Connect with us

Kerala

മലപ്പുറത്തെ ഫലം മുന്നണികള്‍ക്ക് നിര്‍ണായകം

Published

|

Last Updated

മലപ്പുറം: തിരഞ്ഞെടുപ്പ്ഫലം വരുന്നതോടെ മലപ്പുറം ജില്ലയില്‍ ഇരു മുന്നണികള്‍ക്കും നിര്‍ണായകമാകും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങളുള്ള ജില്ലയെന്ന നിലയില്‍ ഇരു മുന്നണികളും നേടുന്ന വിജയം സംസ്ഥാനത്തെ അവരുടെ മൊത്തം വിജയക്കണക്കുകളുടെ ഗ്രാഫ് ഉയര്‍ത്തും. ഇത് നിയമസഭാ തിരഞ്ഞെടുപ്പിനെ കൂടി സ്വാധീനിക്കുന്നതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് ഇരു മുന്നണികളും ഫലപ്രഖ്യാപനത്തെ നോക്കി കാണുന്നത്.
2010ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ ഭരണം ബഹുഭൂരിപക്ഷവും യു ഡി എഫാണ് നേടിയത്. പതിനാല് ജില്ലാ പഞ്ചായത്തുകളില്‍ എട്ടെണ്ണവും 59 നഗരസഭകളില്‍ 39ഉം 978 ഗ്രാമപഞ്ചായത്തുകളില്‍ 540 ഉം 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 92 ഉം യു ഡി എഫിന്റെ കൈകളിലാണ്. ഇതു പോലെ മലപ്പുറത്തെ തദ്ദേശ സ്ഥാപനങ്ങളും യു ഡി എഫിന്റെ കുത്തകയാണ്. മലപ്പുറത്ത് നിലവില്‍ ജില്ലാ പഞ്ചായത്തിലെ 32 ഡിവിഷനുകളില്‍ 30 സീറ്റും യു ഡി എഫിന്റെ കൈകളിലാണ്. നൂറ് ഗ്രാമപഞ്ചായത്തുണ്ടായിരുന്നതില്‍ 92ലും യു ഡി എഫ് ഭരണം. ഏഴ് നഗരസഭകളില്‍ ആറെണ്ണവും യു ഡി എഫിന്റെ കൈവശം. 15 ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒരിടത്ത് മാത്രമാണ് എല്‍ ഡി എഫ് ഭരിച്ചത്.
ഇത്തവണ പഞ്ചായത്തുകളുടെ എണ്ണം 94 ആയി കുറഞ്ഞപ്പോള്‍ നഗരസഭകളുടെ എണ്ണം പന്ത്രണ്ടായി വര്‍ധിച്ചു. പുതിയ നഗരസഭകള്‍ പിടിക്കാന്‍ ശക്തമായ മത്സരമാണ് നടത്തിയത്. 1778 വാര്‍ഡുകളാണ് മലപ്പുറത്തുള്ളത്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ വാര്‍ഡുകളുള്ളതിനാല്‍ യു ഡി എഫിനും എല്‍ ഡി എഫിനും സംസ്ഥാന രാഷ്ട്രീയത്തിലെ പ്രതിഛായ കൂട്ടാന്‍ മലപ്പുറത്തെ ഫലം അനുകൂലമാകുക തന്നെ വേണം. കൂടുതല്‍ സ്ഥാനാര്‍ഥികളും വോട്ടര്‍മാരുമുള്ള ജില്ലയായതിനാല്‍ മലപ്പുറത്തെ തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന രാഷ്ട്രീയത്തെ തന്നെ മാറ്റിമറിക്കും. മുന്നണികളുടെ ശക്തിയും പോരായ്മയും വിലയിരുത്തുക മൊത്തം കണക്കുകളെ ആശ്രയിച്ചായതിനാല്‍ ഇവിടെ കൂടുതല്‍ നേട്ടമുണ്ടാക്കുന്നവര്‍ക്ക് കണക്കുകളില്‍ മുന്നില്‍ നില്‍ക്കാനാകും.
സര്‍ക്കാറിന്റെ വിലയിരുത്തലായിരിക്കും തദ്ദേശ തിരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള യു ഡി എഫ് നേതൃത്വത്തിന്റെ അഭിപ്രായങ്ങള്‍ക്ക് ശക്തി പകരാന്‍ അവര്‍ക്ക് വലിയ വിജയം അനിവാര്യവുമാണ്. അരുവിക്കര ഉപതിരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിക്കുമെന്നാണ് യു ഡി എഫ് കരുതുന്നത്. മലപ്പുറത്ത് 24 പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ്-ലീഗ് സ്ഥാനാര്‍ഥികള്‍ തമ്മില്‍ സൗഹൃദ മത്സരം നടക്കുന്നതിനാല്‍ തന്നെ യു ഡി എഫ് സംവിധാനത്തില്‍ മത്സരിക്കുന്ന മറ്റ് തദ്ദേശ സ്ഥാപനങ്ങളില്‍ മികച്ച വിജയം നേടേണ്ടതുണ്ട്. ഇത്തരം വാര്‍ഡുകളിലെല്ലാം ശക്തമായ മത്സരമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആദ്യമുണ്ടായിരുന്ന പ്രതീക്ഷകളെല്ലാം പലര്‍ക്കും നഷ്ടമായിട്ടുമുണ്ട്. കണക്കുകള്‍ പിഴച്ചാല്‍ യു ഡി എഫിന് തിരിച്ചടിയായിരിക്കും ഇത്.

 

Latest