Connect with us

International

ഗാസ കടുത്ത ജലക്ഷാമത്തില്‍

Published

|

Last Updated

ഗാസാ സിറ്റി: ഗാസ നഗരത്തിലെ ലക്ഷക്കണക്കിന് പേര്‍ കടുത്ത ജലക്ഷാമത്തില്‍. പതിറ്റാണ്ടുകള്‍ നീണ്ട ഇസ്‌റാഈല്‍ അധിനിവേശത്തില്‍ ജലസംഭരണികള്‍ ഭൂരിഭാഗവും തകര്‍ന്നിരിക്കുകയാണ്. 2008 മുതല്‍ ഗാസയില്‍ മൂന്ന് തവണ ഇസ്‌റാഈല്‍ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. ഗാസാ മുനമ്പിലെ മുഴുവന്‍ മേഖലകളും ജെറ്റ് വിമാനങ്ങളുടെ ആക്രമണങ്ങള്‍ക്കിരയായതോടെ ഇവിടങ്ങളിലുള്ള ജലസംഭരണികളും പൂര്‍ണമായും തകര്‍ക്കപ്പെട്ടിരിക്കുകയാണ്. ജലസംഭരണികള്‍ക്ക് പുറമെ ഭൂമിക്കടിയിലൂടെ പോകുന്ന വെള്ളത്തിന്റെ പൈപ്പുകളും വ്യാപകമായി തകര്‍ക്കപ്പെട്ടു. ഗാസയിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കുള്ള ജലസംവിധാനങ്ങള്‍ പോലും യുദ്ധങ്ങളില്‍ ഇസ്‌റാഈല്‍ സൈന്യം തകര്‍ത്തിട്ടുണ്ടെന്നും ഇവ പ്രത്യേകമായി സംരക്ഷിക്കപ്പെടല്‍ ഇപ്പോള്‍ വളരെയേറെ അനിവാര്യമായിരിക്കുകയാണെന്നും നോര്‍വീജിയന്‍ റെഫ്യൂജി കൗണ്‍സില്‍ (എന്‍ ആര്‍ സി) കോ ഓര്‍ഡിനേറ്റര്‍ ഗദാ അല്‍നജ്ജാര്‍ അഭിപ്രായപ്പെട്ടു.
നേരത്തെയും ഗാസ നഗരം വരള്‍ച്ചയുടെ പിടിയിലായിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇസ്‌റാഈല്‍ സൈന്യം നടത്തിയ 50 ദിവസം നീണ്ടുനിന്ന ആക്രമണങ്ങളില്‍ 34 മില്യണ്‍ ഡോളര്‍ വരുന്ന നാശനഷ്ടങ്ങളാണ് ഇവിടുത്തെ ജലസംഭരണികള്‍ക്ക് വരുത്തിവെച്ചത്. അടുത്തിടെ പുനര്‍നിര്‍മാണം നടത്തിയ അല്‍ മുന്‍താര്‍ ജലസംഭരണി വരെ കഴിഞ്ഞ വര്‍ഷത്തെ ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു.
വെള്ളത്തിന്റെ അഭാവം ശക്തമായതോടെ കിട്ടുന്ന വെള്ളം നിത്യോപയോഗങ്ങള്‍ക്ക് വേണ്ടി പ്രയോജനപ്പെടുത്തുകയാണ് ഇവിടുത്തുകാര്‍. ഇത് പലപ്പോഴും കോളറ പോലുള്ള രോഗങ്ങള്‍ക്ക് ഇടവരുത്തുന്നു. വെള്ളത്തിലെ ക്ലോറൈഡിന്റെ അളവ് ലോകാരോഗ്യ സംഘടന പറയുന്ന കണക്കിനേക്കാള്‍ എത്രയോ അധികമാണ്.

---- facebook comment plugin here -----

Latest