Connect with us

National

'നിതീഷ്' മഹാസഖ്യ തന്ത്രത്തിന്റെ സേനാധിപതി

Published

|

Last Updated

പാറ്റ്‌ന: നിതീഷ് കുമാര്‍ പഴയ കോണ്‍ഗ്രസുകാരനാണ്. ബീഹാര്‍ കോളജ് എന്‍ജിനീയറിംഗില്‍ നിന്ന് ഇലക്ട്രിക് എന്‍ജിനീയറിംഗില്‍ ബിരുദധാരി. സംസ്ഥാന വിദ്യുച്ഛക്തി ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരുന്നു. ഉദ്യോഗം വിട്ട് രാഷ്ട്രീയം പിടിച്ചു. മുഖ്യമന്ത്രിപദവും കേന്ദ്ര മന്ത്രിപദവും വഹിച്ചതിന്റെ ഭരണനൈപുണ്യവും പതിറ്റാണ്ടുകളുടെ രാഷ്ട്രീയ അനുഭവം സമ്മാനിച്ച കരുത്തും തിരിച്ചറിവുമായാണ് നിതീഷ് കുമാര്‍ രാജ്യത്തിന്റെ രാഷ്ട്രീയ ഭാവി തന്നെ മാറ്റി മറിച്ചേക്കാവുന്ന സഖ്യപരീക്ഷണത്തിന്റെ സേനാപതിയും ഒരിക്കല്‍ കൂടി മുഖ്യമന്ത്രിയുമാകുന്നത്.
ബീഹാറില്‍ ഇത്തവണ നടന്നത് നരേന്ദ്ര മോദിയും നിതീഷ് കുമാറും തമ്മിലുള്ള നേര്‍ക്കു നേര്‍ പോരായിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ മാത്രമായി രൂപപ്പെട്ടു വന്നതല്ല നിതീഷ് കുമാറിന്റെ മോദിവിരുദ്ധത. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി ജനതാദള്‍ (യു) ബി ജെ പിയുടെ സഖ്യ കക്ഷിയായിരുന്നു. അന്ന് ബീഹാറില്‍ പ്രചാരണത്തിന് മോദി വരേണ്ടതില്ലെന്ന് തുറന്നടിച്ചയാളാണ് നിതീഷ്. ഒടുവില്‍ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാണിക്കുന്നതില്‍ പ്രതിഷേധിച്ച് എന്‍ ഡി എ വിട്ടു. അന്നേ തുറന്ന് പ്രഖ്യാപിച്ച മോദി- അമിത് ഷാ വിരുദ്ധ രാഷ്ട്രീയത്തിന്റെ അടിത്തറയിലാണ് നിതീഷ് കുമാര്‍ മഹാസഖ്യം പടുത്തുയര്‍ത്തിയത്. നിതീഷ് കുമാറിന് ബദലായി ഒരു നേതാവിനെ ഉയര്‍ത്തിക്കാട്ടാതെ മോദി തന്നെയാണ് ബി ജെ പിയുടെ പട നയിച്ചത്. അതുകൊണ്ട് തന്നെ ഇത് നിതീഷിന് മുന്നില്‍ മോദിയുടെ തോല്‍വിയായി തന്നെ വിലയിരുത്തപ്പെടും.
ദേശീയ രാഷ്ട്രീയത്തില്‍ തന്നെ ദിശാമാറ്റത്തിന് നാന്ദിയാകാവുന്ന മഹാസഖ്യം പടുത്തുയര്‍ത്താന്‍ നിതീഷ് കുമാര്‍ പ്രയോഗിച്ചത് ബി ജെ പി ഇതര ചേരിയെ ഒന്നിപ്പിക്കുകയെന്നതാണ്. ഇതിനെ വി പി സിംഗ് കോണ്‍ഗ്രസിനെതിരെ നയിച്ച പടയോട്ടവുമായി ഏറെ സാമ്യമുണ്ട്. ആ സാമ്യം ഭാവിയിലേക്ക് കൂടി നീണ്ടേക്കാമെന്നും പ്രധാനമന്ത്രി പദത്തിലേക്കുള്ള ആദ്യ ചുവട് വെപ്പാണ് നിതീഷിന്റെ ഈ പരീക്ഷണ വിജയം എന്നും ചില നിരീക്ഷികര്‍ വിലയിരുത്തുന്നുണ്ട്.
ബി ജെ പി സഖ്യം ഉപേക്ഷിച്ചതിന് പിറകേ നടന്ന കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയക്കത്തിലേക്ക് നിതീഷിന്റെ പാര്‍ട്ടി ചുരുങ്ങിയിരുന്നു. പാര്‍ട്ടിയില്‍ കലാപം രൂക്ഷമായതോടെ മുഖ്യമന്ത്രി സ്ഥാനം അദ്ദേഹത്തിന് ഒഴിയേണ്ടി വന്നു. പാര്‍ട്ടി പിളരുന്നഘട്ടം മുന്നില്‍ കണ്ട നിതീഷ് ദളിത് നേതാവായ ജിതിന്‍ റാം മാഞ്ജിയെ മുഖ്യമന്ത്രിയാക്കി. അതിനിടക്ക് തന്നെ പല നേതാക്കളും ബി ജെ പിയില്‍ എത്തി. മാഞ്ജി ബി ജെ പിയോട് അടുക്കുന്നുവെന്ന് കണ്ട നിതീഷ് അദ്ദേഹത്തെ പുറത്താക്കി മുഖ്യമന്ത്രിപദം തിരിച്ചെടുത്തു.
ഈ ഘട്ടത്തിന് ശേഷമാണ് അദ്ദേഹം ലാലു പ്രസാദ് യാദവുമായി സഖ്യമുണ്ടാക്കുന്നതും കോണ്‍ഗ്രസിനെ കൂടെ കൂട്ടുന്നതും. സീറ്റ് വിഭജനമെന്ന ദുഷ്‌കര ഘട്ടം കടക്കുന്നതില്‍ നിതീഷിന്റെ നയതന്ത്രം നിര്‍ണായകമായി. ലാലുവിനെ കൂട്ടുക വഴി യാദവ വോട്ടുകളും കോണ്‍ഗ്രസിനുള്ള മുസ്‌ലിം സ്വാധീനവും കുര്‍മി സമുദായാംഗമായ തനിക്ക് മേല്‍ ജാതിയിലുള്ള സ്വാധീനവും ചേരുമ്പോള്‍ വിജയം സുനിശ്ചിതമാണെന്ന് നിതീഷ് കണക്ക് കൂട്ടി.
ഈ കണക്കാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായത്. എന്നാല്‍ ഇതിനെല്ലാമുപരി നിതീഷിന്റെ ഒരു ദശകക്കാലത്തെ ഭരണം ബീഹാറില്‍ ഉണ്ടാക്കിയ വികസന കുതിപ്പാണ് മഹാസഖ്യത്തിന്റെ മൂലധനമായത്. അടിസ്ഥാനസൗകര്യ വികസനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ അത്രക്ക് ശക്തമായിരുന്നു. ബീഹാറിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാനും അത് പ്രചാരണ ആയുധമാക്കാനും ആദ്യ ഘട്ടത്തില്‍ നരേന്ദ്ര മോദിയെ പ്രേരിപ്പിച്ചത് നിതീഷിന്റെ പ്രതിച്ഛായയായിരുന്നു.

നിതീഷിന് ദേശീയ മുഖം
ബീഹാറില്‍ മഹാസഖ്യത്തിന്റെ തകര്‍പ്പന്‍ വിജയത്തിന്റെ ശില്‍പ്പി എന്ന നിലയില്‍ ജെ ഡി യു നേതാവ് നിതീഷ് കുമാറിന് ദേശീയ പ്രതിച്ഛായ കൈവരുന്നു. നിതീഷ് ദേശീയ രാഷ്ട്രീയത്തില്‍ ഒരു ഹീറോ ആയി ഉയര്‍ന്നുവന്നിരിക്കുന്നുവെന്ന് ശിവസേനയെപ്പോലുള്ള എന്‍ ഡി എ കക്ഷികള്‍ തന്നെ പറയുന്നുണ്ട്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികളും വിശാല സഖ്യം ഉണ്ടാകുമെന്നും അതിന്റെ നേതൃത്വത്തില്‍ നിതീഷ് കുമാറായിരിക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്. മൂന്ന് തവണ തുടര്‍ച്ചയായി മുഖ്യമന്ത്രിയായ നേതാക്കള്‍ക്കെല്ലാം വരുംവര്‍ഷങ്ങളില്‍ ദേശീയ നേതൃത്വം കൈവന്നിരുന്നുവെന്ന ചരിത്രവും ഈ വാദഗതികള്‍ മുന്നോട്ടുവെക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
വികസന നായകന്‍ എന്ന് പ്രതിച്ഛായ കൂടി നിതീഷിനുള്ളതിനാല്‍ അദ്ദേഹത്തെ ദേശീയ താരമായി ഉയര്‍ത്താന്‍ എളുപ്പമാണെന്നാണ് നിരീക്ഷകരുടെ പക്ഷം. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗന്ധി ബീഹാറിന് പുറത്ത്, പ്രത്യേകിച്ച് ഡല്‍ഹിയില്‍ നടക്കുന്ന പൊതു ചടങ്ങുകളില്‍ നിതീഷിനെ നിരന്തം പുകഴ്ത്തുന്നത് ഇക്കാര്യങ്ങള്‍ മനസ്സില്‍ വെച്ചാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ദേശീയ സ്വപ്‌നങ്ങള്‍ തനിക്കുണ്ടെന്ന് നിതീഷ് തന്നെ ഇന്നലെ ഫലം പുറത്തുവന്ന ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇപ്പോഴത്തെ വിജയം ബീഹാറില്‍ ഒതുങ്ങുന്ന ഒന്നല്ലെന്നും ശക്തമായ ഒരു ദേശീയ ബദലിന് രാജ്യത്തെ ജനങ്ങള്‍ ഒന്നാകെ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു നിതീഷിന്റെ പ്രതികരണം. എന്നാല്‍, ബീഹാറിലെ ജാതീയമായ യാഥാര്‍ഥ്യങ്ങളില്‍ നിന്ന് സംഭവിച്ച വിജയം മുന്‍നിര്‍ത്തി അത് വി പി സിംഗിന്റെ കാലത്തുണ്ടായത് പോലുള്ള ദേശീയ ബദല്‍ ഉണ്ടാകുമെന്ന് പറയാനാകില്ലെന്ന് വാദിക്കുന്നവരുമുണ്ട്.

---- facebook comment plugin here -----

Latest