Connect with us

National

ബി ജെ പിയുടെ തന്ത്രങ്ങള്‍ മുഴുവന്‍ പാളി; ബീഹാര്‍ വിധിയെഴുതിയത് വര്‍ഗീയതക്കെതിരെ

Published

|

Last Updated

ന്യൂഡല്‍ഹി: പശുവും ഒന്നര ലക്ഷം കോടിയുടെ കേന്ദ്ര സഹായവും വോട്ടായി മാറാത്ത ബീഹാറില്‍ ആര്‍ എസ് എസിന്റെ മേല്‍നോട്ടത്തില്‍ പടനയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ തന്ത്രങ്ങള്‍ക്കും എന്‍ ഡി എ സഖ്യത്തിനെ കരകയറ്റാനായില്ല. സംഘ് പരിവാറിന്റെ അസഹിഷ്ണുതാ രാഷ്ട്രീയത്തിന് ഇന്ത്യന്‍ മണ്ണില്‍ വേരോട്ടം ലഭിക്കില്ലെന്ന് വ്യക്തമായ സൂചനയാണ് ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്.
ബിഹാറില്‍ ഭരണത്തിലിരിക്കുന്ന നിതീഷ് കുമാറിനെ നേരിടാന്‍ ബി ജെ പി ഇറങ്ങുമ്പോള്‍ പകരക്കാരനായി ഒരു നേതാവിനെ ഉയര്‍ത്തിക്കാട്ടാതെ നരേന്ദ്രമോദി തന്നെയാണ് ബി ജെ പിക്ക് വേണ്ടി പട നയിച്ചത്. ഒന്നര ലക്ഷം കോടി രൂപയുടെ ബിഹാര്‍ പാക്കേജ് പ്രഖ്യാപിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബീഹാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. ജാതി രാഷ്ട്രീയം മേല്‍കൈ നേടിയ ബിഹാറില്‍ മുന്നോക്കക്കാരുടെ വോട്ടുകൊണ്ട് മാത്രം ജയിക്കാനാകില്ലെന്ന് ബോധ്യമായിരുന്ന അമിത് ഷായും മോദിയും വളരെ കരുതലോടെയാണ് ഇവിടെ കരുക്കള്‍ നീക്കിയത്.
പിന്നാക്ക വോട്ടുകള്‍ തങ്ങളുടെ പെട്ടിയിലെത്തിക്കാന്‍ നിതീഷ് കുമാറുമായി വഴിപിരിഞ്ഞ ജിതിന്‍ റാം മഞ്ജിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയെ കൂട്ടുപിടിച്ച് അതുവഴി മഹാദളിത് വോട്ടും, രാംവിലാസ് പാസ്വന്റെ എല്‍ ജെ പിയിലൂടെ ആ വിഭാഗത്തിന്റെയും അദ്ദേഹത്തിന്റെ മുസ്‌ലിം വോട്ട് ബേങ്കും ഉപേന്ദ്ര കുശവാഹയുടെ ആര്‍ എല്‍ എസ് പി പാളയത്തിലെത്തിച്ച് വോട്ട് ബോങ്ക് വിപുലമാക്കിയുമാണ് ബി ജെ പി അങ്കത്തിന് കച്ച മുറുക്കിയത്. അടിസ്ഥാന പരമായി വോട്ട് ബേങ്കുകള്‍ തങ്ങള്‍ക്കനുകൂലമാക്കിയ ശേഷം ലാലുവിനും നിതീഷിനുമെതിരെ നെഗറ്റീവ് പ്രചാരണത്തിലൂടെ രംഗം പിടിക്കാനായിരുന്നു അമിത്ഷായുടെ തന്ത്രം.
താഴെക്കിടയില്‍ ജാതീയതയും വര്‍ഗീയതയും പ്രചാരണായുധമാക്കിയ ബി ജെ പി ഉപരിതലത്തില്‍ വികസനമാണ് പ്രചാരണ ബിന്ദുവെന്ന് ധ്വനിപ്പിക്കും വിധമാണ് രംഗം വാണത്. ബിഹാറിന്റെ വികസനത്തിന് ബി ജെ പിക്ക് വോട്ട് ചെയ്യൂവെന്നായിരുന്നു മോദിയുടെയും ബി ജെ പിയുടെയും ആദ്യഘട്ട പ്രചാരണം. എന്നാല്‍ ജാതി ഘടകവും, നിതീഷിന്റെ വ്യക്തിപ്രഭാവവും മറികടക്കുക എളുപ്പമല്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് പശുവും അതുമായി ബന്ധപ്പെട്ട അസഹിഷ്ണുതയും ബീഹാറില്‍ പ്രചാരണ വിഷയമായി കടന്നുവരുന്നത്. യു പിയിലെ ദാദ്രി സംഭവം വലിയ പ്രചാരണമാക്കി അവതരിപ്പിച്ചതിലൂടെ ലാലുവിന്റൈ പ്രധാന വോട്ട്‌ബേങ്കായ പശുപാലക യാദവരുടെ വോട്ടുകളിലായിരുന്നു ബി ജെ പിയുടെ കണ്ണ്. എന്നാല്‍ പശുവിനും ഇവിടെ ബി ജെ പിയെ രക്ഷിക്കാനായില്ലെന്നതാണ് വസ്തുത.
ഇതോടൊപ്പം ദാദ്രി സംഭവത്തിനെതിരെ രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധവും, ഫരീദാ ബാദിലെ ദളിത് കൂട്ടക്കൊലയും ഇതുമായി ബന്ധപ്പെട്ട ബി ജെ പി നേതാക്കളുടെ വിവാദ പരാമര്‍ശങ്ങളും, സംവരണം പുനഃപരിശോധിക്കണമെന്ന ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭാഗവത്തിന്റെ പരാമര്‍ശവും ബീഹാറി ജനതയെ ബി ജെ പിക്ക് എതിരാക്കി. പിന്നീട് ദാദ്രി സംഭവത്തിലും ദളിത് കൂട്ടക്കൊലയിലും മോദിയുടെ തന്നെ പ്രതികരണവും ബി ജെ പി സംവരണത്തില്‍ കൈവെക്കില്ലെന്ന ഉറപ്പും പക്ഷേ ബീഹാര്‍ ജനത വിശ്വാസത്തിലെടുത്തില്ല. ഇതിനിടെ നിതീഷിന്റെ ഡി എന്‍ എ പരിശോധിക്കണമെന്ന മോദിയുടെ പ്രസ്താവനയും ബീഹാറികളുടെ ക്ഷമ പരിശോധിക്കുന്നതായി. ഇതെല്ലാം ബി ജെ പിയുടെ പരാജയത്തിന്റെ ആഘാതം വര്‍ധിച്ചു.
അവസാന ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന മുസ്‌ലിം ഭൂരിപക്ഷമുള്ള സീമാഞ്ചല്‍ മേഖലയില്‍ ഹിന്ദുവോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ട് അമിത് ഷാ നടത്തിയ വര്‍ഗീയ നീക്കവും വിജയം കണ്ടില്ല. ബിഹാറില്‍ ബി ജെ പി തോറ്റാല്‍ പാക്കിസ്ഥാനില്‍ പടക്കം പൊട്ടുമെന്ന പ്രയോഗത്തിലൂടെ ഹൈന്ദവവോട്ട് ഏകീകരിക്കാനുള്ള വര്‍ഗീയ നീക്കവും ഒപ്പം പശുവുമായി ഒരു പെണ്‍കുട്ടി നില്‍ക്കുന്ന ചിത്രവുമായി വന്ന പത്രപരസ്യവും ബി ജെ ക്ക് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തത്.
ഹിന്ദുക്കളെ പ്രകോപിപ്പിക്കാനായി ആ പരസ്യത്തില്‍ എന്തുവന്നാലും താന്‍ ബീഫ് കഴിക്കുമെന്ന കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ളവരുടെ പ്രസ്താവനകളും ചേര്‍ത്തിരുന്നുവെങ്കിലും ഇത് തിരിച്ചറിയാനുള്ള മതേതര ബോധം ബീഹാറികള്‍ നേടിക്കഴിഞ്ഞിരുന്നു.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest