Connect with us

Kerala

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം: ജില്ലകളിലൂടെ

Published

|

Last Updated

തിരുവനന്തപുരം:കോര്‍പറേഷന്‍ ഭരണം ത്രിശങ്കുവിലായതാണ് തലസ്ഥാനത്തെ പ്രത്യേകത. 100 സീറ്റുകളുള്ള കോര്‍പറേഷനില്‍ 42 സീറ്റുകള്‍ എല്‍ ഡി എഫ് നേടിയപ്പോള്‍ ബി ജെ പി 34 സീറ്റുകള്‍ നേടി. കഴിഞ്ഞ തവണ ബി ജെ പിക്ക് ആറ് സീറ്റുകള്‍ മാത്രമാണുണ്ടായിരുന്നത്. 21 സീറ്റുകള്‍ മാത്രമാണ് യു ഡി എഫിന് നേടാനായത്. ജില്ലാ പഞ്ചായത്തില്‍ എല്‍ ഡി എഫ് വ്യക്തമായ മേല്‍കൈ നേടി. 26 ഡിവിഷനുകളില്‍ 19 സീറ്റുകളില്‍ എല്‍ ഡി എഫ് വിജയിച്ചു. ആറ് ഡിവിഷനുകളില്‍ യു ഡി എഫ് വിജയം നേടിയപ്പോള്‍ ഇതുവരെ ജില്ലാ പഞ്ചായത്തിന്റെ ഒരു ഡിവിഷനില്‍പോലും അക്കൗണ്ട് തുറക്കാനാകാത്ത ബി ജെ പി വെങ്ങാനൂര്‍ ഡിവിഷനില്‍ വിജയിച്ചു.
ജില്ലയിലെ ആറ്റിങ്ങല്‍, നെടുമങ്ങാട്, വര്‍ക്കല, നെയ്യാറ്റിന്‍കര എന്നീ നാല് മുനിസിപ്പാലിറ്റികളില്‍ നാലിടങ്ങളിലും എല്‍ ഡി എഫ് വിജയിച്ചു. നാല് മുനിസിപ്പാലിറ്റികളിലുമായി 147 വാര്‍ഡുകളില്‍ എല്‍ ഡി എഫ് 82ഉം യു ഡി എഫ് 39ഉം ബി ജെ പി 16 ഉും സ്വതന്ത്രര്‍ 10ഉം സീറ്റുകള്‍ നേടി. ബ്ലോക്ക് പഞ്ചായത്തുകളില്‍ 11 ഇടങ്ങളില്‍ എട്ടിടങ്ങളിലും ഇടത് മുന്നണി വിജയിച്ചു. രണ്ടിടങ്ങളില്‍ മാത്രമാണ് യു ഡി എഫിന് വിജയിക്കാനായത്. വെള്ളനാട് ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ ഡി എഫും യു ഡി എഫും തുല്യകക്ഷിയായി. ഗ്രാമപഞ്ചായത്ത്തലത്തില്‍ ജില്ലയിലെ 73 ഗ്രാമപഞ്ചായത്തുകളില്‍ 49 എണ്ണവും എല്‍ ഡി എഫ് നേടി. 21 ഗ്രാമപഞ്ചായത്തുകളില്‍ മാത്രമാണ് യു ഡി എഫിന് വിജയിക്കാനായത്. ബി ജെ പി രണ്ടിടങ്ങളിലും വിജയിച്ചു.

കൊല്ലം:തദ്ദേശാങ്കത്തില്‍ കൊല്ലം ജില്ല ഇത്തവണയും ഇടതുപക്ഷത്തിനൊപ്പം. കോര്‍പറേഷനും നാല് നഗരസഭകളും ജില്ലാപഞ്ചായത്തും ഉള്‍പ്പെടെയുള്ള തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളില്‍ ഇനി ഇടതുഭരണം. ജില്ലയിലെ 68 ഗ്രാമപഞ്ചായത്തുകളില്‍ 61 ഇടത്തും എല്‍ ഡി എഫ് വിജയക്കൊടി നാട്ടി. ഏഴിടത്ത് മാത്രമാണ് യു ഡി എഫിന് വിജയം വരിക്കാനായത്. കോര്‍പറേഷനിലെ 55 സീറ്റില്‍ 35ഉം ഇടതുപക്ഷം തൂത്തുവാരി. യു ഡി എഫിന് 16ഉം ബി ജെ പിക്ക് രണ്ടും എസ് ഡി പി ഐക്ക് ഒന്നും ജെ എസ് എസ് ആറിന് ഒന്നും സീറ്റുകള്‍ ലഭിച്ചു. ഇതോടെ നാലാം തവണയും കൊല്ലം കോര്‍പറേഷന്‍ ഭരണം ഇടതുമുന്നണി ഉറപ്പാക്കി. കൊട്ടാരക്കര ഉള്‍പ്പെടെയുള്ള നാല് നഗരസഭകളിലും എല്‍ ഡി എഫ് വ്യക്തമായ മുന്നേറ്റം നടത്തി. ജില്ലാപഞ്ചായത്തിലെ 26 ഡിവിഷനുകളില്‍ 23ലും ജനഹിതം എല്‍ ഡി എഫിന് ഒപ്പമായിരുന്നു. മൂന്ന് സീറ്റു മാത്രമാണ് യു ഡി എഫിന് നേടാനായത്. ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളിലും എല്‍ ഡി എഫ് വന്‍വിജയമാണ് നേടിയത്. ഒരിടത്തുപോലും യു ഡി എഫിനെ ജനം തുണച്ചില്ല. ആര്‍ എസ് പിയുടെ തട്ടകമായ ചവറ, തെക്കുംഭാഗം ഉള്‍പ്പെടെയുള്ള ഗ്രാമപഞ്ചായത്തുകളിലും യു ഡി എഫ് തകര്‍ന്നടിഞ്ഞു. അപ്രതീക്ഷിത മുന്നേറ്റം നടത്തി ബി ജെ പിയും സാന്നിധ്യമറിയിച്ചു.
2010ല്‍ 70 ഗ്രാമപഞ്ചായത്തുകളില്‍ 42 എല്‍ ഡി എഫും 28 യു ഡി എഫും ഒപ്പമായിരുന്നു. ബ്ലോക്ക് പഞ്ചായത്തുകളില്‍ മൂന്നിടത്ത് യു ഡി എഫും നേടിയിരുന്നു. നഗരസഭകളില്‍ ഒരെണ്ണം യു ഡി എഫിനായിരുന്നു. ജില്ലാ പഞ്ചായത്ത് ഭരണം ഇടതിനായിരുന്നു.

പത്തനംതിട്ട:ജില്ലാ പഞ്ചായത്തും നാലില്‍ രണ്ട് നഗരസഭയിലും യുഡി എഫ് തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. 16 അംഗ ജില്ലാ പഞ്ചായത്തില്‍ 11 ഡിവിഷനുകളില്‍ യു ഡി എഫ അഞ്ചിടത്ത് എല്‍ ഡി എഫും വിജയിച്ചു. അടൂര്‍ നഗരസഭയില്‍ 13 വാര്‍ഡുകളില്‍ യു ഡി എഫും 14 ല്‍ എല്‍ ഡി എഫും വിജയിച്ചു. ഇവിടെ കോണ്‍ഗ്രസ് വിമതന്‍ നിര്‍ണായകമായി. പുതുതായി രൂപവത്കരിച്ച പന്തളം നഗരസഭയില്‍ 15 വാര്‍ഡുകളില്‍ വിജയിച്ച എല്‍ ഡി എഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. 11 വാര്‍ഡുകളില്‍ യു ഡി എഫും ഏഴിടത്ത് ബി ജെ പിയും വിജയിച്ചു. പത്തനംതിട്ടയില്‍ യു ഡി എഫിന് 22 ഉം എല്‍ ഡി എഫിന് ഒമ്പതും വാര്‍ഡുകള്‍ ലഭിച്ചു. എസ് ഡി പി ഐ ഒരു വാര്‍ഡിലും വിജയിച്ചു. തിരുവല്ലയിലും യു ഡി എഫ് 22 വാര്‍ഡിലും എല്‍ ഡി എഫ് എട്ടിടത്തും ബി ജെ പി നാലിടത്തും എസ് ഡി പി ഐ ഒരിടത്തും വിജയിച്ചു. അഞ്ചിടത്ത് സ്വതന്ത്രരും വിജയിച്ചു. ഗ്രാമപ്പഞ്ചായത്തുകളില്‍ 24 ഇടത്ത് യു ഡി എഫും 18 ഇടത്ത് എല്‍ ഡി എഫും ഭരണത്തിലെത്തും. എട്ട് ബ്ലോക്ക് പഞ്ചായത്തുകളില്‍ അഞ്ചെണ്ണത്തില്‍ യു ഡി എഫും മുന്നെണ്ണത്തില്‍ എല്‍ ഡി എഫും അധികാരത്തിലെത്തും. 2010ല്‍ 54 ഗ്രാമ പഞ്ചായത്തില്‍ 39 ല്‍ യു ഡി എഫും 15 ല്‍ എല്‍ ഡി എഫിനുമായിരുന്നു ഭരണം. 62 വാര്‍ഡുകളില്‍ ബി ജെ പി വിജയിച്ചിരുന്നു. ഇത്തവണ എസ് എന്‍ ഡി പി സഖ്യത്തിലൂടെ ആര്‍ എസ് എസ് നടത്തിയ നീക്കങ്ങള്‍ ഫലം കണ്ടെത്തിയില്ലെങ്കിലും രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍ അടക്കം 105 ആയി വര്‍ധിച്ചു. ഇതോടെ പന്തളം നഗരസഭയില്‍ മുന്ന് ഗ്രാമപഞ്ചായത്തുകളില്‍ ബി ജെ പി നിലപാട് നിര്‍ണായകമാകും.

ആലപ്പുഴ:തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എസ് എന്‍ ഡി പി നേതൃത്വത്തില്‍ ബി ജെ പിയുമായി ചേര്‍ന്ന് രൂപവത്കരിച്ച സമത്വ മുന്നണി തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാനാകാതെ ആലപ്പുഴയുടെ വിപ്ലവമണ്ണില്‍ തകര്‍ന്നടിഞ്ഞു. അതേസമയം, ബി ജെ പി ഒറ്റക്ക് മത്സരിച്ച ചിലയിടങ്ങളില്‍ പാര്‍ട്ടിക്ക് നേട്ടമുണ്ടായി. സമത്വ മുന്നണിയുടെ പ്രകടനം ഇടതു വലത് മുന്നണികളും ബി ജെ പിയും ഒരു പോലെ ഉറ്റുനോക്കുകയായിരുന്നു. എന്നാല്‍ പ്രഭവ കേന്ദ്രത്തില്‍ തന്നെ തകര്‍ന്നടിഞ്ഞതോടെ സമത്വ മുന്നണി കേരള രാഷ്ട്രീയത്തില്‍ ഒന്നുമല്ലാതായി.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് മറ്റു ജില്ലകളിലെന്ന പോലെ കഴിഞ്ഞ തവണത്തേക്കാള്‍ മേല്‍ക്കൈ നേടാനായെങ്കിലും നഗരസഭകളില്‍ അടിതെറ്റി. ആലപ്പുഴ ഉള്‍പ്പെടെ രണ്ടിടത്ത് നിലവില്‍ ഭരണം എല്‍ ഡി എഫിനായിരുന്നു. പുതുതായി രൂപവത്കരിക്കപ്പെട്ട ഹരിപ്പാട് ഉള്‍പ്പെടെ ഒരിടത്തും ഇത്തവണ ഭരണത്തിലെത്താനായില്ല. രണ്ട് തവണയായി തുടര്‍ച്ചയായി ഭരണം നടത്തിവന്ന ആലപ്പുഴയും കൈവിട്ടു. നഗരസഭയായി ഉയര്‍ത്തപ്പെട്ട ഹരിപ്പാട് ഭരണത്തിലെത്താന്‍ കഴിഞ്ഞതും രണ്ട് തവണയായി കൈവിട്ട ആലപ്പുഴ നഗരസഭ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞതും യു ഡി എഫിന് നേട്ടമായി.ജില്ലാ പഞ്ചായത്തില്‍ വന്‍ ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്തിയ ഇടതുപക്ഷത്തിന് ബ്ലോക്ക് പഞ്ചായത്തുകളില്‍ മുന്‍ തിരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടാനായി. ജില്ലാ പഞ്ചായത്ത് നിലവില്‍ വന്നത് മുതല്‍ ഇടതുപക്ഷത്തിന്റെ കുത്തകയാണിത്. ഗ്രാമപഞ്ചായത്തുകളിലും ശക്തമായ സ്വാധീനമുറപ്പിച്ച ഇടതുപക്ഷത്തിന് എന്തുകൊണ്ടും ഇക്കുറി തിളക്കമാര്‍ന്ന വിജയം തന്നെ.

കോട്ടയം: സംസ്ഥാനത്ത് ഇടതുതരംഗത്തില്‍ വലതുകോട്ടകള്‍ തകര്‍ന്നുവീണപ്പോള്‍ കോട്ടയം ജില്ലയില്‍ യു ഡി എഫിന് കാര്യമായ പരുക്കില്ലത്ത വിജയം. ബാര്‍ കോഴ വിവാദങ്ങളും റബ്ബര്‍ വിലയിടിവ് അടക്കമുള്ള പ്രശ്‌നങ്ങളും തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ തെല്ലും സ്വാധീനിച്ചില്ലെന്നതാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. കെ എം മാണിയുമായി തെറ്റിപ്പിരിഞ്ഞ് എല്‍ ഡി എഫുമായി പ്രാദേശിക തിരഞ്ഞെടുപ്പ് ധാരണകളുണ്ടാക്കിയ പി സി ജോര്‍ജിന്റെ തട്ടകത്തില്‍ കേരള കോണ്‍ഗ്രസ് സെക്യുലറിനും എല്‍ ഡി എഫിനും മികച്ച വിജയം കൈവരിക്കാനായി. ജില്ലാ പഞ്ചായത്ത് പൂഞ്ഞാര്‍ ഡിവിഷനില്‍ സെക്യുലര്‍ സ്ഥാനാര്‍ഥി മേരി സെബാസ്റ്റ്യന്റെ വിജയം ജോര്‍ജിന് കൂടുതല്‍ ശക്തിപകരും.
എസ് എന്‍ ഡി പിക്ക് നിര്‍ണായക വേരോട്ടമുള്ള വൈക്കം, കുമരകം, തലയാഴം മേഖകളില്‍ ബി ജെ പിയുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കി നടത്തിയ പരീക്ഷണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞു. ഇവിടങ്ങളില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. സമദൂര നിലപാടുമായി എസ് എന്‍ ഡി പി- ബി ജെ പി സഖ്യത്തെ പരസ്യമായി എതിര്‍ത്ത എന്‍ എസ് എസ് നേതൃത്വത്തിന് ചങ്ങനാശ്ശേരി നഗരസഭയില്‍ പെരുന്ന 19, 21 വാര്‍ഡുകളില്‍ ബി ജെ പി സ്ഥാനാര്‍ഥികളുടെ വിജയം വലിയ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. സമുദായ നേതൃത്വത്തെ അംഗങ്ങള്‍ തള്ളിപ്പറഞ്ഞുവെന്നതാണ് ഏറെ ആശ്ചര്യം. കെ എം മാണിയുടെ തട്ടകമായ പാലാ മുനിസിപ്പാലിറ്റിയിലെ തിളക്കമാര്‍ന്ന വിജയം കേരള കോണ്‍ഗ്രസിനും മാണിക്കും തെല്ലൊരു ആശ്വാസത്തിന് വക നല്‍കുന്നുണ്ട്.

ഇടുക്കി:ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ കൂട്ടുകെട്ടില്‍ നില മെച്ചപ്പെടുത്തി എല്‍ ഡി എഫ്. തൊടുപുഴ, കട്ടപ്പന നഗരസഭകളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ബി ജെ പി ശക്തമായ മുന്നേറ്റം നടത്തി. കരുത്തുകാട്ടിയ പെമ്പിളൈ ഒരുമൈ മൂന്നാര്‍ ഗ്രാമപഞ്ചായത്ത് ആരു ഭരിക്കുമെന്ന് തീരുമാനിക്കും. എ ഐ എ ഡി എം കെ മത്സരിച്ച നാല് വാര്‍ഡില്‍ മൂന്നും നേടി. കഴിഞ്ഞ തവണ 13 സീറ്റുണ്ടായിരുന്ന ബി ജെ പി ഇത്തവണ 39 സീറ്റുകളും നേടി. ജില്ലാ പഞ്ചായത്തിലെ 16 ഡിവിഷനില്‍ ആറെണ്ണം എല്‍ ഡി എഫ് നേടി. ഇതില്‍ രണ്ട് സീറ്റുകള്‍ ഹൈറേഞ്ചിന്റേതാണ്. പ്രതിപക്ഷമില്ലാത്ത യു ഡി എഫ് ഭരണമായിരുന്നു ഇടുക്കി ജില്ലാ പഞ്ചായത്തില്‍. എട്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളില്‍ രണ്ടെണ്ണം എല്‍ ഡി എഫ് പിടിച്ചു. 35ല്‍ 20 സീറ്റെങ്കിലും പ്രതീക്ഷിച്ചിരുന്ന തൊടുപുഴ നഗരസഭയില്‍ യു ഡി എഫ് നിലവിലെ 24 സീറ്റില്‍ നിന്ന് 14 ലേക്കൊതുങ്ങി. ആറ് സീറ്റുണ്ടായിരുന്ന എല്‍ ഡി എഫ് 13 സീറ്റുമായി മുന്നേറ്റം നടത്തിയപ്പോള്‍ നാല് സീറ്റുകള്‍ ഉണ്ടായിരുന്ന ബി ജെ പി എട്ട് സീറ്റുകള്‍ നേടി. പുതുതായി രൂപവത്കരിച്ച കട്ടപ്പന നഗരസഭയില്‍ 34ല്‍ 17 സീറ്റ് യു ഡി എഫിന് ലഭിച്ചു. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നാല് സീറ്റുകളുമായി എല്‍ ഡി എഫ് 14 സീറ്റ് കൈയടക്കി. ബി ജെ പി മൂന്ന് സീറ്റ് നേടി. 21 സീറ്റുള്ള പഞ്ചായത്തില്‍ 10 സീറ്റ് എല്‍ ഡി എഫിനും ഒമ്പത് സീറ്റ് യു ഡി എഫിനും ലഭിച്ചെങ്കിലും ആര്‍ക്കും കേവലഭൂരിപക്ഷമില്ല. 52ല്‍ 43 പഞ്ചായത്തുകള്‍ കൈവശമുണ്ടായിരുന്ന യു ഡി എഫിന് ഇക്കുറി 29 പഞ്ചായത്തുകള്‍ മാത്രം. 20 പഞ്ചായത്തുകള്‍ എല്‍ ഡി എഫ് നേടി. മൂന്നെണ്ണത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല.

എറണാകുളം:യു ഡി എഫിന് ഏറെ കോട്ടം തട്ടാത്ത ജില്ലയാണ് എറണാകുളം. സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളില്‍ കേവല ഭൂരിപക്ഷം ലഭിച്ചത് കൊച്ചിയില്‍ മാത്രമാണ്. ജില്ലാ പഞ്ചായത്ത് ഭരണവും യു ഡി എഫ് നിലനിര്‍ത്തിയപ്പോള്‍ ഭൂരിപക്ഷം നഗരസഭകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും യു ഡി എഫിനു തന്നെ മുന്‍തൂക്കം.
74 ഡിവിഷനുകളുള്ള കോര്‍പറേഷനില്‍ യു ഡി എഫ് 38 സീറ്റുകളുടെ കേവല ഭൂരിപക്ഷത്തിനാണ് ഭരണം നിലനിര്‍ത്തിയത്. എല്‍ ഡി എഫ് 30 സീറ്റുകള്‍ നേടിയപ്പോള്‍ രണ്ടിടത്ത് ബി ജെ പിയും നാലിടത്ത് സ്വതന്ത്രരും വിജയിച്ചു. 13 നഗരസഭകളില്‍ പുതുതായി രൂപവത്കരിച്ച പിറവം ഉള്‍പ്പെടെ ഏഴിടത്ത് യു ഡി എഫ് ഭരണത്തിലെത്തി. കോതമംഗലം, ആലുവ, കളമശ്ശേരി, നോര്‍ത്ത് പറവൂര്‍, തൃക്കാക്കര, കൂത്താട്ടുകുളം എന്നിവിടങ്ങളാണ് യു ഡി എഫ് ഭരണത്തിലെത്തിയ നഗരസഭകള്‍. തൃപ്പൂണിത്തുറ, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, അങ്കമാലി, ഏലൂര്‍ എന്നിവിടങ്ങളില്‍ എല്‍ ഡി എഫും ഭരണത്തിലെത്തി. മരട് നഗരസഭയില്‍ ഇരു മുന്നണികളും തുല്യ സീറ്റുകള്‍ പങ്കുവെച്ചു. ജില്ലാ പഞ്ചായത്തിലെ 82 ഡിവിഷനുകളില്‍ 45 എണ്ണത്തില്‍ യു ഡി എഫും 35എണ്ണത്തില്‍ എല്‍ ഡി എഫും വിജയംകണ്ടു. രണ്ടിടത്ത് സ്വതന്ത്രരും വിജയിച്ചു. 14 ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒമ്പതിടത്ത് യു ഡി എഫും അഞ്ചിടത്ത് എല്‍ ഡി എഫും വിജയിച്ചു.
കൊച്ചി നഗരത്തോട് ചേര്‍ന്നുകിടക്കുന്ന കിഴക്കമ്പലം പഞ്ചായത്തില്‍ അരാഷ്ട്രീയ മുന്നണിയായ ട്വന്റി ട്വന്റി ഭരണം ഇടതു- വലതു മുന്നണികളെയും ബി ജെ പിയെയും പിന്നിലാക്കി ഭരണം പിടിച്ചത് ഏറെ ശ്രദ്ധേയമായി.

തൃശൂര്‍:യു ഡി എഫിന്റെ ആത്മവിശ്വാസത്തെയും പ്രതീക്ഷകളെയുമെല്ലാം തകര്‍ത്തെറിഞ്ഞ് സാംസ്‌കാരിക തലസ്ഥാനം എല്‍ ഡി എഫിനെ തുണച്ചു. കോര്‍പറേഷന് പുറമെ ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തിലും എല്‍ ഡി എഫ് വെന്നിക്കൊടി പാറിച്ചു. 86 ഗ്രാമപഞ്ചായത്തുകളില്‍ 67ഉും 16 ബ്ലോക്ക് പഞ്ചായത്തുകളില്‍ 14ഉും ഏഴ് മുനിസിപ്പാലിറ്റികളില്‍ അഞ്ചും ജില്ലാ പഞ്ചായത്തിലെ 29 ഡിവിഷനുകളില്‍ 22ഉും കോര്‍പറേഷനിലെ 55ല്‍ 25ഉും എല്‍ ഡി എഫ് വരുതിയിലാക്കി. കോര്‍പറേഷനില്‍ കഴിഞ്ഞ തവണ 46 സീറ്റുണ്ടായിരുന്ന യു ഡി എഫ് 21 ലൊതുങ്ങി. കഴിഞ്ഞ തവണ രണ്ട് സീറ്റുണ്ടായിരുന്ന ബി ജെ പി ഇത്തവണ ആറ് സീറ്റ് നേടി പ്രകടനം മെച്ചപ്പെടുത്തി. രണ്ട് കോണ്‍ഗ്രസ് വിമതരും ഒരു സി പി എം വിമതനും വിജയം നേടി. മുന്‍ മേയര്‍ ഐ പി പോള്‍, ഡെപ്യൂട്ടി മേയര്‍ പി വി സരോജിനി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ഗിരീഷ്‌കുമാര്‍ എന്നിവര്‍ പരാജയപ്പെട്ട പ്രമുഖരില്‍ പെടും. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ തുടങ്ങിയ കടുത്ത ഗ്രൂപ്പ് വഴക്കും വിമത ശല്യവും യു ഡി എഫിന്റെ പരാജയത്തില്‍ വലിയ പങ്കുവഹിച്ചു. ചാവക്കാട്ടെ ഹനീഫയടക്കം മൂന്ന് പേര്‍ ഗ്രൂപ്പു വഴക്കിന്റെ ഭാഗമായി കൊല്ലപ്പെട്ടിരുന്നു. കോര്‍പറേഷന്‍ ഭരണത്തിലെ അഴിമതിയും തോല്‍വിക്ക് ആക്കം കൂട്ടി. ഇടക്കാലത്തുയര്‍ന്ന അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് സി പി എം നേതാക്കളും പ്രവര്‍ത്തകരും സജീവമായി പ്രവര്‍ത്തിച്ചതാണ് എല്‍ ഡി എഫിന്റെ വിജയത്തില്‍ പ്രധാന ഘടകമായത്. മുന്നണിക്കുള്ളിലും ഐക്യം പ്രകടമായിരുന്നു. വലിയ വിജയ സാധ്യത പ്രകടിപ്പിച്ച ബി ജെ പിക്ക് കരുതിയയത്ര ഉയരാനായില്ല.

പാലക്കാട്:88 ഗ്രാമപഞ്ചായത്തുകളില്‍ 68 എണ്ണത്തില്‍ എല്‍ ഡി എഫ് വിജയം നേടി. കഴിഞ്ഞ തവണ അമ്പത് സീറ്റുകളായിരുന്നു നേടിയത്. 2010 ല്‍ 41 സീറ്റുകള്‍ നേടിയ യു ഡി എഫ് ഇത്തവണ 19 ലേക്ക് ചുരുങ്ങി. ബി ജെ പിക്ക് ഇത്തവണയും പഞ്ചായത്തുകളിലും ജില്ലാ, ബ്ലോക്കുകളിലും സീറ്റ് നേടാന്‍ സാധിച്ചില്ലെങ്കിലുംവാര്‍ഡുകളിലും നഗരസഭകളിലും ബി ജെ പി- എസ് എന്‍ ഡി പി സഖ്യം സാന്നിധ്യം അറിയിച്ചു. നഗരസഭകളില്‍ പാലക്കാട് ബി ജെ പിക്ക് 24 സീറ്റ് ലഭിച്ച് ഒറ്റകക്ഷിയായെങ്കിലും യു ഡി എഫിന്റെയും എല്‍ ഡി എഫിന്റെയും സ്വതന്ത്രരുടെ നിലപാട് നിര്‍ണായകമാണ്. ചിറ്റൂരില്‍ യു ഡി എഫും ഷൊര്‍ണൂരിലും ഒറ്റപ്പാലത്തും എല്‍ ഡി എഫും ഭരണം നിലനിര്‍ത്തി. പുതുതായി രൂപവത്കരിച്ച ചെര്‍പ്പുളശ്ശേരിയിലും പട്ടാമ്പിയിലും മണ്ണാര്‍ക്കാടും യു ഡി എഫിനാണ്ഭരണം ലഭിച്ചത്. ജില്ലാപഞ്ചായത്തില്‍ എല്ലായ്‌പോഴും തുടരുന്ന എല്‍ ഡി എഫിന്റെ മേല്‍ക്കോയ്മ ഇത്തവണയും ശക്തമായി തന്നെ ഉണ്ടായിരുന്നു. ജില്ലാ പഞ്ചായത്തിന്റെ 30 സീറ്റുകളില്‍ എല്‍ ഡി എഫ് 27 സീറ്റ് നേടി. യു ഡി എഫിന് മൂന്ന് സീറ്റുകള്‍ മാത്രമാണ് നേടാനായത്. ജില്ലയിലെ 13 ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ ഡി എഫ് വ്യക്തമായ ഭൂരിപക്ഷം നേടി. 11 സീറ്റാണ് ലഭിച്ചത്. കഴിഞ്ഞ തവണ അഞ്ച് സീറ്റുകള്‍ ഉണ്ടായിരുന്ന യു ഡി എഫ് ഇത്തവണ രണ്ട് സീറ്റുകളിലേക്ക് പരിമിതപ്പെട്ടു. ബി ജെ പിക്ക് ഒന്നും നേടാന്‍ കഴിഞ്ഞില്ല. വടകരപ്പതിയില്‍ ആര്‍ ബി സി കനാല്‍ മുന്നണി എട്ട് സീറ്റ് നേടിയും കൊഴിഞ്ഞമ്പാറ മൂന്ന്, ഏഴ് വാര്‍ഡുകളിലും എരുത്തേമ്പതി ഏഴാം വാര്‍ഡിലും എ ഐ ഡി എം കെ വിജയിച്ചത് ശ്രദ്ധേയമായി.

മലപ്പുറം:ഇടതുപക്ഷത്തിന്റെ അപ്രതീക്ഷിത കടന്നു കയറ്റത്തില്‍ മലപ്പുറത്തെ മുസ്‌ലിംലീഗിന്റെ കോട്ടകള്‍ പലതും വിറച്ചുവീണു. 94 ഗ്രാമപഞ്ചായത്തുകളില്‍ 61 ഇടത്ത് യു ഡി എഫ് വിജയിച്ചപ്പോള്‍ എല്‍ ഡി എഫ് 27 പഞ്ചായത്തുകളില്‍ അധികാരത്തിലെത്തി. അഞ്ചിടത്ത് എല്‍ ഡി എഫ് പിന്തുണയോടെ സ്വതന്ത്രന്‍മാരും വിജയിച്ചു. കഴിഞ്ഞ തവണയുണ്ടായിരുന്ന നൂറ് പഞ്ചായത്തുകളില്‍ 92ലും യു ഡി എഫ് ഭരിച്ചിടത്താണ് ഇത്തവണ വന്‍ പരാജയമുണ്ടായിരിക്കുന്നത്.
പതിറ്റാണ്ടുകളായി മുസ്‌ലിംലീഗ് ഭരിച്ചിരുന്ന പഞ്ചായത്തുകളും എല്‍ ഡി എഫ് പിടിച്ചെടുത്തു. പുതിയ നഗരസഭകളായ കൊണ്ടോട്ടിയിലും പരപ്പനങ്ങാടിയിലും ലീഗിന് അടിതെറ്റി. ഇടതുപക്ഷവും കോണ്‍ഗ്രസും ചേര്‍ന്നുള്ള ജനകീയ, മതേതര വികസന മുന്നണിക്കാണ് ഇവിടെ വിജയം. പെരിന്തല്‍മണ്ണ എല്‍ ഡി എഫ് നില നിര്‍ത്തിയപ്പോള്‍ പൊന്നാനി, തിരൂര്‍ നഗരസഭകള്‍ എല്‍ ഡി എഫ് തിരിച്ചുപിടിച്ചു. ജില്ലാപഞ്ചായത്തിലും എല്‍ ഡി എഫ് നില മെച്ചപ്പെടുത്തി.
കഴിഞ്ഞ തവണ 32 ഡിവിഷനുകളില്‍ രണ്ടിടത്ത് മാത്രമാണ് എല്‍ ഡി എഫിന് വിജയിക്കാനായതെങ്കില്‍ ഇത്തവണയത് അഞ്ചായി ഉയര്‍ത്തി. എന്നാല്‍ 15 ബ്ലോക്ക് പഞ്ചായത്തുകളില്‍ 13 ഇടത്തും യു ഡി എഫിനാണ് വിജയം. എല്‍ ഡി എഫിന് രണ്ടിടത്ത് മാത്രമേ വിജയിക്കാനായുള്ളൂ. മലപ്പുറത്തെ യു ഡി എഫിലെ പ്രശ്‌നങ്ങളാണ് തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് കാരണമായത്. ബി ജെ പിക്ക് എവിടെയും ഭരണത്തിലെത്താന്‍ സാധിച്ചില്ലെങ്കിലും താനൂര്‍ നഗരസഭയില്‍ പ്രതിപക്ഷമാകാന്‍ കഴിഞ്ഞു.

