Connect with us

Editorial

വോട്ടിംഗ് യന്ത്രങ്ങളുടെ കൂട്ട പണിമുടക്ക്

Published

|

Last Updated

ഒരു ജില്ലയില്‍ തിരഞ്ഞെടുപ്പ് തുടങ്ങി മിനിട്ടുകള്‍ക്കകം ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ കൂട്ടത്തോടെ തകരാറുക. അതും മോക് പോള്‍ നടത്തി പ്രവര്‍ത്തനം ശരിയാണെന്ന് ഉറപ്പ് വരുത്തിയ യന്ത്രങ്ങള്‍. മലപ്പുറത്ത് വ്യാഴാഴ്ച പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കാണപ്പെട്ട ഈ പ്രതിഭാസം കലക്ടര്‍ ടി ഭാസ്‌കരന്‍ പറയുന്നത് പോലെ സ്വാഭാവിക തകരാറാണെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. 255 യന്ത്രങ്ങളാണ് ജില്ലയില്‍ ഒറ്റയടിക്ക് തകരാറിലായത്. തൃശുര്‍ ജില്ലയില്‍ 55 യന്ത്രങ്ങളും പ്രവര്‍ത്തനരഹിതമായി. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമാണ് ഇങ്ങനെയൊരു കൂട്ടത്തകരാറ്. തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിരീക്ഷിച്ചത് പോലെ ഇത് തിരഞ്ഞെടുപ്പ് അട്ടിമറിയാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
മലപ്പുറത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഇത്തവണത്തെ തിരഞ്ഞെടുപ്പിന് ഒരു സവിശേഷതയുണ്ട്. യു ഡി എഫിലെ ഘടക കക്ഷികളെന്ന നിലയില്‍ സംസ്ഥാനത്ത് പൊതുവെ ഒന്നിച്ചു മത്സരിക്കുന്ന കോണ്‍ഗ്രസും മുസ്‌ലിം ലീഗും ജില്ലയിലെ 24 പഞ്ചായത്തുകളില്‍ വേറിട്ടാണ് മത്സരിക്കുന്നത്. കൂടാതെ ഇരുപതോളം പഞ്ചായത്തുകളില്‍ ലീഗിനെതിരെ കോണ്‍ഗ്രസ് ഇടത് മുന്നണിയുമായി രഹസ്യ ധാരണയിലുമാണ്. ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആശീര്‍വാദത്തോടെയാണ് ഈ നീക്കങ്ങളെല്ലാമെന്നതിനാല്‍ ഇരുകക്ഷികളും ഏറ്റുമുട്ടുന്ന കേന്ദ്രങ്ങളില്‍ പഞ്ചായത്ത് കൈയടക്കി ആധിപത്യം തെളിയിക്കേണ്ടത് ലീഗിന്റെയും അട്ടിമറി വിജയം നേടേണ്ടത് കോണ്‍ഗ്രസിന്റെയും അഭിമാന പ്രശ്‌നമാണ്. ഇത്തരം പഞ്ചായത്തുകളിലാണ് വോട്ടിംഗ് യന്ത്രങ്ങള്‍ കൂട്ടത്തോടെ “പണിമുടക്കി”യതെന്നതും കണ്‍ട്രോള്‍ യൂനിറ്റുകളിലല്ല, ബാലറ്റ് യൂനിറ്റുകളിലാണ് തകരാറുണ്ടായതെന്നതും ശ്രദ്ധേയമാണ്. മാത്രമല്ല, തകരാറായ ചില യന്ത്രങ്ങളില്‍ സെല്ലോടേപ്പുകളും സ്റ്റിക്കറുകളും ഒട്ടിച്ചതും കടലാസ് കഷ്ണങ്ങള്‍ തിരുകിക്കയറ്റിയതും കണ്ടെത്തിയതായും വിവരമുണ്ട്.
ജില്ലാ കലക്ടര്‍ വളരെ ലാഘവത്തോടെയാണ് പ്രശ്‌നത്തെ കാണുന്നത്. യന്ത്രത്തകരാറിന് ഉദ്യോഗസ്ഥരെ പഴിചാരുകയാണദ്ദേഹം. തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയില്‍നിന്ന് ഒഴിവാകാനുള്ള വഴികള്‍ തേടുകയായിരുന്നുവെന്നും തന്മൂലം പലരും വോട്ടിംഗ് യന്ത്രം കൃത്യമായി പ്രവര്‍ത്തിപ്പിക്കാനുള്ള പരിശീലനം നേടാത്തതാണ് വിനയായതെന്നുമാണ് അദ്ദേഹം പറയുന്നത്. യന്ത്രങ്ങള്‍ കൂട്ടത്തോടെ കേടായതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും കലക്ടര്‍ തറപ്പിച്ചു പറയുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയോട് ഉദ്യോഗസ്ഥര്‍ക്കുള്ള വിമുഖത മലപ്പുറത്തെ മാത്രം പ്രശ്‌നമല്ല. സംസ്ഥാനത്തെ പൊതുവായ പ്രശ്‌നമാണ്. ശ്രമകരമാണ് തിരഞ്ഞെടുപ്പ് ജോലി. വോട്ടെടുപ്പിന്റെ തലേന്നു തന്നെ ഉദ്യോഗസ്ഥര്‍ ബൂത്തിലേക്കുള്ള സാധനങ്ങള്‍ കൈപ്പറ്റുകയും ബൂത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ രാത്രി കിടന്നുറങ്ങുകയും വേണം. വോട്ടെടുപ്പ് ദിനത്തില്‍ പിരിമുറുക്കം നിറഞ്ഞ ജോലി പ്രശ്‌നങ്ങളില്ലാതെ പൂര്‍ത്തിയാക്കണം. കിട്ടുന്ന പ്രതിഫലമാണെങ്കില്‍ തുച്ഛവും. ഇതു കാരണം ഇല്ലാത്ത രോഗങ്ങളും പ്രശ്‌നങ്ങളും ഉന്നയിച്ചു സംസ്ഥാനത്തെങ്ങും ഉദ്യോഗസ്ഥര്‍ തിരഞ്ഞടുപ്പ് ജോലിയില്‍ നിന്നൊഴിവാകാന്‍ ശ്രമിച്ചിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. എന്നിട്ടും മറ്റു ജില്ലകളിലെല്ലാം വോട്ടിംഗ് യന്ത്രങ്ങള്‍ കൃത്യമായി പ്രവര്‍ത്തിച്ചപ്പോള്‍ കുറ്റം ഉദ്യോഗസ്ഥരുടേതല്ലെന്നാണ് മനസ്സിലാകുന്നത്.
മലപ്പുറത്ത് വോട്ടിംഗ് യന്ത്രങ്ങളിലെ തകരാര്‍ യഥാവിധി കലക്ടര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍ പെടുത്തിയില്ലെന്നും പരാതിയുണ്ട്. ജില്ലയില്‍ വോട്ടിംഗിന്റ ആദ്യമണിക്കൂറില്‍ തന്നെ നൂറോളം യന്ത്രങ്ങള്‍ പ്രവര്‍ത്തനരഹിതമായപ്പോള്‍ ഇരുപതോളം യന്ത്രങ്ങള്‍ക്ക് മാത്രമേ തകരാറുള്ളൂവെന്നാണ് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ ആരോപിക്കുന്നു. വൈകുന്നേരം മൂന്നിന് ഇതു സംബന്ധിച്ചു വിശദ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടപ്പോഴും കലക്ടറേറ്റില്‍ വൈകിയാണ് വിവരം ലഭിച്ചതെന്നും പോളിംഗ് ഓഫീസര്‍മാരുമായി ബന്ധപ്പെട്ടാണ് കമ്മീഷന്‍ ശരിയായ വിവരങ്ങള്‍ ശേഖരിച്ചതെന്നും അവര്‍ വെളിപ്പെടുത്തുകയുണ്ടായി.
ബലപ്രയോഗത്തിലൂടെ വോട്ടിംഗ് യന്ത്രങ്ങള്‍ കേടുവരുത്തിയും ബൂത്തുകള്‍ കൈയടക്കിയും തിരഞ്ഞടുപ്പ് അലങ്കോലപ്പെടുത്താനും അട്ടിമറിക്കാനുമുള്ള ശ്രമങ്ങള്‍ ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ പ്രശ്‌നബാധിത ജില്ലയെന്നറിയപ്പെടുന്ന കണ്ണൂരില്‍ നിന്നും മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ മറ്റു ജില്ലകളില്‍ പ്രത്യേകിച്ചും ക്രമസമാധാന പ്രശ്‌നങ്ങള്‍ ആപേക്ഷികമായി കുറവായ മലപ്പുറത്ത് ഇതുവരെയും അത്തരം സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വിസ്മയത്തോടെയാണ് ജില്ലയില്‍ കൂട്ടത്തോടെ വോട്ടിംഗ് യന്ത്രങ്ങള്‍ കേടായ സംഭവത്തെ കേരളീയര്‍ കാണുന്നത്. ഏതായാലും തുടക്കത്തില്‍ അട്ടിമറി സാധ്യത നിരാകരിച്ച സര്‍ക്കാര്‍ വൃത്തങ്ങള്‍ പിന്നീട് അത് സാധൂകരിക്കുകയും അന്വേഷണത്തിന് തൃശൂര്‍ റെയ്ഞ്ച് ഐ ജി സുരേഷ് ബാബു പുരോഹിതിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നിജാവസ്ഥ അറിയാന്‍ അദ്ദേഹത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം.