Connect with us

International

ചൈന- തായ്‌വാന്‍ നേതാക്കളുടെ കൂടിക്കാഴ്ച

Published

|

Last Updated

സിംഗപ്പൂര്‍സിറ്റി: 60 വര്‍ഷത്തെ ഇടവേളക്ക് ശേഷം തായ്‌വാനിലെയും ചൈനയിലെയും രാഷ്ട്രീയ നേതാക്കള്‍ ചരിത്രപരമായ കൂടിക്കാഴ്ച നടത്തി. തായ്‌വാനില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ ആഴ്ചകള്‍ മാത്രം അവശേഷിക്കവെയാണ് ശക്തമായ പ്രതിഷേധങ്ങള്‍ നിലനില്‍ക്കെ തായ്‌വാന്‍ പ്രസിഡന്റ് മാ യിംഗ് ജോ സിംഗപ്പൂരിലെത്തി ചൈനീസ് പ്രസിഡന്റ് സിന്‍ ജിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തിയത്.
ഇന്നലെ നടന്ന ഉച്ചകോടിക്ക് മുന്നോടിയായി ഇരു നേതാക്കളും പരസ്പരം ഹസ്തദാനം ചെയ്തു. രണ്ട് രാജ്യങ്ങളും ഒരു കുടുംബമാണെന്നും ആര്‍ക്കും ഇതിനെ വേര്‍പിരിക്കാനാകില്ലെന്നും ചൈനീസ് പ്രസിഡന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ചൈനയുടെ അധികാരം 1949ല്‍ മാവോ സേതുംഗിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സര്‍ക്കാര്‍ പിടിച്ചെടുത്തതോടെ നാഷനാലിസ്റ്റുകള്‍ ചൈനയില്‍ നിന്ന് തായ്‌വാനിലെത്തി സ്വന്തമായി സര്‍ക്കാര്‍ രൂപവത്കരിച്ചു. ഐക്യരാഷ്ട്രസഭയില്‍ തായ്‌വാന്‍ അംഗത്വമെടുക്കുന്നതിന് മുമ്പ് ചൈന അംഗത്വമെടുത്തിരുന്നു. ഇതിന് ശേഷം 1993ലാണ് ഇരു രാജ്യങ്ങളിലെയും സര്‍ക്കാറുകള്‍ തമ്മില്‍ ആദ്യമായി കൂടിക്കാഴ്ച നടത്തിയത്. സിംഗപ്പൂരില്‍ വെച്ച് തന്നെയായിരുന്നു ആ കൂടിക്കാഴ്ചയും. 2008ല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ വീണ്ടും പുരോഗമിച്ചു. 1949ന് ശേഷം പിന്നീട് 2014ലാണ് ഇരു രാജ്യങ്ങളിലെയും സര്‍ക്കാറുകള്‍ ഔദ്യോഗികമായി ചര്‍ച്ചകള്‍ ആരംഭിച്ചത്. ഇപ്പോഴത്തെ കൂടിക്കാഴ്ച ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന ഇടവേളകള്‍ക്ക് ശേഷം നല്ല ബന്ധത്തിലേക്ക് വരുന്ന ഇരു രാജ്യങ്ങളും പരസ്പരം സഹകരണവും ബഹുമാനവും പുലര്‍ത്തണമെന്ന് തായ്‌വാന്‍ പ്രസിഡന്റ് മാ യിംഗ് വ്യക്തമാക്കി. ഇത് ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ തമ്മില്‍ നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണെങ്കിലും രണ്ട് രാജ്യങ്ങളും കൂട്ടുകാരാണ്. അതിന്റെ ചരിത്രം 60 വര്‍ഷം പുറകോട്ടു നീണ്ടുകിടക്കുന്നതുമാണ്. ഇപ്പോള്‍ വിദ്വേഷത്തിന് പകരം തങ്ങള്‍ക്ക് മുന്നിലുള്ളത് ചര്‍ച്ചയുടെ വഴികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തായ്‌വാനിലെ പ്രസിഡന്റ്, പാര്‍ലിമെന്റ് തിരഞ്ഞെടുപ്പുകള്‍ ഇനി ആഴ്ചകള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി(ഡി പി പി) മികച്ച വിജയം നേടുമെന്നാണ് കണക്കുകൂട്ടലുകള്‍. ഇപ്പോള്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ നിര്‍ണായകമായ ഏതെങ്കിലും കരാറില്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തുമെന്ന് പ്രതീക്ഷയില്ല. ചൈനയിലെ മാധ്യമങ്ങള്‍ ഈ കൂടിക്കാഴ്ചക്ക് വളരെയേറെ പ്രാധാന്യം നല്‍കുന്നുണ്ട്.

Latest