകിയ ഭക്ഷ്യ വസ്തുക്കള്‍ കഴിക്കാന്‍ മിക്ക ദിവസവും ഈ കുട്ടികള്‍ എത്തുന്നുണ്ട്. നഗരങ്ങളില്‍ നിന്ന് ഇത്തരം മാലിന്യം ഗുഡ്‌സ് വാഹനങ്ങളിലാണ് ഈ സംസ്‌കരണകേന്ദ്രത്തില്‍ എത്തിക്കുന്നത്. ഇതില്‍ പഴകിയതും കേടായതുമായ ഭക്ഷ്യ വസ്തുക്കളുണ്ടാകും. പച്ചക്കറിക്കടകളില്‍ നിന്ന് ഉപേക്ഷിക്കുന്ന ചീഞ്ഞ പഴങ്ങളും പച്ചക്കറികളും കൂട്ടത്തിലുണ്ടാകും. ഇതെല്ലാമാണ് ഈ ബാലന്മാര്‍ കഴിക്കുന്നത്. മിക്ക ദിവസവും ഇവര്‍ കൂട്ടമായി ഇവിടെയെത്തും. സംസ്‌കരണകേന്ദ്രത്തിലെ സ്ത്രീ ജീവനക്കാര്‍ മാലിന്യം വേര്‍തിരിച്ചിടുന്നതിനിടില്‍ നിന്നാണ് ഇവര്‍ ആഹാരം ശേഖരിക്കുന്നത്. പഴയ ചാക്കുകളിലും കവറുകളിലുമായി ഇവ ശേഖരിച്ച് അവിടെ വെച്ചോ മതിലില്‍ കയറി ഇരുന്നോ കഴിക്കുകയും ചെയ്യും. സ്‌കൂളില്‍ പോലും പോകാതെ ഭക്ഷിക്കാനെത്തുന്ന ഈ ആദിവാസി ബാലന്മാരുടെ കാഴ്ച മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. കേന്ദ്രത്തിലെ സ്ത്രീ ജീവനക്കാരുമായി സൗഹൃദത്തിലായ ഈ കുട്ടികള്‍ പുരുഷ ജീവനക്കാര്‍ പുറത്തു പോകുന്ന സമയം നോക്കി മതില്‍ ചാടിയാണ് മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെത്തുക. (വാര്‍ത്ത പൂര്‍ണ രൂപത്തില്‍. കടപ്പാട്: നാസര്‍ വലിയേടത്ത്, മാതൃഭൂമി).
നഗരങ്ങളുടെയും നഗരസ്വഭാവമുള്ള ഗ്രാമങ്ങളുടെയും മാലിന്യ സംസ്‌കരണം; ഭക്ഷ്യ വസ്തുക്കള്‍ കേടുവരുന്നതിനെ കുറിച്ചുള്ള ഫുഡ് ഇന്‍സ്‌പെക്ടര്‍ ഇടപെടലുകള്‍; ആദിവാസി മേഖലകളിലെ ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികള്‍ എന്നിങ്ങനെ നമുക്ക് താത്പര്യമുള്ളതും ഇല്ലാത്തതുമായ നിരവധി ഘടകങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ആലോചനയിലേക്ക് കടന്നു വന്നു. ഉറവിടങ്ങളില്‍ തന്നെ മാലിന്യങ്ങള്‍ സംസ്‌കരിക്കണമെന്ന് ആരോ ഉത്തരവിറക്കിയെന്ന് കേട്ടിട്ടുണ്ട്. (അങ്ങനെയാണെങ്കില്‍ മനുഷ്യശരീരം ഉത്പാദിപ്പിക്കുന്ന മാലിന്യമായ മലം അവര്‍ തന്നെ ഭക്ഷിക്കേണ്ടി വരുമോ എന്ന് ഒരു ദോഷൈകദൃക്ക് ചോദിക്കുന്നതും കേട്ടു). അപ്രകാരം ഉറവിടങ്ങളില്‍ സംസ്‌കരിക്കുകയാണെങ്കില്‍; ഏതു ഹോട്ടലിലാണ്, ഏതു ബേക്കറിയിലാണ് ഇന്ന് ഉഛിഷ്ടമുള്ളതെന്ന് അന്വേഷിച്ച് ഈ ആദിവാസി ബാലന്മാര്‍ക്ക് അലയേണ്ടി വരുമായിരുന്നു. അവരെ അത്ര കഷ്ടപ്പെടുത്തരുത്. അതിനാല്‍; ചീഞ്ഞതും വളിച്ചതും ഫുഡ് ഇന്‍സ്‌പെക്ടര്‍ നിയമപ്രകാരം കേടുവന്നതും മനുഷ്യോപയോഗ സാധ്യമല്ലാതായതും എക്‌സ്‌പെയറി ഡേറ്റ് കഴിഞ്ഞതുമായ ഭക്ഷ്യ വസ്തുക്കള്‍ ഇത്തരം സംസ്‌കരണ കേന്ദ്രങ്ങളിലോ മറ്റ് പൊതു ഇടങ്ങളിലോ തന്നെ നിക്ഷേപിക്കണമെന്ന് ബന്ധപ്പെട്ടവരോട് അഭ്യര്‍ഥിക്കുന്നു. വികസനത്തിന്റെയും പുരോഗമനത്തിന്റെയും അഛാ ദിനുകള്‍ അനവധി കഴിഞ്ഞതിനാല്‍, കൊടും പട്ടിണിക്കാരായ ആദിവാസി/ദളിത് കുട്ടികള്‍ ഇവ പെറുക്കി കഴിച്ച് നമ്മുടെ നാട്ടിനെ സ്വച്ഛഭാരത് ആക്കി പരിവര്‍ത്തിപ്പിച്ചു തരും. ഇവരെ സ്വച്ഛഭാരതിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരാക്കണമെന്നും അഭ്യര്‍ഥിക്കുന്നു. ഇപ്പോള്‍ ആ പോസ്റ്റിലുള്ള ഗാന്ധിക്ക് നമുക്ക് വേറെ പണി കൊടുക്കാം.
ഫുഡ് ഇന്‍സ്‌പെക്ടര്‍ എന്ന കണ്ടു പിടുത്തം നമ്മുടെ നാട്ടില്‍ നടപ്പിലാക്കിയതും നന്നായി. അവരില്ലായിരുന്നുവെങ്കില്‍ എങ്ങനെയാണ് ഭക്ഷ്യവസ്തുക്കള്‍ കേടു വരുന്നതെപ്പോഴാണെന്ന് നിര്‍ണയിക്കുക. ഇങ്ങനെ കേടു വരുന്നത് കണ്ടു പിടിച്ചില്ലെങ്കില്‍ രണ്ടുണ്ട് നഷ്ടം. ഹോട്ടലുകളിലെയും ബേക്കറികളിലെയും ഉപരിവര്‍ഗ/മധ്യവര്‍ഗ ഉപഭോക്താക്കളുടെ ദഹനശേഷി കുറഞ്ഞ ഉദരങ്ങള്‍ ഇവ അകത്തു ചെല്ലുന്നതോടെ രോഗങ്ങളുടെ കേന്ദ്രമായിത്തീരും. (ഇപ്പോഴേ അങ്ങനെയാണ്. ആ അവസ്ഥ വര്‍ധിപ്പിക്കും). ആദിവാസി/ദളിത് ബാലന്മാര്‍ക്ക് ഭക്ഷിക്കാനായി അവ ചവറു കൂനകളില്‍ വലിച്ചെറിയുകയുമില്ല. ചവറുകള്‍. വികസന/ആസൂത്രണ തന്ത്രജ്ഞന്മാര്‍ നിര്‍ദേശിച്ചിട്ടുള്ളതിന്‍ പ്രകാരം ദിനം തോറും സംസ്‌കരിച്ച് എല്ലാം ശുദ്ധി ചെയ്തിരുന്നുവെങ്കിലും പാവം ആദിവാസി/ദളിത് കുട്ടികള്‍ക്ക് അവ ലഭിക്കാതെ വന്നേക്കും. ചവറുകള്‍ കൂട്ടിയിട്ട് നാറാനും കൂടുതല്‍ നാറാനും വിടുക. നാറ്റം നിങ്ങളുടെ ഉപരിവര്‍ഗ/മധ്യവര്‍ഗ സുഗന്ധങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉണ്ടാകുന്നതാണ്. ആദിവാസി/ദളിത് ബാലന്മാര്‍ക്ക് അത് നാറ്റമല്ല. വിശപ്പ് മാറ്റാനുള്ള സുഗന്ധപൂരിതമായ ഭക്ഷണഗന്ധങ്ങളാണവ.
