Connect with us

Kerala

ഇരു മുന്നണികളേയും ഞെട്ടിച്ച് ബിജെപി മുന്നേറ്റം

Published

|

Last Updated

തിരുവനന്തപുരം: ഇരുമുന്നണികളെയും ഞെട്ടിച്ച് ബി ജെ പിക്ക് അപ്രതീക്ഷിത മുന്നേറ്റം. അഞ്ചു വര്‍ഷം മുമ്പ് കാസര്‍കോട് മൂന്ന് പഞ്ചായത്തുകളില്‍ ഭരണവും പാലക്കാട് ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന ബഹുമതിയും തിരുവനന്തപുരത്ത് ആറ് കൗണ്‍സിലര്‍മാരും മാത്രമുണ്ടായിരുന്ന ബി ജെ പി ഇത്തവണ വലിയ മുന്നേറ്റമാണ് നടത്തിയത്. സംസ്ഥാനത്ത് ഇക്കുറി 14 ഗ്രാമപഞ്ചായത്തുകളില്‍ ഭരണം നടത്താനൊരുങ്ങുമ്പോള്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആറില്‍ നിന്ന് 34ലേക്ക് കുതിപ്പ് നടത്തി. കഴിഞ്ഞ തവണ ഒരൊറ്റ സീറ്റില്ലാതിരുന്ന കോഴിക്കോട്ട് ഇക്കുറി ഏഴും കൊല്ലത്ത് അഞ്ചും അംഗങ്ങളാണ് ബി ജെ പിക്കുള്ളത്. ഒരംഗം മാത്രമുണ്ടായിരുന്ന തൃശൂരില്‍ ഇത്തവണ ആറ് സീറ്റായി. കൊല്ലത്തും എറണാകുളത്തും രണ്ട് സീറ്റു വീതം നേടി. തിരുവനന്തപുരം, തൃശൂര്‍ കോര്‍പ്പറേഷനുകളിലെ ഭരണം ഇക്കുറി ബി ജെ പിയുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കും.
മൊത്തം 933 ഗ്രാമപഞ്ചായത്തംഗങ്ങളും 236 മുനിസിപ്പല്‍ അംഗങ്ങളും 51 കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരും 21 ബ്ലോക്ക് പഞ്ചായത്തംഗങ്ങളും മൂന്ന് ജില്ലാ പഞ്ചായത്തംഗങ്ങളുമാണ് പാര്‍ട്ടിക്കുള്ളത്. കൊച്ചി കോര്‍പ്പറേഷനിലും കൊല്ലത്തും കാര്യമായ കുതിപ്പുണ്ടാക്കാന്‍ കഴിഞ്ഞില്ല. പുതിയതായി രൂപവത്കരിച്ച കണ്ണൂരിലും അക്കൗണ്ട് തുറന്നില്ല. എസ് എന്‍ ഡി പിയുമായി സഖ്യമുണ്ടാക്കിയെങ്കിലും അവരുടെ ശക്തികേന്ദ്രങ്ങളായ ആലപ്പുഴയിലും കൊല്ലത്തും പാര്‍ട്ടിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. വെള്ളാപ്പള്ളിയുടെ വാര്‍ഡില്‍ പോലും ബി ജെ പി മൂന്നാം സ്ഥാനത്തായി.
പാലക്കാട് മുന്‍സിപ്പാലിറ്റിയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയും കൊടുങ്ങല്ലൂര്‍, കാസര്‍കോട്, ആലപ്പുഴയിലെ മാവേലിക്കര, എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ, പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍, മലപ്പുറം ജില്ലയിലെ താനൂര്‍, പരപ്പനങ്ങാടി മുനിസിപ്പാലികളിലെ ഏറ്റവും വലിയ രണ്ടാം കക്ഷിയും ബി ജെ പിയാണ്. തലശ്ശേരി, തൃശൂരിലെ കുന്നംകുളം, പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം എന്നീ മുനിസിപ്പാലിറ്റികളില്‍ ഒന്നില്‍ കൂടുതല്‍ സീറ്റ് നേടി. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, വര്‍ക്കല, കൊല്ലം ജില്ലയിലെ പരവൂര്‍, കരുനാഗപ്പള്ളി, കൊട്ടാരക്കര, പത്തനംതിട്ട ജില്ലയിലെ പന്തളം, തിരുവല്ല, ആലപ്പുഴയിലെ കായങ്കുളം, ചെങ്ങന്നൂര്‍, ആലപ്പുഴ, ഹരിപ്പാട്, കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍, കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം, പാല, ഇടുക്കിയിലെ തൊടുപുഴ, എറണാകുളത്തെ മൂവാറ്റുപുഴ, ആലുവ, ഏലൂര്‍, പെരുമ്പാവൂര്‍, പിറവം, പാലക്കാട്ടെ മണ്ണാര്‍ക്കാട്, പട്ടാമ്പി, ചേര്‍പ്പുളശ്ശേരി, മലപ്പുറത്തെ പൊന്നാനി, കോട്ടക്കല്‍ മുനിസിപ്പാലിറ്റകളിലും അക്കൗണ്ട് തുറന്നു. കോഴിക്കോട് വടകരയില്‍ ആദ്യമായി രണ്ടംഗങ്ങളെ ജയിപ്പിച്ചു. ജില്ലയിലെ തന്നെ പുതിയ മുനിസിപ്പാലിറ്റികളായ ഫറോക്കിലും മുക്കത്തും അക്കൗണ്ട് തുറന്നു. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയിലും ആദ്യമായി ജയിക്കാനായി. ചെങ്കോട്ടകളായ കണ്ണൂരിലെ ഇരിട്ടിയിലും പാനൂരും ഒന്നില്‍ കൂടുതല്‍ അംഗങ്ങളെ ജയിപ്പിച്ച് കരുത്തറിയിക്കുകയും ചെയ്തു.
കാസര്‍കോട് ജില്ലയിലാണ് പാര്‍ട്ടി ഏറ്റവും കൂടുതല്‍ ഗ്രാമപഞ്ചായത്തുകള്‍ നേടിയത്. നാല് പഞ്ചായത്തുകളാണ് അവിടെ പാര്‍ട്ടി ഭരിക്കുക. ബേളൂര്‍, കാറഡുക്ക, മധുര്‍, പൈവളിഗെ പഞ്ചായത്തുകളിലാണ് ബി ജെ പി ഏറ്റവും വലിയ ഒറ്റകക്ഷിയായത്. തിരുവനന്തപുരം ജില്ലയില്‍ രണ്ട് ഗ്രാമപഞ്ചായത്തുകളിലാണ് പാര്‍ട്ടി ആദ്യമായി ഭരണം നേടിയത്. പത്തനംതിട്ട ജില്ലയിലും മൂന്ന് പഞ്ചായത്തുകളില്‍ ഭരണം നേടി.
തൃശൂരില്‍ അവിനിശേരി പഞ്ചായത്തില്‍ ഇക്കുറി പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. പാലക്കാട്ടെ എരുത്തേംപതി ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ബി ജെ പിയാണ്.