കോഴിക്കോട്:ജില്ലയിലെ ചുവപ്പന്‍ ആധിപത്യത്തിന് മാറ്റമില്ല. ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, ജില്ലാ- ബ്ലോക്ക് പഞ്ചായത്തുകള്‍ കോര്‍പറേഷന്‍ എന്നിവിടങ്ങള്‍ ശക്തമായ ഭൂരിഭക്ഷത്തോടെ എല്‍ ഡി എഫ് തൂത്തുവാരി. പരമ്പരാഗത ന്യൂനപക്ഷ വോട്ടുകളിലുണ്ടായ വിള്ളലും ഭരണവിരുദ്ധ വികാരവും മുന്നണിയിലെ അനൈക്യവുമാണ് യു ഡി എഫിന് പലയിടത്തും തിരിച്ചടിയായത്. കസ്തൂരി രംഗന്‍ വിഷയത്തില്‍ കടുത്ത സമരങ്ങള്‍ നടന്ന ജില്ലയിലെ മലയോര മേഖലയിലെ ഭൂരിഭാഗം പഞ്ചായത്തുകളും എല്‍ ഡി എഫ് കരസ്ഥമാക്കി.
ഭരണം നേടാനായില്ലെങ്കിലും ജില്ലയിലെ നിരവധി വാര്‍ഡുകള്‍ കരസ്ഥമാക്കി ബി ജെ പി ശക്തി തെളിയിച്ചു. എല്‍ ഡി എഫ് വോട്ടുകള്‍ ബി ജെ പിയിലേക്ക് ചോരുമെന്ന് പറയപ്പെട്ടിരുന്നെങ്കിലും യു ഡി എഫിനാണ് കാര്യമായ ചോര്‍ച്ചയുണ്ടായത്. എസ് എന്‍ ഡി പി, എസ് ഡി പി ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ആം ആദ്മി തുടങ്ങിയ പാര്‍ട്ടികളെല്ലാം ദയനീയമായി പരാജയപ്പെട്ടു. മുസ്‌ലിംലീഗിന്റെ ശക്തി കേന്ദ്രങ്ങളിലും യു ഡി എഫിന് തിരിച്ചടി നേരിട്ടു. 18 സീറ്റ് നേടി ഇരുമുന്നണിയും ഒപ്പമെത്തുകയും ബി ജെ പി ഒരു സീറ്റ് നേടുകുകയും ചെയ്ത ഫറോക്ക് നഗരസഭയില്‍ ഒരു വാര്‍ഡിലെ ഫലം വോട്ടിംഗ് മെഷീനിലെ തകരാറിനെ തുടര്‍ന്ന് പ്രഖ്യാപിക്കാന്‍ കഴിഞ്ഞില്ല. ഫറോക്ക് ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്ന ഈ വാര്‍ഡില്‍ റീ പോളിംഗ് വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധേയമായ ഒഞ്ചിയം ഗ്രാമപഞ്ചായത്തില്‍ സി പി എം വലിയ ഒറ്റകക്ഷിയായി. ഏഴ് വാര്‍ഡില്‍ വിജയിച്ചപ്പോള്‍ ആര്‍ എം പി ആറിലും യു ഡി എഫ് നാലിലുമാണ് വിജയിച്ചത്.

വയനാട്:വയനാട്ടില്‍ ജില്ലാ പഞ്ചായത്തില്‍ 16 ഡിവിഷനുകളില്‍ 11 സീറ്റ് യു ഡി എഫും അഞ്ച് സീറ്റ് എല്‍ ഡി എഫും നേടി. ആകെയുള്ള നാല് ബ്ലോക്ക് പഞ്ചായത്തുകളില്‍ മൂന്ന് സീറ്റ് യു ഡി എഫിനും ഒരു സീറ്റ് എല്‍ ഡി എഫിനും ലഭിച്ചു. നാല് മുനിസിലാറ്റികളില്‍ കല്‍പ്പറ്റയില്‍ യു ഡി എഫ് 15 ഉം എല്‍ ഡി എഫ് 12 ഉം സീറ്റുകള്‍ നേടി. ഒരു സ്വതന്ത്രനും വിജയിച്ചു.
സുല്‍ത്താന്‍ ബത്തേരിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഇരുമുന്നണികളും തുല്യനിലയിലെത്തുകയായിരുന്നു. 35 വാര്‍ഡുകളുള്ള മുനിസിപ്പാലിറ്റിയില്‍ 17 വീതം യു ഡി എഫും എല്‍ ഡി എഫും നേടി. ഒരു സീറ്റ് നേടിയ ബി ജെ പിയുടെ പിന്തുണ വേണ്ടെന്ന നിലപാടിലാണ് ഇരുമുന്നണികളും. ഇതോടെ ബത്തേരി മുനിസിപ്പാലിറ്റിയിലെ ഭരണം അനിശ്ചിതത്വത്തിലാകും.
മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ എല്‍ ഡി എഫ് 36ല്‍ 20ഉം നേടി. 15 ഡിവിഷനില്‍ യു ഡി എഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ഒരു സി പി എം റിബല്‍ സ്ഥാനാര്‍ഥിയും വിജയിച്ചിട്ടുണ്ട്. മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളില്‍ സുല്‍ത്താന്‍ ബത്തേരി മാത്രമാണ് ഒരു സീറ്റ് വ്യത്യാസത്തില്‍ എല്‍ ഡി എഫിന് ലഭിച്ചത്. 23 ഗ്രാമപഞ്ചായത്തുകളില്‍ 12 എല്‍ ഡി എഫും എട്ട് യു ഡി എഫിനും ലഭിച്ചു. വെങ്ങപ്പള്ളിയിലും മുട്ടിലിലും വൈത്തിരിയിലും യു ഡി എഫ്, എല്‍ ഡി എഫ് മുന്നണികള്‍ തുല്യസീറ്റുകള്‍ പങ്കിട്ടു. ജില്ലയില്‍ റിബലും മറ്റും കാരണം കോണ്‍ഗ്രസിനാണ് ഏറ്റവും ക്ഷീണം സംഭവിച്ചത്. ബി ജെ പി പല സ്ഥലങ്ങളിലും നിര്‍ണായക ശക്തിയായിട്ടുണ്ട്.

കണ്ണൂര്‍:തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ കോട്ടകളില്‍ കനത്ത വിള്ളല്‍ സൃഷ്ടിച്ച് ഇടതുമുന്നണി നേടിയത് വ്യക്തമായ മേല്‍ക്കൈ. യു ഡി എഫിന് തികഞ്ഞ ആത്മവിശ്വാസം നല്‍കിയ കണ്ണൂര്‍ കോര്‍പറേഷനില്‍ 27 വീതം സീറ്റുകള്‍ നേടി ഇടത്- വലത് മുന്നണികള്‍ തുല്യനിലയിലാണ്. കോണ്‍ഗ്രസ് വിമതനായി മത്സരിച്ച പി കെ രാഗേഷിന്റെ നിലപാടിനെ ആശ്രയിച്ചിരിക്കും കണ്ണൂര്‍ കോര്‍പറേഷന്‍ ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത്. എട്ട് നഗരസഭകളില്‍ നാല് വീതം ഇരുമുന്നണികളും നേടിയപ്പോള്‍ 11 ബ്ലോക്ക് പഞ്ചായത്തുകള്‍ എല്‍ ഡി എഫ് കൈയടക്കി. ജില്ലാ പഞ്ചായത്തിലെ 24 ഡിവിഷനുകളില്‍ 15 എണ്ണത്തിലും എല്‍ ഡി എഫ് വിജയിച്ചു. ആകെയുള്ള 71 ഗ്രാമപഞ്ചായത്തുകളില്‍ 52 പഞ്ചായത്തുകളിലും എല്‍ ഡി എഫിനാണ് ഭരണം. പയ്യന്നൂര്‍, ആന്തൂര്‍, കൂത്തുപറമ്പ്, തലശ്ശേരി എന്നിവിടങ്ങളാണ് എല്‍ ഡി എഫ് വിജയിച്ച നഗരസഭകള്‍. ഇതില്‍ ആന്തൂര്‍ പ്രതിപക്ഷമില്ലാത്ത നഗരസഭയായി. തളിപ്പറമ്പ്, പുതുതായി രൂപവത്കരിച്ച ശ്രീകണ്ഠാപുരം, പാനൂര്‍, ഇരിട്ടി എന്നീ നഗരസഭകളാണ് യു ഡി എഫിനൊപ്പം നിന്നത്. പയ്യന്നൂര്‍, കല്യാശ്ശേരി, തളിപ്പറമ്പ്, ഇരിക്കൂര്‍, കണ്ണൂര്‍, എടക്കാട്, തലശ്ശേരി, കൂത്തുപറമ്പ്, പാനൂര്‍, ഇരിട്ടി, പേരാവൂര്‍ എന്നീ ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ ഡി എഫ് വന്‍ വിജയം നേടി. നിലവില്‍ യു ഡി എഫ് ഭരിച്ചിരുന്ന കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് എല്‍ ഡി എഫ് പിടിച്ചെടുക്കുകയായിരുന്നു. 2010ല്‍ 81 പഞ്ചായത്തുകള്‍ ഉണ്ടായിരുന്നപ്പോള്‍ 56 പഞ്ചായത്തുകളിലെ ഭരണം എല്‍ ഡി എഫിനായിരുന്നു. ഇത്തവണ 71 പഞ്ചായത്തില്‍ 52 എണ്ണം എല്‍ ഡി എഫ് നേടി.

കാസര്‍കോട്:ജില്ലയിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമായിരുന്നു. എന്നാല്‍ ഫലം പുറത്തുവന്നപ്പോള്‍ മുന്നണികളുടെ കണക്കുകൂട്ടലുകള്‍ക്കും പ്രതീക്ഷകള്‍ക്കും അപ്പുറത്തായി യാഥാര്‍ഥ്യങ്ങള്‍. ഒരു പക്ഷത്തേക്കും പ്രത്യേകിച്ച് ചായ്‌വില്ലാതെയാണ് കാസര്‍കോട്ടെ ജനമനസ്സ് വിധിയെഴുതിയതെന്ന് വ്യക്തമാകുന്നതാണ് ഫലം.
നാളിതുവരെ ഇടതുമുന്നണിയും യു ഡി എഫും കുത്തകയാക്കിവെച്ച പല സീറ്റുകളും കൈവിട്ടുപോകുന്ന കാഴ്ചയാണുണ്ടായത്. എല്‍ ഡി എഫ് ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഭരണം അവര്‍ക്ക് നഷ്ടപ്പെട്ടു. യു ഡി എഫില്‍ നിന്ന് കാഞ്ഞങ്ങാട് നഗരസഭാ ഭരണം പിടിച്ചെടുക്കാന്‍ സാധിച്ചുവെന്നതാണ് എല്‍ എഫിനെ സംബന്ധിച്ചിടത്തോളം എടുത്ത് പറയാവുന്ന നേട്ടം. കാസര്‍കോട് നഗരസഭ മുസ്‌ലിം ലീഗ് നിലനിര്‍ത്തിയെങ്കിലും കഴിഞ്ഞതവണത്തേക്കാള്‍ ഒരു സീറ്റ് കുറഞ്ഞതും അതേസമയം ലീഗ് റിബലുകളായ മൂന്ന് പേര്‍ വിജയിച്ചതും നേതൃത്വത്തെ അമ്പരപ്പിച്ചു.
ജില്ലാ പഞ്ചായത്തില്‍ കഴിഞ്ഞതവണ ഒമ്പത് സീറ്റാണ് ഇടതുമുന്നണിക്കുണ്ടായിരുന്നതെങ്കില്‍ ഇത്തവണ അത് ഏഴ് സീറ്റായി കുറയുകയാണുണ്ടായത്. കാസര്‍കോട് നഗരസഭയില്‍ 14 ഉം ജില്ലാ പഞ്ചായത്തില്‍ രണ്ടും കാഞ്ഞങ്ങാട് നഗരസഭയില്‍ അഞ്ചും സീറ്റുകള്‍ നേടി ബി ജെ പി തങ്ങളുടെ ശക്തി തെളിയിച്ചത് ഇരുമുന്നണികളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. 27 വര്‍ഷമായി തങ്ങള്‍ കൈവശം വെച്ചിരുന്ന ഉദുമ പഞ്ചായത്ത് യു ഡി എഫ് പിടിച്ചെടുത്തത് എല്‍ ഡി എഫിന് കനത്ത ആഘാതമായിട്ടുണ്ട്.