ആദിവാസി മേഖലകളിലെ ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികള്‍ക്കായി കോടികള്‍ വകയിരുത്തിയതിന്റെയും ചെലവഴിച്ചതിന്റെയും ധൂര്‍ത്തടിച്ചതിന്റെയും കട്ടു മുടിച്ചതിന്റെയും കഥകള്‍ നാം എത്രയോ കേട്ടു കഴിഞ്ഞു. വയനാടും ഇടുക്കിയും അട്ടപ്പാടിയും അടക്കമുള്ള ആദിവാസി മേഖലകളിലേക്ക് ആരെയാണ് നാം ജോലിക്ക് വിടാറുള്ളത്? പണിഷ്‌മെന്റ് ട്രാന്‍സ്ഫറുകളും ആരെയും സ്വാധീനിക്കാന്‍ കഴിയാത്ത പഞ്ചപാവങ്ങളെയുമാണ് ഇത്തരം മേഖലകളില്‍ നിയമിക്കാറുള്ളത്. പണിഷ്‌മെന്റുകാര്‍, അവരെ ശിക്ഷിച്ചത് ഏതു കുറ്റത്തിനാണോ അതേ കുറ്റം ഇവിടെ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. ഏതെങ്കിലും മര്യാദക്കാര്‍ അവരുടെ ആപ്പീസുകളിലുണ്ടെങ്കില്‍ ഇവരെ കവര്‍ ചെയ്യേണ്ട അധിക ഉത്തരവാദിത്വം കൂടിയുള്ളതു കൊണ്ട് അവരുടെ കാര്യക്ഷമത കൂടുതല്‍ കുറയുകയും ചെയ്യും. മറ്റുള്ള പാപികള്‍, സര്‍ക്കാരിനെയും മേലധികാരികളെയും സംഘടനകളെയും ശപിച്ച് ജോലി മര്യാദക്ക് ചെയ്യാതിരിക്കുകയോ മുങ്ങുകയോ ഒക്കെ ചെയ്ത് കാലം കഴിച്ചു കൂട്ടും. ഇങ്ങനെയൊക്കെയായതു കൊണ്ട്, പേരാവൂരില്‍ സംഭവിച്ചതു പോലെ സ്വച്ഛഭാരത് അഭിയാന് ബ്രാന്‍ഡ് അംബാസിഡര്‍മാരെ ലഭിച്ചു എന്നത് ഒരു അധിക നേട്ടമല്ലേ.
ലേഖനം എഴുതി കഴിഞ്ഞ് ഉറങ്ങി ഉണര്‍ന്നപ്പോഴേക്കും തിരഞ്ഞെടുപ്പു ദിവസമായി. അഞ്ചാം തീയതിയിലെ മാതൃഭൂമി ഈ പ്രശ്‌നം കൂടുതല്‍ ഗൗരവത്തോടെ ഏറ്റെടുത്തിരിക്കുന്നു. കുട്ടികളെ ഇങ്ങനെ തീ തീറ്റിക്കരുത് എന്ന ശീര്‍ഷകത്തില്‍ മുഖപ്രസംഗം തന്നെ എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങള്‍. (അതും ഇവിടെ കോപ്പി ചെയ്ത് വായനക്കാരെ ബോറടിപ്പിക്കുന്നില്ല). നാസറിന്റെ ഫേസ്ബുക്ക് പേജില്‍ വീണ്ടുമൊന്ന് കയറി നോക്കി. കേരള ശാസ്ത്ര സാഹിത്യ പരിഷത്തും മറ്റും പോഷകാഹാരം ലഭ്യമാക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ആദിവാസി കൂടിയായ മന്ത്രി പി കെ ജയലക്ഷ്മി സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടു. ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാല്‍ ഇതൊക്കെ നാം സൗകര്യപൂര്‍വം മറക്കും. പാവം കുട്ടികളുടെ വിശപ്പ് മാത്രം ശമിക്കാന്‍ പോകുന്നില്ല. അതു കൊണ്ട് പേരാവൂരിലെയും ചുറ്റുവട്ടത്തെയും ബേക്കറി, ഹോട്ടല്‍ ഉടമകളോടും അവിടത്തെ തൊഴിലാളികളോടും ഒരഭ്യര്‍ഥന. നിങ്ങളുടെ സ്ഥാപനങ്ങളിലെ കേടുവന്നതും കുറച്ചൊക്കെ കേടു വരാത്തതുമായ ഭക്ഷ്യ വസ്തുക്കള്‍ കുട്ടികള്‍ക്ക് എടുക്കാന്‍ പാകത്തില്‍ അതേ മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ തന്നെ നിക്ഷേപിക്കുക. കുട്ടികള്‍ക്ക് അതെടുത്തു തിന്നാന്‍ മാത്രം വേണ്ട സമയം കണ്ണടക്കണമെന്ന് മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ പണിയെടുക്കുന്നവരോടും അഭ്യര്‍ഥിക്കുന്നു. അവരുടേത് ഉപരി/മധ്യ വര്‍ഗ ആമാശയങ്ങളല്ലാത്തതുകൊണ്ട് അതൊക്കെ ദഹിച്ചു കൊള്ളും.
ഭാരതമെന്ന പേര്‍ കേട്ടാലഭിമാന പൂരിതമാകണമന്തരംഗം; കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍.

Latest