Connect with us

Kasargod

മുന്നണികളില്‍ അടിയൊഴുക്ക്; കാസര്‍കോടും മാറുന്നു

Published

|

Last Updated

കാസര്‍കോട്: കാസര്‍കോട് ജില്ലയുടെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിവരുന്നതിന്റെ വ്യക്തമായ സൂചനയാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. കണക്കുകൂട്ടലുകള്‍ അസ്ഥാനത്താക്കി എല്‍ ഡി എഫിലും യു ഡി എഫിലും അടിയൊഴുക്കുകള്‍ ശക്തമാകുകയാണെന്ന് മുന്നണികളുടെ ശക്തികേന്ദ്രങ്ങളിലുണ്ടായ വോട്ടുചോര്‍ച്ച വ്യക്തമാക്കുന്നു. ഈ വോട്ടുകള്‍ ബി ജെ പിയെ സംബന്ധിച്ചിടത്തോളം നേട്ടമായി മാറുകയും ചെയ്തു. സി പി എമ്മിന് തിരിച്ചടി നേരിട്ട പഞ്ചായത്തുകളിലാണ് ബി ജെ പി മുന്നേറ്റം നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ സ്വാധീന മേഖലയിലും ബി ജെ പി സാന്നിധ്യമറിയിച്ചു.
സി പി എമ്മിന്റെ ഉരുക്കുകോട്ടയായ കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് ഇക്കുറി കൈവിട്ടതും ജില്ലാ പഞ്ചായത്ത് ഭരണം യു ഡി എഫ് തിരിച്ചുപിടിച്ചതും 27 വര്‍ഷക്കാലം കൈവശം വെച്ച ഉദുമ പഞ്ചായത്ത് ഭരണം നഷ്ടമായതും ഇടതു മുന്നണിക്ക് ഉണ്ടാക്കിയ ആഘാതം ചെറുതല്ല. കുറ്റിക്കോല്‍ പഞ്ചായത്തില്‍ 16 സീറ്റുകളില്‍ ഏഴും നേടി ഇടതുമുന്നണി വലിയ ഒറ്റക്കക്ഷിയായെങ്കിലും ഭരണം നടത്തുന്നതിനുള്ള കേവല ഭൂരിപക്ഷം ഇല്ലാത്തത് നേതൃത്വത്തെ അമ്പരപ്പിച്ചു. കഴിഞ്ഞ തവണ ഒരു സീറ്റിലൊതുങ്ങിയിരുന്ന ബി ജെ പിക്ക് ഇത്തവണ മൂന്ന്‌സീറ്റുകളാണ് പഞ്ചായത്തില്‍ ലഭിച്ചത്. സി പി എമ്മിന്റെ ശക്തിദുര്‍ഗമായ ബേത്തലവും കോണ്‍ഗ്രസിന്റെ തട്ടകമായ ചൂരിത്തോടുമാണ് ബി ജെ പി പിടിച്ചടക്കിയത്. ബന്തടുക്ക ടൗണ്‍ വാര്‍ഡ് നിലനിര്‍ത്തുകയും ചെയ്തു. സി പി എം സ്ഥാനാര്‍ഥികള്‍ വിജയിച്ച പല വാര്‍ഡുകളിലും നാമമാത്ര ഭൂരിപക്ഷമാണ് ലഭിച്ചത്. ഇവിടങ്ങളില്‍ ബി ജെ പിക്ക് വോട്ട് കൂടിയിട്ടുണ്ട്. അടിയൊഴുക്കുകള്‍ വിചാരിച്ചതിനെക്കാള്‍ ശക്തമാണെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.
27 വര്‍ഷത്തെ ഭരണത്തിന് ശേഷം ഇക്കുറി ഉദുമ പഞ്ചായത്ത് നഷ്ടമായതിലെ തിരിച്ചടിയില്‍ ആകെ തളര്‍ന്നിരിക്കുകയാണ് ഇടതു മുന്നണി. ആകെയുള്ള 21 സീറ്റില്‍ 11ഉം നേടി യു ഡി എഫ് വിജയിക്കുകയും എല്‍ ഡി എഫ് 10 സീറ്റുകളില്‍ ഒതുങ്ങുകയും ചെയ്തു. ഐ എന്‍ എല്ലിന്റെ രണ്ട് സീറ്റുകള്‍ കൂടി ഉള്‍പ്പെട്ടാണ് ഇടതു മുന്നണിയുടെ 10 സീറ്റുകള്‍.
ഉദുമയിലും സി പി എം വോട്ടുകളില്‍ കനത്ത വിള്ളലുകളാണുണ്ടായത്. ഈ വോട്ടുകള്‍ ബി ജെ പിക്ക് മറിഞ്ഞപ്പോള്‍ യു ഡി എഫിനത്. അത് വിജയിക്കാനുള്ള അവസരമായി മാറുകയും ചെയ്തു. കാഞ്ഞങ്ങാട് നഗരസഭയിലും മടിക്കൈ, കോടോം ബേളൂര്‍ പഞ്ചായത്തുകളിലും സിപി എം ശക്തിദുര്‍ഗങ്ങളില്‍ അടിയൊഴുക്കുകള്‍ ഉണ്ടായിട്ടുണ്ട്. കാസര്‍കോട്- കാഞ്ഞങ്ങാട് നഗരസഭകളില്‍ ലീഗിന്റെ വോട്ടുകളില്‍ മുമ്പില്ലാത്ത വിധമാണ് ചോര്‍ച്ചയുണ്ടായത്. കാഞ്ഞങ്ങാട് നഗരസഭയില്‍ കോണ്‍ഗ്രസിന്റെ വോട്ടുകളും മറിഞ്ഞു.

Latest