Connect with us

National

'ലാലു'ഹിന്ദുത്വ തേരിന്റെ ചക്രം തകര്‍ത്ത നായകന്‍

Published

|

Last Updated

പാറ്റ്‌ന: ലാലു പ്രസാദ് യാദവ്. വിചിത്രമെന്നും സരസമെന്നും ഒരു പോലെ വിലയിരുത്തപ്പെട്ട പെരുമാറ്റ ശൈലി. വിമര്‍ശിക്കുമ്പോള്‍ അത് ആരെയായാലും അതിരൂക്ഷം. പരിഹസിക്കുമ്പോള്‍ കുറിക്കു കൊള്ളുന്ന വാക്പ്രയോഗം. പഴഞ്ചനെന്ന് വിളിച്ചവര്‍ തന്നെ ഇന്ത്യന്‍ റെയില്‍വേയില്‍ നടത്തിയ മാജിക്കിന്റെ പേരില്‍ വാഴ്ത്തു പാട്ടുകള്‍ പാടി.
ജാതി രാഷ്ട്രീയത്തിന്റെ മര്‍മമറിഞ്ഞ നേതാവായ ഈ ഗോപാല്‍ഗഞ്ചുകാരന്‍ ഇന്ന് ഹിന്ദുത്വത്തേരിന്റെ ചക്രം തകര്‍ത്ത നായകനായിരിക്കുന്നു. മക്കളെയും ഭാര്യയെയും രാഷ്ട്രീയത്തില്‍ ഇറക്കി അധികാരം കുടുംബസ്വത്താക്കി മാറ്റിയെന്ന് ആക്ഷേപിക്കുന്നവരെല്ലാം ലാലുവിന്റെ ഒരു ഗുണം അഭിപ്രായവ്യത്യാസമേതുമില്ലാതെ അംഗീകരിക്കും. മതനിരപേക്ഷതയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും വര്‍ഗീയതയോടുള്ള സന്ധിയില്ലാത്ത സമരവുമാണത്. എല്‍ കെ അദ്വാനിയുടെ രഥയാത്ര സമസ്തിപുരില്‍ തടഞ്ഞത് മാത്രം മതി ലാലുവിന്റെ ഈ പ്രതിബദ്ധതക്ക് തെളിവ്.
മഹാസഖ്യം ബീഹാറില്‍ ബി ജെ പിക്ക് മേല്‍ മഹത്തായ വിജയം പ്രഖ്യാപിക്കുമ്പോള്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരിക്കുന്നത് ലാലുവിന്റെ രാഷ്ട്രീയ ജനതാദള്‍ ആണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി നിതീഷും ബി ജെ പിയുമെല്ലാം അടക്കിവാണ ബീഹാറില്‍ നിന്ന് രാഷ്ട്രീയമായി ഏറെക്കുറെ പിഴുതെറിയപ്പെട്ടുവെന്ന് കരുതിയിടത്ത് നിന്നാണ് ലാലു ഫീനിക്‌സ് പക്ഷിയായിരിക്കുന്നത്. കാലിത്തീറ്റ കുംഭകോണം അദ്ദേഹത്തില്‍ ചാര്‍ത്തിയ അയോഗ്യതയില്‍ തളച്ചിടപ്പെട്ട ലാലുവിന്റെ അതിജീവനത്തിനായുള്ള അവസാന രാഷ്ട്രീയ കരുനീക്കങ്ങളാണ് വിജയം കണ്ടിരിക്കുന്നത്.
1990 മുതല്‍ 2004 വരെ സംസ്ഥാന മുഖ്യമന്ത്രിയും 2004 മുതല്‍ 2009വരെ യു പി എ സര്‍ക്കാറില്‍ റെയില്‍വേ മന്ത്രിയുമായിരുന്നു ലാലു. ബി ജെ പിയും നിതീഷ് കുമാറിന്റെ ജനതാദള്‍ യുവും ഒന്നിച്ച് മത്സരിച്ച കഴിഞ്ഞ തവണ 22 സീറ്റ് മാത്രമായിരുന്നു ലാലുവിന്റെ ആര്‍ ജെ ഡിയുടെ സമ്പാദ്യം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലാകട്ടെ നാല് സീറ്റും ലഭിച്ചു. മഹാസഖ്യം രൂപവത്കരണത്തിലൂടെ പോലും ലാലു കരകയറുമെന്ന് ആര്‍ക്കും പ്രവചിക്കാനാകാത്ത സ്ഥിതി. ഈ സ്ഥിതിയില്‍ മറ്റ് വഴികളൊന്നും ലാലുവിന് മുമ്പില്‍ ഉണ്ടായിരുന്നില്ല.
അങ്ങനെയാണ് അദ്ദേഹം നിതാന്ത ശത്രുവായ നിതീഷിനൊപ്പം ചേരാന്‍ തീരുമാനിച്ചത്. അപ്പോഴും അതൊരു ഗതികെട്ട നീക്കമെന്നേ വിലയിരുത്തപ്പെട്ടുള്ളൂ. ഇനി അഥവാ സഖ്യം വിജയിച്ചാലും നേട്ടം നിതീഷിനായിരിക്കുമെന്നും പ്രവചിക്കപ്പെട്ടു. ഇവിടെ നിന്നാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ആര്‍ ജെ ഡി വളരുന്നത്. ലാലു കിംഗ്മേക്കറാകുന്നതും.
അഴിമതിയുടെ പ്രതിച്ഛായയുമായി നടക്കുന്ന, ദുര്‍ബലനായ ലാലു മഹാസഖ്യത്തിന് ഒരു ബാധ്യതയാകുമെന്ന് കോണ്‍ഗ്രസ് വരെ തുടക്കത്തില്‍ കരുതിയിരുന്നുവെന്ന് വേണം വിലയിരുത്താന്‍. പക്ഷേ പ്രചാരണത്തില്‍ ലാലു തന്റെ സ്വതസിദ്ധമായ മാന്ത്രികത പുറത്തെടുത്തു. താന്‍ മാട്ടിറച്ചി കഴിക്കുമെന്ന് പ്രഖ്യാപിച്ചു. ബീഹാറിലേത് ജംഗിള്‍ രാജ് ആണെന്ന മോദിയുടെ വിമര്‍ശനത്തെ വൈകാരികമായി നേരിട്ടു. മോദിയുടെയും അമിത് ഷായുടെയുമെല്ലാം ആരോപണങ്ങള്‍ക്ക് അതേ നാണയത്തില്‍ ചുട്ട മറുപടി നല്‍കി ലാലു.
വല്ലാത്ത വിട്ടു വീഴ്ചാ മനോഭാവം അദ്ദേഹം പുറത്തെടുത്തു. കോണ്‍ഗ്രസിന് നാല്‍പ്പതിലധികം സീറ്റ് നല്‍കുന്നതിലും മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ തന്നെയായിരിക്കുമെന്നും വലിയ കക്ഷിയായാലും മുഖ്യമന്ത്രിപദത്തിന് അവകാശവാദമുന്നയിക്കാനില്ലെന്നുമുള്ള പ്രഖ്യാപനവും ഇതിന്റെ തെളിവായി. എന്നാല്‍ വിജയശ്രീലാളിതനായ ഈ യാദവ പ്രമുഖന്‍ ഈ അയഞ്ഞ സമീപനം കൈവെടിയുമോ? ആര്‍ ജെ ഡിയുടെ മുന്നേറ്റം മഹാസഖ്യത്തിലെ ടൈം ബോംബാണെന്ന് വിലയിരുത്തുന്നവര്‍ പങ്കുവെക്കുന്ന ആശങ്ക അതാണ്.